സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന സാമ്പത്തിക ഉയർച്ച താഴ്ചകൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കും.
സാമ്പത്തിക സ്ഥിരത കൈവരിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, പണം സമ്പാദിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പണത്തിന്റെ ശരിയായ ഉപയോഗവും.നിങ്ങളുടെ പണം മിച്ചം പിടിക്കാനും അത് നിക്ഷേപിക്കാനും സാമ്പത്തികമായി വളരാനും നിങ്ങളെ സഹായിച്ചേക്കാവുന്ന ചില ടിപ്പുകൾ ഇതാ..
പ്രതിമാസ ബജറ്റിൽ ഉറച്ചുനിൽക്കുക
നിങ്ങളുടെ ചെലവുകൾക്കായി ഒരു പ്രതിമാസ ബജറ്റ് സജ്ജമാക്കിയില്ലെങ്കിൽ നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ബജറ്റ് തയ്യാറാക്കി അതിൽ ഉറച്ചുനിൽക്കുക. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഓരോ മാസത്തിൽ വരുന്ന ചെലവുകൾക്ക് വേണ്ട പണം കണക്കാക്കാനും മിച്ചമുള്ള പണം മികച്ച രീതിയിൽ ഉപയോഗിക്കാനും കഴിയും.
സമ്പാദ്യം
വരുമാനം 'വളരെ കുറവായതിനാൽ' പണം ലാഭിക്കാനോ മിച്ചം വെക്കാനോ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. അതിനാൽ മാസത്തിന്റെ തുടക്കത്തിൽ തന്നെ ചെറുതാണെങ്കിലും ഒരു തുക സമ്പാദ്യത്തിലേയ്ക്ക് വേർതിരിക്കുക. അത് നിങ്ങളുടെ പ്രതിമാസ ചെലവുകൾക്ക് തടസ്സമാകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരു തുകയായിരിക്കണം. അടിയന്തര ഘട്ടത്തിൽ നിങ്ങൾക്ക് ഈ തുകയിൽ നിന്ന് കടമെടുക്കാം. എന്നാൽ മാസാവസാനം ഇതിൽ തൊടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ കൈയിൽ ഒരു സേവിംഗ് തുകയുണ്ട് എന്നതിൽ നിങ്ങൾക്ക് ആശ്വസിക്കാം.
ഇതിനർത്ഥം നിങ്ങൾ നിങ്ങളുടെ വിനോദാവശ്യങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല. മറിച്ച് സാമ്പത്തികമായി ഒരു ജാഗ്രത പുലർത്തുന്നത് അടിയന്തര ഘട്ടങ്ങളിൽ സഹായകമാകും
ക്രെഡിറ്റ് ഒഴിവാക്കുക
ക്രെഡിറ്റ് വളരെ എളുപ്പത്തിൽ ലഭ്യമായതിനാൽ തന്നെ നമ്മൾ പലപ്പോഴും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുകയും ഈ ഒരു ബാധ്യതയിൽ കുടുങ്ങിപ്പോകുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെയും അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയെയും തടസ്സപ്പെടുത്തുന്നു. അതിനാൽ, വളരെ ആവശ്യമുള്ളപ്പോൾ മാത്രം ലോൺ/ക്രെഡിറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
നിക്ഷേപം നടത്താം
ധാരാളം ആളുകൾ നിക്ഷേപത്തെ വെറും ഷെയർ മാർക്കറ്റ് ട്രേഡിംഗുമായി ബന്ധപ്പെടുത്തുന്നുണ്ട്. എന്നാൽ അത് ശരിയല്ല. വലിയ അപകടസാധ്യതകളില്ലാതെ നല്ല വരുമാനം നൽകുന്ന മറ്റ് നിക്ഷേപ ഓപ്ഷനുകൾ ഒരുപാട് ഉണ്ട്. നിങ്ങൾക്ക് നല്ല വരുമാനം നൽകുന്ന ഒരു യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അല്ലെങ്കിൽ ULIP തിരഞ്ഞെടുക്കാം. ഇക്വിറ്റിയിൽ ട്രേഡ് ചെയ്യുന്നതിനുപകരം, വിശ്വസനീയമായ മ്യൂച്വൽ ഫണ്ട് പ്ലാനുകളിൽ നിങ്ങളുടെ പണം നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. കൂടാതെ സർക്കാർ പിന്തുണയുള്ള നിരവധി പദ്ധതികൾ വേറെയും ഉണ്ട്. എന്നാൽ നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിനെ കുറിച്ച് നന്നായി മനസിലാക്കുക എന്നതാണ്.
നികുതിയെക്കുറിച്ച് അറിയുക
ആദായനികുതി അടയ്ക്കുന്നതും നികുതി നയങ്ങൾ മനസ്സിലാക്കുന്നതും സാമ്പത്തിക മാനേജ്മെന്റിന്റെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. നികുതി അടയ്ക്കുന്നതിനുള്ള പ്രതിഫലമെന്ന നിലയിൽ, നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന നിരവധി നികുതി ആനുകൂല്യങ്ങളുണ്ട്. ഇത്തരത്തിൽ ഓരോ പോളിസികൾ മനസിലാക്കുന്നതിനും നിക്ഷേപ ഓപ്ഷനുകളെക്കുറിച്ച് നിങ്ങളെ ഉപദേശിക്കുന്നതിനും ഒരു നികുതി ഉപദേഷ്ടാവിന്റെ സഹായം തേടുന്നത് നല്ലതാണ്. നല്ല വരുമാനം കൂടാതെ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന നിക്ഷേപ ഓപ്ഷനുകൾ പരമാവധി തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.