ഡോക്ടർമാരുടെ എഴുത്ത് വായിച്ച് ഇതെന്തെന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് പലപ്പോഴും പരാതിയാണ്. അവർ എഴുതുന്നതെന്തെന്ന് വായിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ഇതിനൊരു പരിഹാരവുമായി എത്തുകയാണ് ഗൂഗിൾ. ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഗൂഗിൾ.
കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഈ പദ്ധതി ഗൂഗിൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് കുറിപ്പുകളിലെ മരുന്നുകൾ തിരിച്ചറിയാനുമാണ് ഈ സംവിധാനം. പുതിയ ഫീച്ചർ ഗൂഗിൾ ലെൻസ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതാണ്.
മൊബൈലിലൂടെ ചിത്രമെടുത്താൽ അതിലെ എഴുത്തും ചിത്രവും തിരിച്ചറിയുന്ന ഗൂഗിൾ ലെൻസ് സേവനത്തോട് ബന്ധിപ്പിച്ചാണിത്. സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. കുറിപ്പടിയുടെ ഒരു ചിത്രത്തിൽ ക്ലിക്കുചെയ്‌ത് ഫോട്ടോ ലൈബ്രറിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ചെയ്തുകഴിഞ്ഞാൽ, കുറിപ്പടിയുടെ ചിത്രം കണ്ടെത്തുകയും പേപ്പറിൽ പറഞ്ഞിരിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്യും.
ആശയക്കുഴപ്പമുണ്ടാക്കുന്ന കൈപ്പട വരെ മനസ്സിലാക്കി മരുന്ന് ഏതെന്ന് പറഞ്ഞുതരും. ഇതിൽ കാര്യമായ പുരോഗതി കമ്പനി കൈവരിച്ചതായി ഗൂഗിൾ ഇന്ത്യ റിസർച് ഡയറക്ടർ മനീഷ് ഗുപ്ത പറഞ്ഞു. ചടങ്ങിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുത്തു. കൂടാതെ മറ്റു ചില പ്രധാന സംവിധാനങ്ങളും ഗൂഗിൾ പ്രഖ്യാപിച്ചു.
Also read- നികുതി ലാഭിക്കാം; പുതുവർഷത്തിൽ തിരഞ്ഞെടുക്കേണ്ട നിക്ഷേപമാർഗങ്ങൾ ഏതെല്ലാം?
സർക്കാർ തിരിച്ചറിയൽ രേഖകൾ പലപ്പോഴായി ഫോണിൽ സേവ് ചെയ്തിട്ടുണ്ടങ്കിലും തക്കസമയത്ത് ഇവ തപ്പിയെടുക്കുക എളുപ്പമല്ല. ഇതിനു പരിഹാരമായി ഫോണിലെ സർക്കാർ രേഖകൾ തനിയെ കണ്ടെത്തി ഒരു ഫോൾഡറിൽ ഒരുമിപ്പിക്കുന്ന സംവിധാനം വരും. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ഡിജിലോക്കറിലെ ഫയലുകൾ ‘ഫയൽസ് ബൈ ഗൂഗിൾ’ ആപ്പിലും ലഭ്യമാകും.
ഓൺലൈൻ വിഡിയോ കോഴ്സുകൾക്കായി യൂട്യൂബ് കോഴ്സ് എന്ന സേവനം ഉടൻ. ഡൽഹിയുമായി ബന്ധപ്പെട്ട ഒരു വിഡിയോ യൂട്യൂബിൽ കാണുമ്പോൾ താഴെയുള്ള സെർച് ബോക്സിൽ റെഡ് ഫോർട്ട് എന്ന് സെർച് ചെയ്താൽ റെഡ് ഫോർട്ട് വരുന്ന ഭാഗം തനിയെ പ്ലേ ചെയ്യും. ഈ സേവനം ഉടൻ ലഭ്യമാകും.
Also read- ബാങ്കുകൾ അഞ്ചുദിനമാക്കുമ്പോൾ രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം പ്രവർത്തിക്കും
രാജ്യത്തെ 773 ജില്ലകളിലെ ഭാഷാരീതികൾ ഉൾപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം. സ്റ്റാർട്ടപ്പുകൾക്ക് അടക്കം ഇതുപയോഗിക്കാം. ഐഐടി മദ്രാസിൽ 10 ലക്ഷം ഡോളർ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് എന്നിവയാണ് ഗൂഗിള്‍ അവതരിപ്പിച്ച മറ്റു സംവിധാനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.