മക്കളുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം അതിരുവിടുന്നെങ്കിൽ മാതാപിതാക്കൾക്ക് ഈ 4 ഇന്‍സ്റ്റഗ്രാം ടൂളുകള്‍ നോക്കാം
- Published by:meera_57
- news18-malayalam
Last Updated:
കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യമായ 4 ടൂളുകളെപ്പറ്റിയാണ് ഇനി പറയുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം
ഒരു ദിവസത്തിന്റെ നല്ലൊരുഭാഗവും സോഷ്യല്‍ മീഡിയകളില്‍ നോക്കിയിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിമപ്പെടുന്നത് കൗമാരക്കാരാണ്. അവരെ നിയന്ത്രിക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കഴിയാറില്ല. മാതാപിതാക്കളുടെ ഇടപെടലുകളെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് പല കുട്ടികളും കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യമായ 4 ടൂളുകളെപ്പറ്റിയാണ് ഇനി പറയുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ടേക്ക് എ ബ്രേക്ക് ഫീച്ചര്‍
ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്തിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയില്ല. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുന്നതിന് ഇടവേളയെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഒരു ഇടവേളയെടുക്കണമെന്ന് ഇന്‍സ്റ്റഗ്രാം തന്നെ നമ്മളെ ഓര്‍മ്മിപ്പിക്കും. ആവശ്യാനുസരണമുള്ള സമയപരിധി ഓപ്ഷന്‍ നമുക്ക് തെരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ഇടവേളയെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച് കൗമാരക്കാരിലെ ഇന്‍സ്റ്റഗ്രാം സ്‌ക്രോളിംഗിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കും.
advertisement
ക്വയറ്റ് മോഡ്
സോഷ്യല്‍ മീഡിയയില്‍ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂര്‍ വരെ നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്ത് വെയ്ക്കാന്‍ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കും. ക്വയറ്റ് മോഡ് ഓണ്‍ ആക്കുമ്പോള്‍ ഇന്‍ബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ക്വയറ്റ് മോഡിലാണെന്ന് അവര്‍ക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയയ്ക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. രാത്രി വളരെവൈകി കുട്ടികള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
advertisement
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയും ഇന്‍സ്റ്റഗ്രാമില്‍ റീലുകളും മറ്റും ആസ്വദിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുമ്പോള്‍ നൈറ്റ് നഡ്ജ് ഫീച്ചര്‍ പ്രവര്‍ത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവര്‍ക്ക് നല്‍കും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. കൃത്യസമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാനും ഈ ഫീച്ചര്‍ സഹായിക്കും.
പാരന്റല്‍ സൂപ്പര്‍വിഷന്‍
കുട്ടികള്‍ അയയ്ക്കുന്നതും അവര്‍ക്ക് ലഭിക്കുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിക്കാന്‍ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റല്‍ സൂപ്പര്‍വിഷന്‍. നിങ്ങളുടെ കുട്ടികള്‍ എത്രസമയം ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും. കുട്ടികള്‍ ആരോടെല്ലാം ചാറ്റ് ചെയ്യണമെന്ന് ഈ ഫീച്ചര്‍ വഴി നിങ്ങള്‍ക്ക് തീരുമാനിക്കാനും സാധിക്കും. കുട്ടികള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട അറിയിപ്പും ഈ ഫീച്ചറിലൂടെ മാതാപിതാക്കള്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 23, 2024 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മക്കളുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം അതിരുവിടുന്നെങ്കിൽ മാതാപിതാക്കൾക്ക് ഈ 4 ഇന്‍സ്റ്റഗ്രാം ടൂളുകള്‍ നോക്കാം