പേഴ്‌സണൽ കംപ്യൂട്ടര്‍ വിപണിയിൽ 6.6 ശതമാനം ഇടിവ്; വിപണി വിഹിതത്തില്‍ മുന്നില്‍ എച്ച്പിയും ലെനോവോയും
- Published by:Vishnupriya S
- news18-malayalam
Last Updated:
എച്ച്പി ബ്രാന്‍ഡ് ആണ് ഏറ്റവും അധികം വിപണി വിഹിതവുമായി രാജ്യത്ത് മുന്നിലെന്ന് ഐഡിസി റിപ്പോര്‍ട്ട്
2023ല്‍ രാജ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടല്‍ (പിസി) വിപണി 6.6 ശതമാനം ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 13.9 മില്ല്യണ്‍ യൂണിറ്റ് പിസികളാണ് കയറ്റി അയച്ചത്. ഡെസ്‌ക് ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്‌സ്‌റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണി. എച്ച്പി ബ്രാന്‍ഡ് ആണ് ഏറ്റവും അധികം വിപണി വിഹിതവുമായി രാജ്യത്ത് മുന്നിലെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ(ഐഡിസി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെസ്‌ക്‌ടോപ്പ് വിഭാഗം 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നോട്ട് ബുക്ക്, വര്‍ക്ക് സ്‌റ്റേഷന്‍ എന്നിവയുടെ വില്‍പ്പനയിൽ യഥാക്രമം 11.1 ശതമാനം, 14 ശതമാനം എന്നിങ്ങനെ ഇടിവ് നേരിട്ടു.
''കോവിഡ് 19 വ്യാപനത്തിന് ശേഷം ഉപഭോക്തൃ ആവശ്യകത കുറഞ്ഞു. 2022ന്റെ രണ്ടാം പകുതിയിലും 2023ന്റെ ആദ്യ പകുതിയിലും പിസിയുടെ കയറ്റുമതി കുത്തനെ കുറയാന്‍ ഇത് കാരണമായി,'' ഐഡിസി ഇന്ത്യയുടെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ഭരത് ഷേണായി പറഞ്ഞു. 2023-ന്റെ ദുര്‍ബലമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 12.9 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ 11.4 ശതമാനം വളര്‍ച്ചയാണ് പിസി വിപണി രേഖപ്പെടുത്തിയത്.
ഡെസ്‌ക് ടോപ്പ് 16.8 ശതമാനവും നോട്ട് ബുക്ക് 9.9 ശതമാനവും വളര്‍ച്ച നേടി. 31.5 ശതമാനം വിപണി വിഹിതവുമായി എച്ച്പിയാണ് കഴിഞ്ഞ വര്‍ഷം മുന്നിലുള്ളത്. വാണിജ്യ വിഭാഗത്തില്‍ 33.6 ശതമാനവും ഉപഭോക്തൃ വിഭാഗത്തില്‍ 29.4 ശതമാനവുമാണ് എച്ച്പിയുടെ വിപണി വിഹിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16.7 ശതമാനം വിപണിവിഹിതവുമായി ലെനോവോയാണ് പട്ടകിയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 15.5 ശതമാനം വിപണി വിഹിതവുമായി ഡെല്‍ ടെക്‌നോളജീസ് മൂന്നാം സ്ഥാനത്താണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 21, 2024 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
പേഴ്‌സണൽ കംപ്യൂട്ടര്‍ വിപണിയിൽ 6.6 ശതമാനം ഇടിവ്; വിപണി വിഹിതത്തില്‍ മുന്നില്‍ എച്ച്പിയും ലെനോവോയും