• HOME
 • »
 • NEWS
 • »
 • money
 • »
 • ജാമ്യ ഉത്തരവ് പരിഗണിക്കവെ ചാറ്റ് ജിപിടി സേവനം ഉപയോഗിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി

ജാമ്യ ഉത്തരവ് പരിഗണിക്കവെ ചാറ്റ് ജിപിടി സേവനം ഉപയോഗിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി

ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് അനുപ് ചിത്കാര അധ്യക്ഷനായ ബെഞ്ചാണ് ചാറ്റ് ജിപിടി സേവനം ഉപയോഗിച്ചത്

ചാറ്റ് ജിപിറ്റി

ചാറ്റ് ജിപിറ്റി

 • Share this:

  ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതിനായി ചാറ്റ് ജിപിടി സേവനം ഉപയോഗിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഓപ്പണ്‍ ഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് അനുപ് ചിത്കാര അധ്യക്ഷനായ ബെഞ്ചാണ് ചാറ്റ് ജിപിടി സേവനം ഉപയോഗിച്ചത്. ക്രൂരമായ മര്‍ദനം നടത്തിയ അക്രമികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിലെ ന്യായം എന്ത് എന്ന ചോദ്യമാണ് ജസ്റ്റിസ് ചാറ്റ് ജിപിടിയോട് ചോദിച്ചത്.

  ‘ഇത് സാഹചര്യങ്ങളെയും കേസ് വിചാരണ ചെയ്യുന്ന അധികാരപരിധിയിലെ നിയമങ്ങളെയും ആശ്രയിച്ചിരിക്കും. ക്രൂരമായ കൊലപാതകം, പീഡനം, എന്നിവയുള്‍പ്പെടുന്ന കുറ്റങ്ങളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എങ്കില്‍ അവര്‍ സമൂഹത്തിന് അപകടകരമാണെന്ന് പൊതുവെ കണക്കാക്കാം. അത്തരം കേസുകളില്‍ ജാമ്യം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചേക്കാം. അല്ലെങ്കില്‍ കോടതിയില്‍ ഹാജരായ പ്രതി പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജാമ്യത്തുക ഉയര്‍ത്താവുന്നതാണ്. ആക്രമണത്തിന്റെ തീവ്രത, പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം, തെളിവുകള്‍ എന്നിവയെല്ലാം ജാമ്യം പരിഗണിക്കുമ്പോള്‍ ജഡ്ജി നിരീക്ഷിക്കേണ്ടതാണ്. അതിനാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തില്ലെന്ന് ജഡ്ജിയ്ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് ജാമ്യം നല്‍കാവുന്നതാണ്,’ എന്നാണ് ഈ ചോദ്യത്തിന് ചാറ്റ് ജിപിടി നല്‍കിയ ഉത്തരം.

  Also read-Chatgpt ചാറ്റ് ജിപിടി നിങ്ങളുടെ ജോലി കളയുമോ? 20 ജോലികൾ ഇതാ

  ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ചാറ്റി ജിപിടി സേവനം ഉപയോഗിച്ചത്. ഹര്‍ജിക്കാരനും കൂട്ടാളികളും ചേര്‍ന്ന് ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുകയും അദ്ദേഹത്തെ മരണത്തിലേക്ക് നയിക്കുകയും ചെയ്തതെന്നാണ് കേസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതേസമയം ചെയ്ത തെറ്റിലെ ക്രൂരത അടിസ്ഥാനമാക്കി ശാരീരികാക്രമണം നടത്തുമ്പോള്‍ ജാമ്യം അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളും മാറുമെന്ന് ജസ്റ്റിസ് ചിത്കാര അഭിപ്രായപ്പെട്ടു.

  ഹീനവും ക്രൂരവുമായ കുറ്റകൃത്യമാകുമ്പോള്‍ ജാമ്യം അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അടിസ്ഥാന ഘടകങ്ങളിലൊന്നായി ക്രൂരതയെ പരിഗണിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി ക്രൂരമായി പെരുമാറിയെന്ന് കോടതിയ്ക്ക് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടാല്‍ സാധാരണ ഗതിയില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്നും ജഡ്ജി വ്യക്തമാക്കി. ചില സാഹചര്യത്തില്‍ കോടതികള്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമാണെന്ന് കരുതുന്നുണ്ട്. അത്തരമൊരു ഇളവ് നല്‍കുന്നതിനുള്ള കാരണം വ്യക്തമാക്കിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നും കോടതി വ്യക്തമാക്കി.

  Also read- ആധാറും പാനും ഇതുവരെ ബന്ധിപ്പിച്ചില്ലേ? സ്മാര്‍ട്ട്ഫോൺ വഴി എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

  തുടര്‍ന്ന് പ്രതി ചെയ്ത ക്രൂര കൃത്യം മാനിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ജെ കെ ഗോയല്‍ ഹാജരായിരുന്നു. ഹിമാന്‍ഷു ഗാര്‍ഗ്, സന്ദീപ് കുമാര്‍ എന്നിവരാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രം​ഗത്തെ പുതുമുഖമാണ് ചാറ്റ് ജിപിടി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ചാറ്റ്ബോട്ട് ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ആളുകളുടെ ഇൻപുട്ടുകൾക്ക് മറുപടി നൽകുന്നതോടൊപ്പം ഏറ്റവും ബുദ്ധിമുട്ടുള്ള ചില മൽസര പരീക്ഷകളിലും ചാറ്റ് ജിപിടി വിജയിച്ചിട്ടുണ്ട്.

  Published by:Vishnupriya S
  First published: