ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനെതിരേ സെബിയുടെ നടപടി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം
- Published by:ASHLI
- news18-malayalam
Last Updated:
രജിസ്റ്റര്‍ ചെയ്ത അഡ്‌വൈസര്‍ അല്ലാത്തപക്ഷം, വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട നേരിട്ടോ അല്ലാതെയോ ഉള്ള ഉപദേശങ്ങളോ ശുപാര്‍ശകളോ നല്‍കാന്‍ കഴിയില്ലെന്നും സെബി
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണിയെ സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്‌ളുവന്‍സര്‍മാരെ(ഫിനാൻഷ്യൽ ഇൻഫ്ളൂവൻസർമാർ) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. ഏറ്റവും പുതിയ ഓഹരി വില വിവരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന കരട് സര്‍ക്കുലര്‍ സെബി പുറപ്പെടുവിച്ചു.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വ്യക്തികള്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഓഹരി വിപണി വില വിവരങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സെക്യൂരിറ്റി-പേരോ കോഡോ ഉപയോഗിച്ച്- വിവരങ്ങൾ പങ്കുവയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമെ മാര്‍ക്കറ്റ് പ്രവചനങ്ങള്‍ നടത്തുകയോ ഉപദേശങ്ങള്‍ നല്‍കുകയോ സെക്യൂരിറ്റികള്‍ ശുപാര്‍ശ നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
രജിസ്റ്റര്‍ ചെയ്ത അഡ്‌വൈസര്‍ അല്ലാത്തപക്ഷം, വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട നേരിട്ടോ അല്ലാതെയോ ഉള്ള ഉപദേശങ്ങളോ ശുപാര്‍ശകളോ നല്‍കാന്‍ കഴിയില്ലെന്നും സെബി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത ഫിന്‍ഫ്‌ളൂവന്‍സര്‍മാര്‍ റിട്ടേണുകളെക്കുറിച്ചോ മാര്‍ക്കറ്റ് പ്രകടനങ്ങളെക്കുറിച്ചോ വ്യക്തമായതോ അല്ലെങ്കില്‍ പരോക്ഷമായതോ ആയ അവകാശവാദങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്.
advertisement
സെബിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴകള്‍, സസ്‌പെന്‍ഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ അല്ലെങ്കില്‍ പുറത്താക്കല്‍ തുടങ്ങിയവ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
പരിമിതമായ അറിവും ഓഹരി വിലകളെ സ്വാധീനിക്കുന്ന തരത്തില്‍ പക്ഷപാതപരമായ വീക്ഷണങ്ങളുമുള്ള ഫിന്‍ഫ്‌ളൂവന്‍സര്‍മാരെക്കുറിച്ച് അടുത്തകാലത്ത് ആശങ്ക വര്‍ധിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സെബി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.
മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഗവേഷണ വിശകലന വിദഗ്ധര്‍, രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ തുടങ്ങിയ സെബിയുടെ അനുമതിയുള്ള സ്ഥാപനങ്ങളും വ്യക്തികളും രജിസ്റ്റര്‍ ചെയ്യാത്ത ഫിന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിക്കുന്നതില്‍ നിന്നും പുതിയ നിയമം പ്രകാരം വിലക്കുണ്ട്.
advertisement
നിയമങ്ങള്‍ ലംഘിച്ചതിന് ബാപ് ഓഫ് ചാര്‍ട്ട്, രവീന്ദ്ര ബാലു ഭാരതി, പിആര്‍ സുന്ദര്‍ എന്നീ ഫിന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കെതിരേ അടുത്തിടെ സെബി നടപടി സ്വീകരിച്ചിരുന്നു.
ഓഹരി വിപണിയിലേക്കെത്തുന്ന, വ്യാപാരത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത നിക്ഷേപകരെ ഇത്തരത്തിലുള്ള വിവരങ്ങള്‍ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകര്‍ക്ക് കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതില്‍ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം. സെബിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഓഹരി വിപണിയെ കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2025 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനെതിരേ സെബിയുടെ നടപടി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം