തിരുവനന്തപുരം: തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം തുടങ്ങി. കോവിഡ് പോരാളികൾക്ക് ആദർമർപ്പിച്ചുള്ള സ്കൂൾ കുട്ടികളുടെ കവിത ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലേക്ക് കടന്നത്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ഐസക്, ആരോഗ്യ വകുപ്പിനെ അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിൽ 4000 തസ്തികകൾ സൃഷ്ടിക്കും. ക്ഷേമപെൻഷൻ 1600 രൂപയായി ഉയർത്തി.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണിത്. തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും.
സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. സൗജന്യ കിറ്റുകളുടെ വിതരണം തുടരും.
സംസ്ഥാനത്തിന്റെ കടം ഭീകരമെന്നത് അർഥമില്ലാത്ത വാചകമടി മാത്രമാണെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞു. അടുത്ത വർഷം സാമ്പത്തിക സ്ഥിതി മെച്ചപെടും. കടത്തെ പേടിക്കേണ്ട. വായ്പയെടുത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ജനങ്ങൾ പട്ടിണിയിൽ ആകും. ചിട്ടകൾക്ക് ഉള്ളിൽ നിന്നാകും കാര്യങ്ങൾ ചെയ്യുക. ഇടതുപക്ഷത്തിന്റെ കേരള ബദലിന്റെ പുതിയ തലമാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.