Gold Price Today: ആശ്വാസം! സ്വർണവില റെക്കോഡിൽ നിന്ന് താഴേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞ് 8025 രൂപയായി. 280 രൂപ ഇന്നലെ വര്‍ധിച്ചതോടെയാണ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്.
ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി പവന്‍ വില അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.
advertisement
യു എസ് പ്രസിഡന്റിന്റെ താരിഫ് നയം ലോകം വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഈ ആശങ്കകള്‍ കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് മാറിയത് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലയെ കാര്യമായി സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 21, 2025 10:58 AM IST