ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി
- Published by:Rajesh V
- news18-malayalam
Last Updated:
4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൺ) ജിഡിപി മൂല്യവുമായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്
ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൺ) ജിഡിപി മൂല്യവുമായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
മുന്നേറ്റത്തിന്റെ നാൾവഴികൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടായ വളർച്ച അമ്പരപ്പിക്കുന്നതാണ്.
- 2015: 2.1 ലക്ഷം കോടി ഡോളർ.
- 2019: 2.8 ലക്ഷം കോടി ഡോളർ.
- 2020: കോവിഡിനെ തുടർന്ന് 2.6 ലക്ഷം കോടിയായി ഇടിഞ്ഞു.
- 2021: 3.1 ലക്ഷം കോടി ഡോളറിലേക്ക് തിരിച്ചു കയറി.
- 2024: 3.9 ലക്ഷം കോടി ഡോളറിലെത്തി.
- നിലവിൽ: 4 ലക്ഷം കോടി ഡോളർ കടന്ന് 4.18 ട്രില്യണിൽ.
ഭാവി പ്രതീക്ഷകൾ
കേന്ദ്ര റിപ്പോർട്ട് പ്രകാരം അടുത്ത രണ്ടര-മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമനിയെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തും. 2028-ഓടെ രാജ്യം 5 ലക്ഷം കോടി ഡോളർ (5 Trillion Economy) എന്ന സ്വപ്ന സംഖ്യ തൊടുമെന്നാണ് കണക്കുകൂട്ടൽ. 2030-ഓടെ ഇന്ത്യയുടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറിലെത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
advertisement
ആഗോള ക്രമം ഇങ്ങനെ
നിലവിൽ 30 ട്രില്യൺ ഡോളർ മൂല്യമുള്ള അമേരിക്കയാണ് ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തി. 19.23 ട്രില്യണുമായി ചൈന രണ്ടാമതും ജർമനി മൂന്നാമതുമാണ്. 2022-ൽ ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിടുന്ന ഔദ്യോഗിക റിപ്പോർട്ടോടെ മാത്രമേ നാലാം സ്ഥാനത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ അവകാശവാദത്തിന് ആഗോള സ്ഥിരീകരണം ലഭിക്കൂ.
വളർച്ചയുടെ ചാലകശക്തികൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50% ഇറക്കുമതി തീരുവ പോലുള്ള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ഈ നേട്ടം കൊയ്തു എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:
advertisement
- ജിഎസ്ടി 2.0 ഇളവുകൾ: നികുതി പരിഷ്കാരങ്ങൾ വ്യാപാര മേഖലയ്ക്ക് ഉണർവേകി.
- ക്രൂഡ് ഓയിൽ വില: എണ്ണവിലയിലുണ്ടായ കുറവ് ഉത്പാദന ചെലവ് കുറച്ചു.
- മൂലധന നിക്ഷേപം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിസ്ഥാന സൗകര്യ വികസനത്തിന് വൻതോതിൽ തുക വകയിരുത്തി.
- സാമ്പത്തിക നിയന്ത്രണം: കുറഞ്ഞ പണപ്പെരുപ്പവും പലിശ നിരക്കിലെ കുറവും വിപണിയിൽ പണമൊഴുക്ക് കൂട്ടി.
നടപ്പ് സാമ്പത്തിക വർഷം (2025-26) രണ്ടാം പാദത്തിൽ 8.2% വളർച്ച രേഖപ്പെടുത്തിയ ഇന്ത്യ, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇപ്പോഴും നിലനിർത്തുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Dec 30, 2025 8:18 PM IST










