മൊബൈൽ ഫോണുകളിലെ പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ പിന്നീട് നീക്കം ചെയ്യാൻ കഴിയുന്നതായിരിക്കണമെന്ന് കേന്ദ്രസർക്കാർ സ്മാർട്ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ചാരവൃത്തിയും ഡാറ്റ ദുരുപയോഗവും സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
”പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ ചില സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ഇത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്”, ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. പുതിയ നിയമത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഈ സർക്കാർ നീക്കം പുതിയ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് നീട്ടാനും സാംസങ്, ഷവോമി, വിവോ, ആപ്പിൾ എന്നിവയുൾപ്പെടെയുള്ള സ്മാർട്ഫോൺ നിർമാതാക്കളെ നഷ്ടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. പുതിയ നിയമങ്ങൾ പ്രകാരം, സ്മാർട്ട്‌ഫോൺ നിർമാതാക്കൾ പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾക്ക് ഒരു അൺഇൻസ്റ്റാൾ ഓപ്ഷൻ നൽകേണ്ടിവരും. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഏജൻസി അംഗീകരിച്ച ലാബിൽ പുതിയ മോഡലുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഓരോ പ്രധാന അപ്ഡേഷനും ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനു മുൻപു തന്നെ നിർബന്ധമായും അധികൃതരെ അറിയിച്ച് സ്ക്രീനിങ്ങിനു വിധേയമാക്കണം.
നിലവിൽ മിക്ക സ്മാർട്ഫോണുകളിലും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകളാണുള്ളത്. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷഓമിയുടെ ആപ്പ് സ്റ്റോർ ഗെറ്റ്ആപ്പ്സ്, സാംസങ്ങിന്റെ പേമെന്റ് ആപ്പ് ആയ സാംസങ് പേ മിനി, ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സഫാരി ബ്രൗസർ തുടങ്ങിയവ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യാൻ പറ്റാത്ത തരത്തിലാണ് ഉള്ളത്. 2020ലെ ഗൽവാൻ സംഘർഷത്തിനു പിന്നാലെ ടിക്ടോക് ഉൾപ്പെടെയുള്ള 300ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു.
അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളിൽ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷവോമി കോര്‍പറേഷന്റെ ഓഫീസുകളിൽ ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. വിവോ, ഓപ്പോ, ഷവോമി, വൺ പ്ലസ്, ഓണർ, റിയൽ മി, ജിയോണി, അസ്യൂസ്, ഇൻഫിനിക്സ് തുടങ്ങിയ ചൈനീസ് മൊബൈൽ ഫോണുകൾ നിലവിൽ ഇന്ത്യൻ വിപണിയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.