ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
"ഈ തീരുമാനം എടുക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു", ഇമെയിലിൽ സുന്ദർ പിച്ചൈ പറഞ്ഞു.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റ് ലോകമെമ്പാടുമുള്ള 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഈ പിരിച്ചുവിടൽ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ വെള്ളിയാഴ്ച ജീവനക്കാർക്കയച്ച ഒരു ഇമെയിലിൽ പറഞ്ഞു. “ഈ തീരുമാനം എടുക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു”, ഇമെയിലിൽ സുന്ദർ പിച്ചൈ പറഞ്ഞു.
റിക്രൂട്ടിംഗ് വിഭാഗം, കോർപ്പറേറ്റ് ഫംഗ്‌ഷനുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം, ഉല്പാദന വിഭാഗം എന്നിവയുൾപ്പെടെ കമ്പനിയിലുടനീളമുള്ള എല്ലാ മേഖലയിലും പിരിച്ചു വിടലിന്റെ ആഘാതം ഉണ്ടാകും. ഈ പിരിച്ചുവിടലുകൾ ആഗോള തലത്തിൽ നടപ്പിലാക്കുമെന്നും യുഎസിലെ ജീവനക്കാരെയും ഇത് സാരമായി ബാധിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. അടുത്തിടെ ആമസോൺ 18,000 ഉം മൈക്രോസോഫ്റ്റ് 10,000 ഉം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
ഒരു പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വർഷാവസാന ബോണസിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് ഗൂഗിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. “യോഗ്യതയുള്ള ജീവനക്കാർക്ക് 80 ശതമാനം മുൻകൂർ ബോണസ് നൽകും, ബാക്കിയുള്ളത് പിന്നീടുള്ള മാസങ്ങളിൽ വിതരണം ചെയ്യും,” ഒരു വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഈ നീക്കം കഴിഞ്ഞ വർഷം ജീവനക്കാരെ അറിയിച്ചിരുന്നു.
advertisement
ലോകവ്യപകമായി വൻകിടകമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ലോകത്താകെ തൊഴിലില്ലായ്മ നിരക്കും വർദ്ധിച്ചു വരികയാണ്. സ്വകാര്യസ്ഥാപനങ്ങളിൽ യാതൊരു തൊഴിൽ സുരക്ഷയും ഇല്ലാത്തത് വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരുകൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം.
ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 18,000-ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സമ്പത്ത് വ്യവസ്ഥ അനിശ്ചിതമായതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ വ്യക്തമാക്കി. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.
advertisement
ചില പിരിച്ചുവിടലുകൾ യൂറോപ്പിലായിരിക്കുമെന്നും ജനുവരി 18 മുതൽ തൊഴിലാളികളെ വിവരം അറിയിക്കുമെന്നും ജാസി പറഞ്ഞു. “ഞങ്ങളുടെ ടീമംഗങ്ങളിൽ ഒരാൾ ഈ വിവരം ബാഹ്യമായി ചോർത്തിയതിനാലാണ്” പെട്ടെന്നുള്ള പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020-നും 2022-നുമിടയിൽ, കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ ഡെലിവറികൾക്കായുള്ള ഡിമാൻഡ് വർദ്ധിക്കുകയും സ്റ്റാഫിനെ ഇരട്ടിയാക്കുകയും ചെയ്തു. സെപ്തംബർ അവസാനത്തോടെ ഗ്രൂപ്പിന് ലോകമെമ്പാടും 1.54 ദശലക്ഷം ജീവനക്കാരുണ്ടായിരുന്നു. എന്നാൽ ഇന്ന് സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ ഇടിവാണ് ഇപ്പോൾ കൂട്ടപ്പിരിച്ചു വിടലിലേക്ക് നയിച്ചത്. ആഗോളതലത്തിൽ ഐടി മേഖലയിലെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി മെറ്റയും ട്വിറ്ററും ജീവനക്കാരെ ഇത്തരത്തിൽ പിരിച്ചുവിട്ടിരുന്നു.
advertisement
മെറ്റാ ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറയ്ക്കാനും 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചതായി സക്കർബർഗ് അറിയിച്ചിരുന്നു. ട്വിറ്ററും തങ്ങളുടെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 21, 2023 6:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്