അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാട് നടത്താം; യുപിഐ ക്രെഡിറ്റ് ലൈന്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അറിയണം
- Published by:meera_57
- news18-malayalam
Last Updated:
ബാങ്ക് അംഗീകൃതവും കൂടുതല്‍ വിശ്വസനീയവും സുതാര്യവുമായ സംവിധാനമാണ് യുപിഐ ക്രെഡിറ്റ് ലൈന്‍
യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഇന്ന് ഇന്ത്യയില്‍ സജീവമായി നടക്കുന്ന ഒന്നാണ്. പെട്ടിക്കട മുതല്‍ വലിയ ഷോപ്പിങ് സെന്ററുകളില്‍ വരെ യുപിഐ പണമിടപാട് സംവിധാനമുണ്ട്. ഒരു സ്മാര്‍ട്ട്‌ഫോണും ബാങ്ക് അക്കൗണ്ടില്‍ പണവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടെയിരുന്നും പണമിടപാട് നടത്താം. പണം എപ്പോഴും കൈയ്യില്‍ കൊണ്ടുനടക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാല്‍ സ്മാര്‍ട്ട്‌ഫോണുമുണ്ട് യുപിഐ സംവിധാനമുണ്ട്, പക്ഷേ അക്കൗണ്ടില്‍ കാശില്ലാത്ത അവസ്ഥയാണെങ്കിലോ...? ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങൾക്ക് സഹായമാകാന്‍ ഒരു പടി കൂടി കടന്ന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐ ക്രെഡിറ്റ് ലൈന്‍ എന്നാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്.
എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?
നിങ്ങള്‍ ഒരു കടയില്‍ നിന്ന് സാധനം വാങ്ങി ബില്ല് പേ ചെയ്യാന്‍ നില്‍ക്കുകയാണെന്ന് സങ്കല്‍പിക്കുക. സ്വാഭാവികമായും ഇപ്പോള്‍ മിക്കവരും ബില്ല് പേ ചെയ്യുന്നത് യുപിഐ വഴിയായിരിക്കും. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കിലോ. ഈ സാഹചര്യത്തിലാണ് യുപിഐ ക്രെഡിറ്റ് ലൈന്‍ നിങ്ങള്‍ക്ക് സഹായകമാകുന്നത്.
advertisement
അക്കൗണ്ടില്‍ പണമില്ലാത്ത ഏത് അടിയന്തിര ഘട്ടങ്ങളിലും ഉപഭോക്താക്കളെ വായ്പയെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ ആണ് യുപിഐ ക്രെഡിറ്റ് ലൈന്‍. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പണമിടപാട് ആപ്ലിക്കേഷനുകളിലൂടെയാണ് ഇത് ഉപയോഗപ്പെടുത്താനാകുക. ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്നതുപോലെ എളുപ്പത്തില്‍ വായ്പയെടുക്കാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ആര്‍ബിഐ അവതരിപ്പിച്ച ഈ സേവനം ക്രെഡിറ്റ് കാര്‍ഡോ വ്യക്തിഗത വായ്പാ മാനദണ്ഡങ്ങളോ ഇല്ലാതെ വായ്പ ലഭിക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നു.
യുപിഐ ക്രെഡിറ്റ് ലൈന്‍ എങ്ങനെ ഉപയോഗിക്കാം?
നിങ്ങളുടെ ബാങ്ക് മുന്‍കൂട്ടി അനുവദിക്കുന്ന പ്രീഅപ്രൂവ്ഡ് വായ്പയാണ് യുപിഐ ക്രെഡിറ്റ് ലൈന്‍. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ വായ്പയും ഒരുമിച്ച് ലഭിക്കുകയല്ല. പകരം ആവശ്യമുള്ളപ്പോള്‍ യുപിഐ വഴി പണം കുറച്ച് കുറച്ചായി നിങ്ങള്‍ക്ക് ഉപയോഗിക്കാം.
advertisement
ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, യുപിഐ ഐഡി നല്‍കിയോ നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും ബില്ല് അടയ്ക്കാനും യുപിഐ ക്രെഡിറ്റ് ലൈന്‍ ഉപയോഗപ്പെടുത്താം. തുടര്‍ന്ന് നിബന്ധനകള്‍ അനുസരിച്ച് വായ്പാ തുക പിന്നീട് തിരിച്ചടയ്ക്കാനാകും.
ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെയാണ് യുപിഐ ക്രെഡിറ്റ് ലൈനിന്റെയും പ്രവര്‍ത്തനം. നിങ്ങള്‍ നിങ്ങളുടെ കൈവശമുള്ള പണമല്ല ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ ഫിസിക്കല്‍ കാര്‍ഡ് ഇതിന് ആവശ്യമില്ല. മാത്രമല്ല ചെലവും കുറവാണ്. നിങ്ങള്‍ ഇതിനോടകം ഉപയോഗിക്കുന്ന യുപിഐ ഐഡിയുമായി ബന്ധിപ്പിച്ച് ഈ സേവനം ഉപയോഗിക്കാനാകും.
advertisement
ഫിന്‍ടെക് കമ്പനികള്‍ സാധാരണയായി വാഗ്ദാനം ചെയ്യുന്ന 'ബൈ നൗ പേ ലേറ്റര്‍' (ബിഎന്‍പിഎല്‍) സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ സൗകര്യമാണ് യുപിഐ ക്രെഡിറ്റ് ലൈന്‍. ബാങ്ക് അംഗീകൃതവും കൂടുതല്‍ വിശ്വസനീയവും സുതാര്യവുമായ സംവിധാനമാണ് യുപിഐ ക്രെഡിറ്റ് ലൈന്‍. യുപിഐ ആപ്പുകളിലെല്ലാം ഇത് ഉപയോഗപ്പെടുത്താനാകുമെന്നാണ് ഏറ്റവും വലിയ സവിശേഷത.
ആര്‍ക്കൊക്കെ ഉപയോഗിക്കാം?
നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ അവരുടെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം നല്‍കുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെട്ടതായിരിക്കണം. ബാങ്കുമായുള്ള ഇടപാടുകാരന്റെ ബന്ധവും ഇതില്‍ പ്രധാനമാണ്. നിങ്ങളുടെ ബാങ്കിന്റെ ആപ്പിലോ യുപിഐ ആപ്പിലോ ഇതുസംബന്ധിച്ച ഓഫറുകള്‍ പരിശോധിക്കാം.
advertisement
നിങ്ങള്‍ യുപിഐ ക്രെഡിറ്റ് ലൈന്‍ സേവനം ഉപയോഗിക്കാന്‍ യോഗ്യരാണെങ്കില്‍ ഒരു ഡിജിറ്റല്‍ ഫോം പൂരിപ്പിച്ച് തിരിച്ചടവ് നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ നടപടി പൂര്‍ത്തിയാകുന്നതോടെ നിങ്ങളുടെ യുപിഐ ആപ്പില്‍ ബാങ്ക് അക്കൗണ്ട് പോലെ ക്രെഡിറ്റ് ലൈന്‍ കാണാനാകും.
പലിശ നിരക്കും തിരിച്ചടവും
ബാങ്കുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ ഈടാക്കു. അതായത് നിങ്ങള്‍ക്ക് അനുവദിച്ച മുഴുവന്‍ വായ്പയ്ക്കും പലിശ ഈടാക്കില്ല. പലിശയും തിരിച്ചടവ് കാലാവധിയും ബാങ്കിനെയും നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലും അനുസരിച്ചായിരിക്കും. ചില ബാങ്കുകള്‍ ഹ്രസ്വകാലത്തേക്ക് ഇഎംഐകളോ, പലിശരഹിത ദിവസങ്ങളോ വാഗ്ദാനം ചെയ്‌തേക്കും.
advertisement
ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതുപോലുള്ള ക്യാഷ്ബാക്ക് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളുമൊന്നും യുപിഐ ക്രെഡിറ്റ് ലൈനില്‍ ലഭിക്കില്ല. എന്നാല്‍ പ്രക്രിയ വേഗതയേറിയതും ചെലവുകുറഞ്ഞതുമായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ക്കും ചെറുനഗരങ്ങളിലുള്ളവര്‍ക്കും വായ്പ എളുപ്പത്തില്‍ ലഭ്യമാകാന്‍ ഈ സംവിധാനം സഹായിക്കും.
വ്യാപാരികളെ സംബന്ധിച്ച് കൂടുതല്‍ വില്പന നടത്താനും ഈ പദ്ധതി സഹായകമാകും. ഉപഭോക്താക്കള്‍ക്ക് പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സംവിധാനം വ്യാപാരികളെ വില്പന കൂട്ടാന്‍ സഹായിക്കും. ബാങ്കുകളെ സംബന്ധിച്ച് വായ്പാഗുണഭോക്താക്കളുടെ പുതിയൊരു അടിത്തറയാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ ഡിജിറ്റല്‍ വായ്പാ ഗുണഭോക്താക്കളെ നേടാന്‍ ഇത് ബാങ്കുകള്‍ക്ക് അവസരമൊരുക്കുന്നു.
advertisement
ഇന്ത്യയെ സംബന്ധിച്ച് നോട്ട് രഹിതവും വായ്പാ സൗഹൃദപരവുമായ ഭാവിയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാകും യുപിഐ ക്രെഡിറ്റ് ലൈന്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 10, 2025 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാട് നടത്താം; യുപിഐ ക്രെഡിറ്റ് ലൈന്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അറിയണം