ഇന്ത്യയിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് പബ്ജി മൊബൈൽ.
പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ഗെയിമിന്റെ തിരിച്ചുവരവ്. പുതിയ ഗെയിം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ പബ്ജി അടക്കമുള്ള ആപ്പുകളെ നിരോധിച്ചത്. ഇതിന് പിന്നാലെ, ചൈന ആസ്ഥാനമായുള്ള ടെൻസെന്റ് ഗെയിമുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി പബ്ജി കോർപ്പറേഷൻ അറിയിച്ചിരുന്നു.
അടിമുടി മാറ്റവുമായി പുതിയ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രാദേശികമായുള്ള മാറ്റങ്ങളും പുതിയ ഗെയിമിൽ ഉണ്ടാകും. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഗെയിം ആകും അവതരിപ്പിക്കുക. ഡാറ്റ സുരക്ഷിതമാക്കാൻ കൃത്യമായ പരിശോധനകൾ നടത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.
പ്രാദേശികമായ ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഗെയിമിൽ വരുത്തുമെന്ന് പബ്ജി കോർപ്പറേഷൻ പറയുന്നു. ഇതനുസരിച്ച്, കഥാപാത്രങ്ങളും അവരുടെ വസ്ത്രധാരണം, വിർച്വൽ സിമുലേഷൻ ട്രെയിനിങ് ഗ്രൗണ്ട്, എഫക്ട്സ് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. കുട്ടികളുടെ ഗെയിം സമയം നിയന്ത്രിക്കാനുള്ള സംവിധാനവും ഉണ്ടാകും.
ഇതുകൂടാതെ, ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ഷോറൂമുകൾ തുറക്കുമെന്നും കമ്പനി അറിയിച്ചുണ്ട്. ഉപഭോക്താക്കളുടെ സേവനത്തിനായി നൂറ് ജീവനക്കാരെ നിയമിക്കും. ഇന്ത്യയിൽ 746 കോടിയുടെ നിക്ഷേപം നടത്താനാണ് പബ്ജി കോർപ്പറേഷനും മാതൃസ്ഥാപനമായ ക്രാഫ്റ്റണിന്റേയും പദ്ധതി. ലോക്കൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദ-ഐടി മേഖല എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.