കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ ഫലം പ്രഖ്യാപിച്ചെങ്കിലും ഭാഗ്യശാലി ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഒന്നാം സമ്മാനമായ 16 കോടി രൂപ ലഭിച്ചത് XD 236433 എന്ന നമ്പരിനാണ്. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ഫല പ്രഖ്യാപനത്തിന് പിന്നാലെ ഭാഗ്യം തുണയ്ക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചും തിരുവോണം ബംപർ വിജയി അനൂപിന്റെ അവസ്ഥകൾ ചൂണ്ടിക്കാട്ടിയും നിരവധി പേരാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷത്തെ തിരുവോണം ബംപറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു.
അപ്രതീക്ഷിത സൗഭാഗ്യത്തിൽ അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും പിന്നാലെ മനസ്സമധാനം കൂടിയായിരുന്നു നഷ്ടപ്പെടുത്തിയത്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം അനൂപ് പൊറുതിമുട്ടിയിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അനൂപ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
പിന്നാലെ നറുക്കെടുത്ത പൂജ ബംപർ വിജയി ഇതുവരെയും രംഗത്തെത്തിയിട്ടുമില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. അതിനാൽ ക്രിസ്മസ്- ന്യൂഇയർ ബംപർ ഭാഗ്യശാലിയും വരാതിരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.
കേരള ലോട്ടറി ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് ബമ്പർ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.