മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. ഇതിനായി, ഒരു റോബോട്ടിനെ തേനീച്ചയുടെ സിഗ്നലുകള്‍ ഉപയോഗിച്ച് എന്‍കോഡ് ചെയ്ത് ഒരു തേനീച്ചക്കൂടിനകത്ത് വെച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയതെന്ന് കനേഡിയന്‍ പ്രൊഫസറും ഗവേഷകയുമായ കാരെന്‍ ബക്കര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ കൊണ്ട് മൃഗങ്ങളുടെ ഭാഷ സംസാരിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”റോബോട്ടിന് തേനീച്ചകളുടെ നൃത്ത ആശയവിനിമയം ഉപയോഗിച്ച് മറ്റ് തേനീച്ചകളോട് പറക്കരുതെന്ന് പറയാന്‍ സാധിക്കും. തേന്‍ കണ്ടെത്തുന്നതിനായി എവിടേക്ക് പോകണമെന്ന് തേനീച്ചകളോട് പറയാനും റോബോട്ടിന് സാധിക്കും, ” ബക്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഗവേഷണത്തില്‍ ഒരു പടികൂടി മുന്നോട്ട് പോകുകയാണെങ്കില്‍, തേനീച്ച കൂടുകളില്‍ റോബോട്ടുകളെ ഇംപ്ലാന്‌റ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ, റോബോട്ടിനെ അവര്‍ അവരുടെ സമൂഹത്തിലെ അംഗമായി അംഗീകരിക്കുമെന്നും ബക്കര്‍ പറഞ്ഞു. ഇത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യര്‍ക്ക് നല്‍കും.
Also Read- എന്താണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR? ഫുട്ബോളിൽ വാർ ഉപയോഗിക്കുന്നത് എപ്പോഴൊക്കെ?
കാലിഫോര്‍ണിയയില്‍, എര്‍ത്ത് സ്പീഷിസ് പ്രൊജക്ട് മൃഗങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് മനസ്സിലാക്കാന്‍ മെഷീന്‍ ലേണിംഗ് ഉപയോഗിക്കാനുള്ള ദൗത്യത്തിലാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, മൃഗങ്ങളുടെ ലോകത്തേക്കുള്ള ഈ കടന്നുകയറ്റം അപകടകരമാണ്.
ഈ സാങ്കേതിക വിദ്യ രണ്ട് തരത്തില്‍ ഉപയോഗിക്കാമെന്നും ബക്കര്‍ പറഞ്ഞു. ഒന്നുകില്‍ മൃഗങ്ങളുമായുള്ള ബന്ധത്തിന്റെ ആഴം കൂട്ടാനും മറ്റൊന്ന് അവയുടെ മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കാനും. എന്നാല്‍, പുതിയ സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍, മനുഷ്യര്‍ക്ക് പ്രകൃതിയുമായുള്ള ബന്ധത്തിന് പുതുജീവന്‍ നല്‍കാന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യരുടേത് പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകള്‍ കമ്പ്യൂട്ടറുകളിലേയ്ക്കും മെഷീനുകളിലേയ്ക്കും പകര്‍ത്തുന്നതിനാണ് AI ഉപയോഗിക്കുന്നത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ സ്വയം പൂര്‍ത്തിയാക്കുന്നത് മുതല്‍ നിങ്ങളുടെ സേര്‍ച്ച് പാറ്റേണുകളെ അടിസ്ഥാനമാക്കി യൂട്യൂബില്‍ വീഡിയോകള്‍ ശുപാര്‍ശ ചെയ്യുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ വ്യവസായങ്ങളെ മുതല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ വരെ എഐ മെച്ചപ്പെടുത്തുന്നുണ്ട്.
അടുത്തിടെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച സ്റ്റീവ് ജോബ്‌സിന്റെയും ജോ റോഗന്റെയും പോഡ്കാസ്റ്റ് അഭിമുഖം വൈറലായിരുന്നു. യഥാര്‍ത്ഥത്തില്‍ ജോ റോഗന്‍ അഭിമുഖം നടത്തിയത് സ്റ്റീവ് ജോബ്സിനെയാണെന്ന് തോന്നുന്ന തരത്തിലായിരുന്നു പോഡ്കാസ്റ്റ്. https://podcast.ai/ എന്ന വെബ്‌സൈറ്റിലാണ് പോഡ്കാസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനമായ ഡാല്‍-ഇ (DALL-E) ഇനി മുതല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇനി അധികം കാത്തിരിക്കാതെ തന്നെ എല്ലാവര്‍ക്കും ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം ലഭ്യമാക്കി തുടങ്ങിയതായാണ് ഉടമകളായ ഓപ്പണ്‍എഐ അറിയിച്ചത്. ടെക്സ്റ്റില്‍ നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.