എഐയുടെ ഗോഡ്ഫാദര്‍’ എന്ന് അറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് പടിയിറക്കം. ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഗൂഗിളിൽ ജോലി ചെയ്തു വരികയായിരുന്നു. തന്റെ രണ്ട് വിദ്യാർത്ഥികളോടൊപ്പമാണ് (ഒരാൾ ഓപ്പൺ എഐയിലെ പ്രധാന ശാസ്ത്രജ്ഞനാണ്) അദ്ദേഹം ഒരു ന്യൂറൽ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തത്. ചാറ്റ്ജിപിടി, ന്യൂ ബിംഗ്, ബാർഡ് തുടങ്ങിയ എഐ-പവർ ചാറ്റ്ബോട്ടുകൾക്ക് അടിത്തറ പാകിയത് ഈ കണ്ടുപിടിത്തമാണ്.
കൂടുതൽ ഉത്പാദനക്ഷമയുള്ളവരും കാര്യക്ഷമവുമാകാൻ എഐ മനുഷ്യരെ സഹായിക്കുമെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുമ്പോൾ, അത് മനുഷ്യരാശിക്ക് ദോഷം ചെയ്യുമെന്നു വിശ്വസിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഡോ. ഹിന്റൺ ഇതിൽ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണ്. ഗൂഗിളിൽ ജോലി ചെയ്തുകൊണ്ട് എഐയുടെ അപകട സാധ്യതകളെക്കുറിച്ച് അദ്ദേഹത്തിന് സംസാരിക്കാനാകുമായിരുന്നില്ല. അതിനാലാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ എഐ രംഗത്ത് ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും മത്സരത്തെക്കുറിച്ചും ജെഫ്രി ഹിന്റൺ സംസാരിച്ചു. കഴിഞ്ഞ വർഷം വരെ എഐ സാങ്കേതികവിദ്യയുടെ ഒരു കാവലാൾ പോലെയാണ് ഗൂഗിൾ പ്രവർത്തിച്ചിരുന്നതെന്നും മനുഷ്യർക്ക് ഹാനികരമായേക്കാവുന്ന ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൈക്രോസോഫ്റ്റിന്റെ പുതിയ ബിംഗ് സെർച്ച് എഞ്ചിന്റെ വരവിനു ശേഷം കാര്യങ്ങൾ മാറി. ഗൂഗിൾ ഇപ്പോൾ അതിനു സമാനമായ സാങ്കേതികവിദ്യ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് എന്നും ഹിന്റൺ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
Also read-3500ലധികം വ്യാജ വായ്പാ ആപ്പുകളെ ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തെന്ന് ഗൂഗിൾ
എഐയുടെ അതിവേഗമുള്ള വളർച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ”അഞ്ചു വർഷം മുൻപ് എഐ എങ്ങനെയായിരുന്നു എന്നും ഇപ്പോൾ എങ്ങനെയാണെന്നും നോക്കൂ. ഈ മാറ്റങ്ങൾ ഞാൻ ഭയത്തോടെയാണ് കാണുന്നത് ”, അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് സത്യമെന്ന് അറിയാൻ സാധിക്കാത്ത വിധം എഐ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ, എഐ ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയെ ബാധിക്കുമെന്നും പേഴ്‌സണൽ അസിസ്റ്റന്റുമാർ, വിവർത്തകർ തുടങ്ങിയ ചില ജോലികൾ ചെയ്യുന്നവർക്ക് എഐ വെല്ലുവിളിയാകുമെന്നും ഡോ. ഹിന്റൺ പറഞ്ഞു. ഭാവിയിൽ എഐ കില്ലർ റോബോട്ടുകൾ പോലെയുള്ള, ഓട്ടോണോമസ് ആയുധങ്ങൾ സൃഷ്ടിച്ചേക്കാം എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
എഐ സാങ്കേതിക വിദ്യ ഭാവിയിൽ വലിയ മാറ്റങ്ങളിലേക്ക് വഴി തുറക്കും എന്നാണ് ആളുകൾ നേരത്തെ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്നും ഡോ. ഹിന്റൺ പറഞ്ഞു.
Also read-എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം
ഇലോൺ മസ്‌കും സാങ്കേതിക രംഗത്തെ മറ്റു വിദഗ്ധരും കഴിഞ്ഞ മാസം, എഐ സംബന്ധിച്ച ഒരു തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു. ഈ സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് ദോഷം ചെയ്യുന്നതിനാൽ എഐ വികസനം താൽകാലികമായി നിർത്തണം എന്നായിരുന്നു കത്തിലെ ആവശ്യം. എന്നാൽ അന്ന് ഗൂഗിളിൽ ജോലി ചെയ്തിരുന്നതിനാൽ ഡോ ഹിന്റണിന് ആ കത്തിൽ ഒപ്പിടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസമാണ് എഐ ലോകത്തിന് എങ്ങനെ ഭീഷണിയാകുമെന്ന് സ്വതന്ത്രമായി സംസാരിക്കാൻ ഡോ. ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Artificial intelligence, Google