കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി 380 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി. കഴിയാവുന്ന എല്ലാ മാർഗങ്ങളും പരീക്ഷിച്ച ശേഷമെടുത്ത വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണിതെന്ന് കമ്പനി സിഇഒ ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു. അടുത്തിടെ, മൈക്രോസോഫ്റ്റ്, ആമസോൺ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഗോമെക്കാനിക് , ഗൂഗിൾ ആൽഫബെറ്റ് എന്നീ കമ്പനികളും പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു.
പിരിച്ചുവിട്ട ജീവനക്കാർക്കായി അവരുടെ ജോലി ചെയ്ത കാലാവധിയും ഗ്രേഡും അടിസ്ഥാനമാക്കിയുള്ള സെറ്റിൽമെന്റും സ്വിഗി പ്രഖ്യാപിച്ചിട്ടുണ്ട്. ”ജോലി നഷ്ട്ടപ്പെടുന്ന എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 3 മാസത്തെ ശമ്പളം കിട്ടുമെന്ന് ഉറപ്പാക്കും. ഇതിൽ ഇൻസെന്റീവ് തുകയുടെ 100 ശതമാനവും ഉൾപെടും. ബോണസ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല ” സ്വിഗ്ഗി സിഇഒ പറഞ്ഞു.
എല്ലാവർഷവും കമ്പനിയുടെ ഇക്വിറ്റി ഓഹരിയുടെ ഒരു ഭാഗം കിട്ടിയിരുന്നത് പൂർണമായും നിർത്തലാക്കി. 2023 മെയ് 31 വരെ ജീവനക്കാർക്കും നോമിനേറ്റഡ് കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ തുടർന്നും നൽകും. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികൾക്ക് സ്വിഗി അതിന്റെ ഔട്ട്‌പ്ലേസ്‌മെന്റ് സെൽ വഴി അടുത്ത മൂന്ന് മാസത്തേക്ക് കരിയർ ട്രാൻസിഷന് ആവശ്യമായ സഹായം നൽകുമെന്നും സിഇഒ പറഞ്ഞു.
Also read-ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
സ്വിഗ്ഗി സിഇഒ ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച കത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:
ഹലോ ടീം,
ഇന്ന് നേരത്തെ എല്ലാവരും യോഗത്തിൽ എത്തിച്ചേർന്നതിൽ നന്ദി രേഖപെടുത്തിക്കൊള്ളട്ടെ. യോഗത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ഒരു പുനഃസംഘടനയുടെ ഭാഗമായി ഞങ്ങളുടെ ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞങ്ങൾ നടപ്പിലാക്കുന്നത്. കഴിവുള്ള 380 ജീവനക്കാരാണ് നമ്മളോട് വിടപറയുന്നത്. ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം എടുത്ത വളരെ ബുദ്ധിമുട്ടും വിഷമവുമുള്ള തീരുമാനമാണിത്, ഇതിലൂടെ കടന്നുപോകേണ്ടി വന്നതിൽ ഞാൻ നിങ്ങളോട് അങ്ങേയറ്റം ഖേദിക്കുന്നു.
എന്തുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്?
കമ്പനി പുതിയ രീതിയിൽ ക്രമീകരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം. 2021-ൽ കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ ഡിമാൻഡിലുണ്ടായ കുതിച്ചുചാട്ടം മൂലം, കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസ്സ് വളരെ ശക്തമായി വളർന്നു. ഭാവിയെക്കുറിച്ചുള്ള കൃത്യമായ ആസൂത്രണത്തോടെ മാർക്കറ്റിന്റെ വരാനിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങളുടെ ടീമുകളെ തയ്യാറാക്കി നിർത്താൻ ഞങ്ങൾ നിക്ഷേപം വർധിപ്പിച്ചു. എന്നിരുന്നാലും, 2022 ൽ രണ്ട് കാര്യങ്ങൾ വിപരീതമായ രീതിയിലാണ് സംഭവിച്ചത്. അത്യന്തം വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളെത്തുടർന്ന് ലോകമെമ്പാടുമുള്ള കമ്പനികൾ (പൊതുമേഖലയും സ്വകാര്യ മേഖലയും) പുതിയ മാർഗങ്ങൾ സ്വീകരിക്കുകയാണ്. ഞങ്ങളും അതേ വഴിയേ ആണ് സഞ്ചരിക്കുന്നത്.
