തിരുവനന്തപുരം: കേരളത്തിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. കമ്പനികളുടെ ഉന്നതസ്ഥാനങ്ങളിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ വർധവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഈ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്നവരിൽ 45 ശതമാനവും സ്ത്രീകളാണ് എന്ന് ഐടി വകുപ്പിന് കീഴിലുള്ള ടിഎൻഐഇ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് സൈബർ പാർക്കിലും കൊച്ചി ഇൻഫോ പാർക്കിലും ജോലി ചെയ്യുന്നവരിൽ 40 ശതമാനവും സ്ത്രീകൾ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഐടി കമ്പനികളുടെ ഉന്നതസ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ എണ്ണത്തിൽ 25 മുതൽ 30 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാകമാനം 34 ശതമാനം സ്ത്രീകളാണ് ഐടി മേഖലയിൽ ജോലി ചെയ്യുന്നത്.
ഇത് വളരെ പോസീറ്റിവായ മാറ്റമാണെന്നാണ് ഐടി സ്ഥാപനമായ ജി-ടെക്കിന്റെ സെക്രട്ടറി വി ശ്രീകുമാർ പറഞ്ഞത്. സ്ത്രീകൾ നേതൃനിരയിലേക്ക് എത്തുന്നത് സ്വാഗതം ചെയ്യുന്നുവെന്നും ചില കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 60 ശതമാനം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സ്ത്രീ സൗഹാർദ്ദ നയങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുടുംബഭാരം, കുട്ടികൾ, എന്നീ ചുമതലകളാണ് ജോലിയിൽ നിന്ന് ഇടവേളയെടുക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്.
അവയെല്ലാം പരിഹരിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ പല കമ്പനികളും നൽകുന്നതിലൂടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നു. ഐടി വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 900ഓളം കമ്പനികളിലെ ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. അതിൽ 50000ത്തോളം പേരും സ്ത്രീകളാണെന്നും പറയുന്നു.
Also read- ഇന്ത്യയിൽ ഫിൻടെക്ക് സംരംഭങ്ങൾ വളരുന്നു; 2023 ൽ ഉറ്റുനോക്കേണ്ട അഞ്ച് കമ്പനികൾ
‘കൂടുതൽ സ്ത്രീകൾ തങ്ങളുടെ സ്വപ്‌നങ്ങൾ നേടാനായി മുന്നോട്ടുവരുന്നത് സന്തോഷമുള്ള കാര്യമാണ്. തങ്ങളെ മാറ്റിനിർത്താനാകില്ലെന്ന് അവർ തെളിയിക്കുകയാണ്. നേതൃത്വത്തിലേക്ക് സ്ത്രീകൾ എത്തുന്ന കമ്പനികളിൽ ലിംഗ സമത്വം ഉണ്ടായിരിക്കും. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ എല്ലാവർക്കും തുല്യ അവസരമാണ് ലഭിക്കുന്നത്,’ തിരുവനന്തപുരം യുഎസ്ടി സെന്റർ ഹെഡ് ശിൽപ്പ മേനോൻ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിലായി ഐടി പാർക്കുകളിലെത്തുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. കൊവിഡിന് ശേഷമാണ് ഈ വർധനവ് ഉണ്ടായത്. ടെക്‌നോ പാർക്കിലെ സൂപ്പർവൈസിംഗ് തലത്തിൽ 20 ശതമാനം പേരും സീനിയർ മാനേജ്‌മെന്റ് തലത്തിൽ 10 ശതമാനം പേരും സ്ത്രീകളാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.