ഇന്ന് സൈബർ തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത്. അനുദിനം നൂതനമായ രീതികളിലും രൂപത്തിലും തട്ടിപ്പുകാർ രംഗത്തെത്തിയേക്കാം. പലതും തട്ടിപ്പാണെന്ന് തിരിച്ചറിയാൻ പോലും നമുക്ക് കഴിയണമെന്നില്ല. ഏറ്റവും ഒടുവിലായി ഇപ്പോൾ ചർച്ചയായിരിക്കുന്ന പുതിയ തട്ടിപ്പിനെകുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ ഏതെങ്കിലും അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് പതിവായി കോളുകൾ വരാറുണ്ടോ? ഈ ചോദ്യവുമായി നിരവധി പേരാണ് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. വാട്സാപ്പിന് ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട് എന്നാണ് കണക്ക്. മിക്കവരും പേഴ്സണൽ അക്കൌണ്ടുകളായാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.
എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുമുണ്ട്. അടുത്തിടെ പലർക്കും +84, +62, +60 എന്നീ നമ്പറുകളിൽ നിന്ന് അജ്ഞാത കോളുകൾ വരുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. അത്തരം കോളുകൾ ഒരു തവണ നിങ്ങളെ “പിംഗ്” ചെയ്യുന്നു. ഉപയോക്താവ് ഒന്നുകിൽ സന്ദേശങ്ങൾ അയക്കണം അല്ലെങ്കിൽ തിരികെ വിളിക്കണം ഇതാണ് ലക്ഷ്യം. ANI-യുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ സ്പാം കോളുകൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് വരുന്നതെന്ന് ഡാറ്റ വിശകലനത്തിലൂടെയും ഫോറൻസിക് പരിശോധനകളിലൂടെയും കണ്ടെത്തിയിട്ടുണ്ട് . പ്രധാനമായും സിംഗപ്പൂർ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഈ നമ്പറുകളുടെ ഉറവിടങ്ങൾ.
Alert: People are getting calls, missed calls on WhatsApp from international numbers
Calls are from various country codes (ISD codes) but it does not mean that origin of call is actually from that country
Scammers offering ‘work from home’ jobs from international calls to trap
— Anshul Saxena (@AskAnshul) May 8, 2023
ഇവയിൽ ഭൂരിഭാഗം നമ്പറുകൾക്കും നിങ്ങളുടെ സാമ്പത്തിക ഡാറ്റകൾ മോഷ്ടിക്കാൻ കഴിയും എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സൈബർ ഇന്റലിജൻസിലെ ഒരു വിദഗ്ധൻ പറഞ്ഞത് ഇതൊരു പുതിയ സൈബർ ആക്രമണ ശ്രമമാണ് എന്നാണ്. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് അവരുടെ പ്രൊഫഷൻ പരിഗണിക്കാതെ +254, +84, +63, +1(218) അല്ലെങ്കിൽ മറ്റ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വാട്ട്‌സ്ആപ്പിൽ കോളുകളും മിസ്ഡ് കോളുകളും ലഭിക്കുന്നുണ്ട്. അവരിൽ ചിലർ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി മാറിയിട്ടുമുണ്ട്. ഇത് ഈയിടെയായി കൂടുതലായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതേക്കുറിച്ച് പലരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തി രംഗത്തെത്തി. നിരവധി പേർ ഇതിന്റെ സ്‌ക്രീൻഷോട്ടുകളും ഷെയർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ തട്ടിപ്പുകാരെ തടയാൻ നിങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് അത്തരമൊരു സന്ദേശമോ കോളോ ലഭിക്കുന്ന നിമിഷം ആ നമ്പർ ബ്ലോക്ക് ചെയ്യുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. നമ്പർ നിയമാനുസൃതമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ പോലും ഉടൻ തിരിച്ച് വിളിക്കരുത് ആദ്യം ഒരു സന്ദേശം അയയ്ക്കുക. തട്ടിപ്പായിരിക്കാം എന്നൊരു ബോധത്തോടെ മാത്രം അത്തരം നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുക.
സാമ്പത്തിക വിവരങ്ങൾ ഒരുകാരണവശാലും പങ്ക് വയ്ക്കാതിരിക്കുക. കഴിവതും ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഉചിതം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ഒടിപി, പിൻ നമ്പർ എന്നിവ വാട്സാപ്പ് വഴി ആവശ്യപ്പെട്ടാൽ അത് തട്ടിപ്പ് ആണെന്ന് ഉറപ്പാക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കാര്യമായ അറിവില്ലാത്തവർ ഇത്തരം അന്വഷണങ്ങൾ ഉണ്ടായാൽ ആരോടെങ്കിലും ചോദിച്ച് സഹായം തേടുന്നതാണ് നല്ലത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.