ആഗോളതലത്തിൽ നിരവധി കമ്പനികൾ സമാന സാഹചര്യം നേരിടുകയാണ്. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മൊത്തത്തിലുള്ള ചെലവുകൾ പുനഃപരിശോധിക്കേണ്ടതുണ്ട്. ഇൻഫ്രാസ്ട്രക്ചർ, ഓഫീസ്, മറ്റ് സൗകര്യങ്ങൾ മുതലായ മേഖലകളിലെ ചെലവുകൾ കുറയ്ക്കാൻ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആധിക്യം ഞങ്ങൾക്കുണ്ടായ ഒരു വീഴ്‌ചയാണ്. അക്കാര്യത്തിൽ കുറച്ചുകൂടി നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കണമായിരുന്നു. ഞങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ട ഒട്ടേറെ മേഖലകളുണ്ട്. കുറഞ്ഞ അംഗബലം ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്ന അടിസ്ഥാന കാര്യം പിന്തുടരുന്നതിൽ ഞങ്ങൾക്ക് വീഴ്ചയുണ്ടായി. ഇത് വീണ്ടും ഉണ്ടാകാതിരിക്കാൻ ഒരു പുനക്രമീകരണം നടപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്.
പുതിയ വളർച്ച പദ്ധതി എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ ഞങ്ങൾ പൂർണ്ണമായി പ്രതിജ്ഞാബദ്ധരായി തുടരുമ്പോൾ തന്നെ ഞങ്ങളുടെ നിലവിലുള്ള ചില പുതിയ പദ്ധതികളിലും ഞങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത് വളരെ വേഗം പ്രാബല്യത്തിൽ വരും. ഞങ്ങൾ ഞങ്ങളുടെ ഇറച്ചി മാർക്കറ്റ് അടച്ചുപൂട്ടും. അതേസമയം ഇൻസ്ടാമാർട്ട് വഴി ഇറച്ചി ഡെലിവറി ചെയ്യുന്നത് തുടരും. മറ്റെല്ലാ പുതിയ പദ്ധതികളിലും ഞങ്ങൾ നിക്ഷേപം തുടരും.
ഈ പിരിച്ച് വിടൽ പ്രക്രിയ എങ്ങനെ കൈകാര്യം ചെയ്യും?
ജീവനക്കാരോട് അങ്ങേയറ്റം കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുന്നതിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ കഠിനമായ പ്രക്രിയയിലും ഇത് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ന് മുതൽ പിരിച്ചുവിടൽ ബാധിക്കുന്ന ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉള്ള സംഭാഷണങ്ങളിലൂടെ ഈ പ്രക്രിയ സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ അറിയിക്കും. സമഗ്രമായ ഒരു എംപ്ലോയീസ് അസിസ്റ്റൻസ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇത് ജീവനക്കാരെ അവരുടെ സാമ്പത്തികവും ശാരീരികവുമായ ക്ഷേമത്തിൽ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കായുള്ള സഹായ പദ്ധതിയുടെ വിശദാംശങ്ങൾ
പിരിച്ചുവിടൽ ബാധിക്കാത്തവർക്കായി:
നിങ്ങൾക്കെല്ലാവർക്കും പുതിയ തീരുമാനം ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാം. ചില സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും നിങ്ങൾ വിടപറയും, അത് എളുപ്പമല്ല. ഞങ്ങൾ ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. ഈ തീരുമാനം ദൗർഭാഗ്യകരമാണെങ്കിലും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാരോട് ഞങ്ങൾക്ക് അത്യന്തം ബഹുമാനവും കരുതലുമുണ്ട്. ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കും. മുന്നോട്ടുള്ള വഴിയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും ധാരാളം ചോദ്യങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ഇവ ചർച്ച ചെയ്യുന്നതിനായി ഞങ്ങൾ ഉടൻ തന്നെ അവരുമായി സംസാരിക്കും. പുരോഗതിയുടെ പാതയിൽ നാം ഇനിയും മുന്നേറേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.