പൊട്ടിയ എല്ലുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഒട്ടും; 'ബോണ്‍ ഗ്ലൂ'വുമായി ചൈനീസ് ഗവേഷകര്‍
- Published by:ASHLI
- news18-malayalam
Last Updated:
രക്തം നിറഞ്ഞിരിക്കുന്ന ചുറ്റുപാടില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ എല്ലുകള്‍ കൃത്യമായി ഒട്ടുമെന്നും റിപ്പോർട്ട്
മെഡിക്കല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടിത്തവുമായി ചൈനീസ് ഗവേഷകര്‍. ഒടിവു പറ്റിയ എല്ലുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഒട്ടിച്ചെടുക്കുന്ന പശ സ്വഭാവമുള്ള 'ബോണ്‍ ഗ്ലൂ' വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെട്ടു. എല്ലുകള്‍ ഒടിഞ്ഞത് നന്നാക്കാനും ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ ഒട്ടിക്കാനും സഹായിക്കുന്ന ബോണ്‍ ഗ്ലൂ വികസിപ്പിച്ചെടുക്കാന്‍ ഏറെ നാളായി ഗവേഷകര്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ചൈനീസ് ഗവേഷകരാണ് ഈ ശ്രമത്തില്‍ ലക്ഷ്യം കണ്ടതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു..
'ബോണ്‍ 02' ബോണ്‍ ഗ്ലൂ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നം കിഴക്കന്‍ ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഒരു ഗവേഷണ സംഘം സെപ്റ്റംബര്‍ 10ന് പുറത്തിറക്കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പാലത്തിന്റെ വെള്ളത്തിനടയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പി പറ്റിപ്പിടിച്ചിരിക്കുന്നത് നിരീക്ഷിച്ചതായും ഇതാണ് ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ പ്രചോദനമായതെന്നും സര്‍ റണ്‍ റണ്‍ ഷോ ഹോസ്പിറ്റല്‍ മേധാവിയും അസോസിയേറ്റ് ചീഫ് ഓര്‍ത്തോപീഡിക് സര്‍ജനുമായ ലിന്‍ സിയാന്‍ഫംഗ് പറഞ്ഞു.
രക്തം നിറഞ്ഞിരിക്കുന്ന ചുറ്റുപാടില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ എല്ലുകള്‍ കൃത്യമായി ഒട്ടുമെന്ന് അവര്‍ അറിയിച്ചു. എല്ലുകള്‍ പൂര്‍വസ്ഥിതിയിലാകുമ്പോള്‍ ഈ പശ സ്വാഭാവികമായി തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. എല്ലുകള്‍ പൂര്‍വസ്ഥിതിയായതിന് ശേഷം ഉള്ളില്‍ ഘടിപ്പിച്ച കമ്പിയും സ്‌ക്രൂവും ഉൾപ്പെടെയുള്ള ഇംപ്ലാന്റുകൾ നീക്കം ചെയ്യുന്നതിനുള്ള സര്‍ജറി ഇതിലൂടെ ഒഴിവാക്കി കിട്ടും.
advertisement
ലോഹത്തില്‍ നിര്‍മിച്ച ഇംപ്ലാന്റുകള്‍ക്ക് പകരമാകുമോ?
ബോണ്‍ 02 സുരക്ഷയും ഫലപ്രാപ്തിയും നല്‍കുന്നതായി ലാബ് ടെസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഒരു പരീക്ഷണത്തില്‍ 180 സെക്കന്‍ഡിനുള്ളില്‍ എല്ലുകള്‍ ഒട്ടിയതായി കണ്ടെത്തി. എല്ലിന് പൊട്ടലുണ്ടാകുന്ന കേസുകളില്‍ പരമ്പരാഗത രീതിയിലുള്ള ചികിത്സകള്‍ക്ക് വലിയ സര്‍ജറികളും സ്റ്റീലില്‍ നിര്‍മിച്ച കമ്പനികളും സ്‌ക്രൂവുകളും ഘടിപ്പിക്കേണ്ടതായും വരും. എന്നാല്‍ 150 പേരില്‍ ബോണ്‍ ഗ്ലൂ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ബോണ്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച അസ്ഥികള്‍ക്ക് പരമാവധി 400 പൗണ്ടിലധികം ബോണ്ടിംഗ് ബലവും ഏകദേശം 0.5എംപിഎ ശക്തിയും(Shear strength) 10 എംപിഎ കംപ്രസീവ് ശക്തിയും ഉള്ളതായി തിരിച്ചറിഞ്ഞു. ഇത് പരമ്പരാഗത ലോക ഇംപ്ലാന്റുകള്‍ക്ക് പകരമായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് എടുത്തുകാണിക്കുന്നു. കൂടാതെ, ശരീരം ഇതിനെതിരേ പ്രതികരിക്കാനുള്ള സാധ്യത കുറവാണെന്നും അണുബാധകള്‍ പോലെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ഈ പശയ്ക്ക് കഴിയുമെന്നും ഗവേഷകര് അവകാശപ്പെട്ടു.
advertisement
നിലവില്‍ ഒടിവുകള്‍ പരിഹരിക്കുന്നതനായി വിപണിയില്‍ നിരവധി ബോണ്‍ സിമന്റുകളും ബോണ്‍ വോയിഡ് ഫില്ലറുകളും ലഭ്യമാണ്. എന്നാല്‍ അവയ്‌ക്കൊന്നും എല്ലുകള്‍ ഒട്ടിച്ചെടുക്കാനുള്ള(പശയുടെ) ഗുണങ്ങള്‍ ഇല്ല. ജെലാറ്റിന്‍, എപ്പോക്‌സി റെസിനുകള്‍, അക്രിലേറ്റുകള്‍ എന്നിവ സംയോജിപ്പിച്ച് 1940ലാണ് ആദ്യത്തെ ബോണ്‍ ഗ്ലൂ നിര്‍മിച്ചത്. എന്നാല്‍ അത് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ഉപേക്ഷിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 16, 2025 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
പൊട്ടിയ എല്ലുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഒട്ടും; 'ബോണ്‍ ഗ്ലൂ'വുമായി ചൈനീസ് ഗവേഷകര്