ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു? നിര്‍ണായക തീരുമാനവുമായി ഗൂഗിള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ജൂണിന് മുമ്പ് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. 2024 ജൂണ്‍ നാലോടെ ഗൂഗിള്‍ പേ സേവനങ്ങള്‍ അമേരിക്കയില്‍ നിര്‍ത്തലാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഗൂഗിള്‍ പേയ്ക്ക് പകരമായി ഗൂഗിള്‍ വാലറ്റ് സൗകര്യമായിരിക്കും ലഭ്യമാകുക. എല്ലാ ഫീച്ചറുകളും ഗൂഗിള്‍ വാലറ്റിലേക്ക് മാറ്റി ഗൂഗിളിന്റെ പേയ്മന്റ് സംവിധാനം ലളിതമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ ഗൂഗിള്‍ വാലറ്റ് സേവനങ്ങള്‍ ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.'' 2024 ജൂണ്‍ 4 മുതല്‍ ഗൂഗിള്‍ പേ ആപ്പ് സേവനങ്ങള്‍ അമേരിക്കയില്‍ ലഭ്യമാകില്ല,'' എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സേവനങ്ങള്‍ തുടരുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. '' ഇന്ത്യയിലും സിംഗപ്പൂരിലും ലക്ഷക്കണക്കിന് പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങളില്‍ തുടർന്ന് ഗൂഗിൾ പേ സേവനം ലഭ്യമാക്കും,'' എന്ന് ഗൂഗിള്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ സേവനമുപയോഗിച്ച് പണം കൈമാറ്റം നടത്താനും പേയ്‌മെന്റുകള്‍ നടത്താനും തുടര്‍ന്നും സാധിക്കുമെന്നും ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
അമേരിക്കയില്‍ നിലവില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ ജൂണിന് മുമ്പ് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിര്‍ച്വല്‍ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് സേവനങ്ങള്‍, ടിക്കറ്റ്, പാസുകള്‍, പേയ്‌മെന്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ വാലറ്റിലും ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഗൂഗിൾ പേ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ബാങ്ക് ബാലൻസ് ചെക്ക് ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനും സാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 24, 2024 2:22 PM IST