ഇലോൺ മസ്ക് ട്വിറ്റിറിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിനു പിന്നാലെ ഇതുവരെ കാണാത്ത പല കാഴ്ച്ചകൾക്കും ലോകം സാക്ഷിയായി. വിചിത്രമായ പല വാർത്തകളും ഇതിനകം ട്വിറ്ററിൽ നിന്ന് വന്നു കഴിഞ്ഞു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇലോൺ മസ്കിന്റെ പുതിയ ട്വീറ്റ്.
ട്വിറ്റർ തലപ്പത്തു നിന്ന് താൻ മാറി നിൽക്കണോ എന്നായിരുന്നു മസ്കിന്റെ ചോദ്യം. ട്വിറ്റർ ഉപയോക്താക്കളോടുള്ള ചോദ്യത്തിന് നിരവധി പേരാണ് മറുപടികളുമായി എത്തിയത്. ഉപയോക്താക്കളുടെ മറുപടി ലഭിച്ചതിനു ശേഷം അതിനനുസരിച്ച് താൻ തീരുമാനമെടുക്കുമെന്നും മസ്ക് വ്യക്തമാക്കി. മാത്രമല്ല, ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നൽകേണ്ടത് എന്നും മസ്ക് മുന്നറിയിപ്പ് നൽകി.
Also Read- ‘മസ്‌കിനെ വിമര്‍ശിച്ചെഴുതി’; മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ സസ്പെൻഡ് ചെയ്തു
അതേസമയം, മസ്കിന്റെ പോളിന് ഏറ്റവും കൂടുതൽ നൽകിയ ഉത്തരം അതേ എന്നായിരുന്നു. അതായത് ട്വിറ്റർ മേധാവിയാകാൻ മസ്ക് യോഗ്യനല്ലെന്നാണ് കൂടുതൽ പേരും പ്രതികരിച്ചത്. ട്വിറ്റർ മസ്കിന് പറ്റിയ ഇടമല്ലെന്നും പകരം ഇലക്ട്രിക് കാറുകളും ടണലുകളും ബഹിരാകാശ വിമാനങ്ങളും ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രധാന്യം നൽകുന്ന മറ്റാർക്കെങ്കിലും ട്വിറ്റർ വിൽക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എല്ലാ ദിവസം ട്വിറ്റർ ട്രെന്റിങ്ങിൽ വരാൻ ആഗ്രഹിക്കാത്ത, ട്വിറ്ററിനെ മാന്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന മറ്റാർക്കെങ്കിലും ട്വിറ്റർ വിറ്റുകൂടെയെന്നും ചിലർ ചോദിക്കുന്നു.
എന്തായാലും ട്വിറ്റർ ഉപയോക്താക്കൾ നൽകിയ മറുപടി നാളെ അറിയാം. നാളെയാണ് മസ്കിന്റെ പോളിന്റെ ഫലം പുറത്തുവരിക. പുറത്തു വരുന്ന ഫലം എന്താണെങ്കിലും അതിനനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്ന് മസ്ക് പറഞ്ഞതിനാൽ ട്വിറ്ററിൽ നിന്ന് ഇനിയും സംഭവബഹുലമായ പല വാർത്തകളും പ്രതീക്ഷിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.