കേരളത്തിൽ പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നതപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. തുടര്‍ന്ന് വായിക്കാം
സാധാരണക്കാരുടെ ഗതാഗത സംവിധാനമായ ഓട്ടോറിക്ഷകളെ സംരക്ഷിക്കുന്നതിനും ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമത്തിനും ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് പ്രധാനമായും സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. തുടർന്ന് വായിക്കാം
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം സംസ്ഥാന ബജറ്റിൽ വകയിരുത്തി. പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടിയാണെന്നും തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്നും സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്നും കെ എൻ ബാലഗോപാൽ.
റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. 15 കോടി പദ്ധതിക്ക് വകയിരുത്തി.
മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും പദ്ധതിയിലുണ്ടാകുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ്.
തിരുവനന്തപുരത്ത് വി എസ് സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഫെബ്രുവരി മൂന്നാം വാരത്തോടെ മുണ്ടക്കൈ പുനരധിവാസത്തിലെ ആദ്യ ബാച്ച് വീടുകൾ കൈമാറുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു.
ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം. അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപയും ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയും വർധിപ്പിച്ചു
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര അവഗണനനയുടെ വാർത്ത വരുമ്പോൾ ആഘോഷിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഒരു സംസ്ഥാനത്തിന് വേണ്ടത് നേടിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കും. പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ പോലും ഇവിടെ ആ ഐക്യം ഉണ്ടായില്ലെന്നും ധനമന്ത്രി.
30 നും അറുപതിനും ഇടയിലുള്ള സ്ത്രീകൾക്ക് സ്ത്രീ സുരക്ഷ പെൻഷൻ നൽകുന്നതിനായി 3820 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2026-27ൽ ക്ഷേമ പെൻഷൻ നൽകാനായി 14500 കോടിയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 1,27,247 കോടി രൂപ അധിക വരുമാനം ഉണ്ടാക്കി. നികുതിയേതര വരുമാനം വർധിച്ചുവെന്നും ധനമന്ത്രി



