• HOME
 • »
 • NEWS
 • »
 • money
 • »
 • Loudspeaker | എവിടെയും വെയ്ക്കാം, കൊണ്ടുപോകാം; പേപ്പർ ലൗഡ് സ്പീക്കർ കണ്ടുപിടിച്ച് ​ഗവേഷകർ

Loudspeaker | എവിടെയും വെയ്ക്കാം, കൊണ്ടുപോകാം; പേപ്പർ ലൗഡ് സ്പീക്കർ കണ്ടുപിടിച്ച് ​ഗവേഷകർ

വോൾട്ടേജ് പ്രയോഗിക്കുമ്പോൾ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിലുള്ള പീസോ ഇലക്ട്രിക് മെറ്റീരിയൽ ഉപയോ​ഗിച്ചാണ് ഈ കടലാസ് സ്പീക്കർ പ്രവർത്തിക്കുന്നത്.

 • Share this:
  സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിത്യജീവിതത്തിൽ ഉപയോ​ഗിക്കുന്നതടക്കം പല ഉത്പന്നങ്ങളിലും ഈ മാറ്റം പ്രകടമാണ്. കാലം മാറുന്നതിന് അനുസരിച്ച് ഇത്തരത്തിൽ രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഉപകരണമാണ് ലൗഡ് സ്പീക്കർ (Loudspeaker). ആദ്യമൊക്കെ വലിയ ലൗഡ് സ്പീക്കറുകളാണ് വിപണിയിൽ ലഭ്യമായിരുന്നതെങ്കിൽ കാലാന്തരത്തിൽ കൂടെ കൊണ്ടു നടക്കാവുന്നതും എളുപ്പത്തിൽ കയ്യിൽ പിടിക്കാവുന്നതുമൊക്കെയായ കുഞ്ഞൻ ലൗഡ് സ്പീക്കറുകൾ സുലഭമായിത്തുടങ്ങി.

  എന്നാൽ ഒരു പടി കൂടി കടന്ന്, തീരെ നേർത്ത ഒരു പേപ്പർ ലൗഡ് സ്പീക്കർ കണ്ടുപിടിച്ചിരിക്കുകയാണ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (Massachusetts Institute of Technology) ഒരു കൂട്ടം എഞ്ചീനീയർമാർ. കാഴ്ചയിലും ഒരു പേപ്പർ കഷണം പോലെയാണ് ഈ സ്പീക്കർ. എവിടെയും വെയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

  കനവും ഭാരവുമൊക്കെ കുറവാണെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ കുഞ്ഞൻ സ്പീക്കർ. ഉയർന്ന നിലവാരമുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറിൽ ശബ്ദങ്ങൾക്ക് നല്ല വ്യക്തതയും ഉണ്ട്. പരമ്പരാഗത സ്പീക്കറുകളിൽ ഉപയോഗിക്കുന്ന ഊർജത്തേക്കാൾ കുറവ് മതി ഈ സ്പീക്കറിന്.

  നേർത്ത ഒരു കടലാസ്, സ്പീക്കറായി മാറ്റുന്ന പ്രക്രിയ അത്ഭുതകരമാണെന്നും രണ്ട് ക്ലിപ്പുകൾ ഘടിപ്പിച്ച് കമ്പ്യൂട്ടറിന്റെ ഹെഡ്‌ഫോൺ ജാക്കിലേക്ക്
  ഇത് കണക്റ്റു ചെയ്യാമെന്നും ​ഗവേഷണത്തിൽ പങ്കാളിയായ വ്‌ളാഡിമിർ ബുലോവിച്ച് പറഞ്ഞു. ഈ സ്പീക്കർ പ്രവർത്തിപ്പിക്കാൻ ചെറിയൊരു വൈദ്യുതോർജം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സാധാരണ സ്പീക്കറുകൾ വയർ കോയിലിലൂടെ കറന്റ് കടന്നുപോകുമ്പോളാണ് പ്രവർത്തിക്കുന്നത്. പക്ഷേ, വോൾട്ടേജ് പ്രയോഗിക്കുമ്പോൾ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിലുള്ള പീസോ ഇലക്ട്രിക് മെറ്റീരിയൽ ഉപയോ​ഗിച്ചാണ് ഈ കടലാസ് സ്പീക്കർ പ്രവർത്തിക്കുന്നത്.

  ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ഭാവിയിൽ നിരവധി ഉപയോഗങ്ങൾ ഉണ്ടാകുകയും വലിയ സ്പീക്കർകൾക്ക് ബ​ദൽ മാർ​ഗമാകുകയും ചെയ്യുമെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു. തീം പാർക്കിലോ തിയേറ്ററിലോ 3-ഡി ഓഡിയോ അനുഭവം ലഭിക്കുന്നതിനും ഇവ ഉപയോ​ഗപ്പെടുത്താം. ഇമേജിംഗ് പോലുള്ള അൾട്രാസൗണ്ട് ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാം.

  അടുത്തിടെ ആമസോൺ സ്മാർട് സ്പീക്കറുകളെപ്പറ്റി ചില വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇക്കോ സ്പീക്കറുകളിൽ (Echo Speaker) നിന്നും ലഭിക്കുന്ന വോയ്സ് ഡാറ്റ നിങ്ങൾക്ക് തന്നെ പരസ്യം നൽകാനായി ആമസോൺ ഉപയോഗിക്കുന്നുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്. ഉപയോക്താവിന്റെ ശബ്ദത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം തന്നെ അവ ഉപയോഗിച്ച് വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് പരസ്യം നൽകുകയാണ് ആമസോൺ ചെയ്യുന്നത്. ഏതെങ്കിലുമൊരു ആമസോൺ ഉൽപന്നത്തിലൂടെയോ വെബ്ബിലൂടെയോ ഒക്കെ പരസ്യങ്ങൾ നിങ്ങളറിയാതെ തന്നെ നിങ്ങളിലേക്കെത്തും. പരസ്യദാതാക്കൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്ന വിവരശേഖരണമാണ് ഈ സ്മാ‍ർട്ട് സ്പീക്കറുകളിലൂടെ ആമസോൺ നടത്തുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
  Published by:Arun krishna
  First published: