പതിനായിരങ്ങൾ ഉപേക്ഷിച്ച് 5000 രൂപ ശമ്പളക്കാരനായി; തൊട്ടതെല്ലാം വിസ്മയമാക്കി; സ്വപ്നതുല്യമായ സ്റ്റാർട്ട് അപ്പ്

Last Updated:

തുടങ്ങിയ രണ്ടു സ്റ്റാർട്ട് അപ്പുകളും വൻ വിജയം. അമേരിക്കൻ കമ്പനികൾ ഏറ്റെടുത്തത് സ്വപ്നതുല്യമായി.

Arjun R Pillai
Arjun R Pillai
ഇരുപതാം വയസിൽ എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ഇൻഫോസിസിൽ ജോലി. ഇരുപത്തൊന്നാം വയസിൽ ജോലിവിട്ടിറങ്ങി സ്വന്തം കമ്പനി തുടങ്ങി. പതിനായിരങ്ങൾ ശമ്പളം വേണ്ടെന്നു വച്ചു അയ്യായിരം രൂപ ശമ്പളത്തിൽ ജീവിതം. കൂട്ടുകാരും പ്രിയപ്പെട്ടവരുമൊക്കെ എന്തിനുള്ള പുറപ്പാടാണെന്നു ചോദിച്ചപ്പോൾ, ഉള്ളിൽ ഉറപ്പിച്ച സ്വപ്നം ആരോടും പറയാതെ മുന്നോട്ട്. പിന്നെയങ്ങോട്ട്, മുന്നിൽ കണ്ട ലക്ഷ്യത്തിലേക്കുള്ള ചുവടുകൾ. ഐടി രംഗത്ത് കേരളത്തിൽ നിന്നുള്ള വിസ്മയമാകുന്ന അർജുൻ ആർ പിള്ളയുടെ വിജയകഥ ഇവിടെ തുടങ്ങുന്നു.
മുപ്പത്തിരണ്ടു വയസിനിടെ വിജയത്തിന്റെ നെറുകയിലെത്തിച്ച രണ്ടു കമ്പനികൾ വിറ്റൊഴിച്ചത് സ്വപ്നതുല്യമായ തുകയ്ക്ക്. ഇക്കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കമ്പനി ഇൻസെന്റ് ഡോട്ട് എഐ അമേരിക്കൻ ഡാറ്റാ കമ്പനി സും ഇൻഫോ ഏറ്റെടുത്തത്. എത്ര രൂപയ്ക്കാണ് ഏറ്റെടുത്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വർഷം കൊണ്ട് പ്രാരംഭ നിക്ഷേപകർക്ക് പത്തിരട്ടി ലാഭം മടക്കി നൽകുന്നതായിരുന്നു ഏറ്റെടുക്കൽ ഇടപാട്. ചെങ്ങന്നൂർ എൻജിനീയറിംഗ് കോളജിലെ ആ പഴയ വിദ്യാർഥി ഇന്ന് സിലിക്കോൺ വാലിയിലെ ദിവസവും വിലയേറുന്ന മലയാളിയാണെന്നത് തീർച്ച.
advertisement
ഇൻഫോസിസ് വിട്ട് സ്റ്റാർട്ട് അപ്പിലേക്ക്
പന്ത്രണ്ടു വർഷത്തിനപ്പുറം നിന്ന് പറ‍ഞ്ഞു തുടങ്ങണം. എന്നാലേ, ഇന്നത്തെ അർജുൻ ആർ പിള്ളയുടെ വിജയഗാഥ പൂർത്തിയാകൂ. ചെങ്ങന്നൂർ എൻജിനീയറിംഗ് കോളജിൽ നിന്ന് ബിടെക്കുമായി നേരെ ചെന്നു കയറിയത് ഇൻഫോസിസിൽ. ഏതൊരു കംപ്യൂട്ടർ എൻജിനീയറുടെയും ജീവിതത്തിലെ സ്വപ്നതുല്യമായ തുടക്കം. ഐടി അത്രമേൽ തിളങ്ങി നിന്ന കാലമാണെന്നോർക്കണം. പക്ഷേ, പ്രൊജക്ടുകളും ഷിഫ്റ്റുമൊക്കെയായി മാസങ്ങൾ കടന്നപ്പോഴേ ഇതല്ല തന്റെ വഴിയെന്നു തിരിച്ചറിഞ്ഞു. പിന്നെ ഒന്നുമാലോചിച്ചില്ല, ഇൻഫോസിസിനോട് ബൈ പറഞ്ഞ് നേരെ കൊച്ചിയിലേക്ക്.
advertisement
വന്നെത്തിയത് എറണാകുളം കളമശേരിയിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ. കേരളത്തിൽ സ്റ്റാർട്ട് അപ്പ് എന്നു പറഞ്ഞു കേട്ടു തുടങ്ങിയിട്ടേ ഉള്ളൂ. സ്റ്റാർട്ട് അപ്പ് വില്ലേജിൽ വേറെ കമ്പനികളൊന്നും അങ്ങനെ ഇടമുറപ്പിച്ചിട്ടില്ല. ഒറ്റയ്ക്കായിരുന്നില്ല. ഇൻഫോസിസ്‍ വിടാനൊരുങ്ങിയപ്പോഴേ ഒപ്പം പഠിച്ച ജോഫിനെയും നിതിനെയും അനൂപിനെയും വിളിച്ചു. അവരും അവരുടെ ജോലികൾ വിട്ട് അർജുന്റെ കൂടെയിറങ്ങിച്ചെന്നു. അങ്ങനെ 2011-ൽ പ്രൊഫൗണ്ടിസ് ലാബ്സ് എന്ന കമ്പനി പിറവികൊണ്ടു. ആസ്ഥാനം കളമശേരി സ്റ്റാർട്ട് അപ്പ് വില്ലേജ്. അവിടെ തുടക്കം കുറിച്ച ആദ്യകമ്പനിയും ഇതുതന്നെ.
advertisement
മോഹിപ്പിക്കുന്ന ശമ്പളമുള്ള ജോലി വിട്ടിറങ്ങിയവരായിരുന്നു അവർ നാലു പേരും. അർജുൻ ലീഡർ. സ്റ്റാർട്ടിംഗ് ട്രബിളൊന്നും ഉണ്ടായില്ലെങ്കിലും സ്റ്റാർട്ട് അപ്പാകാൻ നല്ല പ്രയാസമായി. ആദ്യം തയ്യാറാക്കിയ പ്രൊഡക്ടുകളൊന്നും രക്ഷപ്പെട്ടില്ല. പുതിയ പുതിയ ആശയങ്ങളുമായി അർജുനും ടീമും മുന്നോട്ടു പോയി. അതിനിടയിൽ അവിചാരിതമായി ഉരുത്തിരിഞ്ഞ ആശയമാണ് പ്രൊഫൗണ്ടിസിന്റെ ജാതകം മാറ്റിയെഴുതിയത്. ക്ലൈന്റ് മീറ്റിംഗുകൾക്ക് തയ്യാറെടുക്കാൻ ഏറെ സമയം മുന്നൊരുക്കത്തിനായി വേണ്ടിവന്നിരുന്നു. കാണാൻ പോകുന്നവരെക്കുറിച്ചുള്ള വിവരശേഖരണമായിരുന്നു പ്രധാനം. ഇതെല്ലാം കൂടി ഒന്നിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയാണ് അർജുന്റെയും പ്രൊഫൗണ്ടിസിന്റെയും വഴി വിജയത്തിലേക്കു തിരിച്ചുവിട്ട വൈബ്സ് എന്ന ആപ്ലിക്കേഷന്റെ പിറവിക്കു കാരണമായത്.
advertisement
വൈബ്സിൽനിന്ന് വിജയത്തിന്റെ വൈബ്
ഒരാളുടെ ഇ മെയിൽ വിലാസം നൽകിയാൽ അയാളുടെ ഇന്റർനെറ്റിലുള്ള സകല വിവരങ്ങളും നൊടിയിടയിൽ അക്കമിട്ടു കിട്ടുന്നതായിരുന്നു വൈബ്സ് എന്ന ആപ്ലിക്കേഷൻ. സ്വന്തം ആവശ്യത്തിനായി തയ്യാറാക്കിയതാണെങ്കിലും ആവശ്യക്കാരേറി. വൈബ്സ് മാർക്കറ്റിംഗ്, സെയിൽസ് പോലുള്ള മേഖലകളിലെ കമ്പനികൾ വിലയ്ക്കു വാങ്ങി. എച്ച്ആർ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഈ ആപ്ലിക്കേഷനിലൂടെ പ്രൊഫൗണ്ടിസ് വളരുകയായിരുന്നു. നാലു പേരിൽ തുടങ്ങിയ കമ്പനി നിരവധി പേരുടെ സ്ഥാപനമായി. കേരളത്തിലെ സ്റ്റാർട്ട് അപ്പ് വിജയങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്നായി.
advertisement
വൈബ്സിലൂടെ സ്റ്റാർട്ട് അപ്പ് വിജയഭൂപടത്തിൽ ഇടം പിടിച്ച പ്രൊഫൗണ്ടിസ് മുന്നോട്ട് കുതിക്കുകയായിരുന്നു. 2011ൽ തുടങ്ങിയ പ്രൊഫൗണ്ടിസിനെ 2016ലാണ് അമേരിക്കൻ കമ്പനിയായ ഫുൾ കോൺടാക്ട് ഏറ്റെടുത്തത്.  കേരളത്തിലെ തന്നെ അക്കാലത്തെ ഏറ്റവും മൂല്യമുള്ള ഏറ്റെടുക്കലായിരുന്നു അത്. പിന്നാലെ അർജുനും ടീമും അമേരിക്കയിലേക്കു പറന്നു. ഇരുന്നൂറോളം ജീവനക്കാരുമായാണ് ഫുൾ കോൺടാക്ടിൽ പ്രൊഫൗണ്ടിസ് ലയിച്ചത്.
അമേരിക്കയിലെത്തിയിട്ടും അടങ്ങിയിരുന്നില്ല
ഫുൾ കോൺടാക്ടിൽ പ്രധാന പദവിയിലെത്തിയ അർജുന് പക്ഷേ, വെറുതേ ഇരിക്കാനാവുമായിരുന്നില്ല. ഇൻഫോസിസിൽ നിന്ന് ജോലി വിട്ടിറങ്ങിയ അതേ സ്റ്റാർട്ട് അപ്പ് മനസ് തന്നെയായിരുന്നു ഉള്ളിൽ. രണ്ടു വർഷക്കാലം ഫുൾകോണ്ടാക്ടിന്റെ ഭാഗമായി തുടർന്നു. ഇതിനിടയിൽ ഡാറ്റാ ലോകത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ. പല കമ്പനികളുടെയും കൺസൾട്ടൻസി. അങ്ങനെ അർജുൻ പുതുചിന്തകളിലേക്കു മുന്നോട്ട് പോയി.
advertisement
അമേരിക്കയിലെ ഡാറ്റാ കമ്പനികളുമായുള്ള ബന്ധവും നിരന്തര ആശയവിനിമയവും അർജുനെ പുതിയ ചിന്തകളിലേക്കു നയിച്ചു. ഏതാണ്ട് ഒന്നര വർഷത്തിലേറെ മാത്രമായിരുന്നു ഫുൾകോണ്ടാക്ടിലെ ജീവിതം. 2018 ആദ്യം അവിടെ നിന്നുമിറങ്ങി അർജുൻ. ഇതിന് അർജുൻ തന്നെ കണ്ടെത്തുന്ന വിശദീകരണം ഇങ്ങനെ: 'ഒരിക്കൽ സ്റ്റാർട്ട് അപ്പ് തുടങ്ങി വിജയിപ്പിക്കുന്നവർക്ക് എപ്പോഴും ഒരു പ്രോബ്ലം സോൾവിംഗ് മൈൻഡ് ഉണ്ടാകും.'
2018 പകുതിയായപ്പോഴേക്കും അർജുനും ചങ്ങാതി ചെന്നൈക്കാരൻ പ്രസന്ന വെങ്കടേഷും കൈകോർത്തു. ഇൻസെന്റ് ഡോട്ട് എഐ (insent.ai) എന്ന കമ്പനി അങ്ങനെ രൂപം കൊള്ളുകയായിരുന്നു. ഇരുവരും ഏറെക്കാലമായി പരിചിതർ.
കമ്പനികൾക്ക് മെയിലിന് പകരം ചാറ്റായാലെന്താ?
ഇതു തന്നെയായിരുന്നു പുതിയ ആശയം. ചാറ്റിംഗ് സർവസാധാരണമായ ലോകത്തും ഔദ്യോഗിക ആശയവിനിമയങ്ങൾ ഇന്നും ഇ മെയിലിലാണ്. രണ്ടു കമ്പനികൾ തമ്മിലായാലും കമ്പനിയും ഉപഭോക്താവും തമ്മിലായാലും എല്ലാം ഇ മെയിലിലൂടെ സംസാരിക്കുന്ന കാലമാണ്. എന്തുകൊണ്ട് തത്സമയ ആശയവിനിമയമോ സംഭാഷണമോ ആയിക്കൂടാ എന്ന ചോദ്യം. ലോകത്തെ ബിസിനസ് രംഗത്ത് ഏറെ മാറ്റം വരുത്തുന്ന സംശയമല്ലേയെന്ന രണ്ടുപേരുടെയും ചിന്തയാണ് ഇൻസെന്റ് എന്ന കമ്പനിയിലേക്ക് എത്തിച്ചത്.
ഇ-മെയിലിനു പകരമായി ബിസിനസ് സൊല്യൂഷനുകൾക്കു വേണ്ടിയുള്ള ചാറ്റ് പ്ലാറ്റ് ഫോം വികസിപ്പിച്ചു. സാധാരണ ചാറ്റ് ആപ്ലിക്കേഷനുകളിൽ വ്യത്യസ്തമായി ബിസിനസ് രംഗത്തുള്ളവർക്ക് സ്വകാര്യതയും ഗൗരവവും ഉറപ്പാക്കുന്ന രീതികളായിരുന്നു ഇതിൽ. ഇന്റന്റ്, കൺസെന്റ് എന്നീ വാക്കുകൾ ചേർത്താണ് കമ്പനിക്ക് ഇൻസെന്റ് എന്ന പേരു നൽകിയത്. പേരു വന്ന വഴി പോലെ തന്നെ, ചാറ്റ് ചെയ്യുന്നവരുടെ കൺസെന്റ് ഉണ്ടെങ്കിൽ മാത്രം മുന്നോട്ട് സംഭാഷണവുമായി പോകാവുന്നതാണ് ഇവർ വികസിപ്പിച്ച സംവിധാനം.
കമ്പനി തുടങ്ങിയ 2020ൽതന്നെ ആദ്യത്തെ കസ്റ്റമറെയും കിട്ടി. ചാറ്റ് പ്ലാറ്റ്ഫോം, ചാറ്റ് ബോട്ട് തുടങ്ങി എല്ലാ സാങ്കേതിക സംവിധാനവും ഒരുക്കിയതോടെ കൂടുതൽ കൂടുതൽ പേർ ഇൻസെന്റിന്റെ ഉപഭോക്താക്കളായി. അങ്ങനെ അർജുന്റെ രണ്ടാമത്തെ സംരംഭവും വിജയത്തിന്റെ പടവുകൾ ചവിട്ടി. ഇൻസെന്റ് വിജയവഴിയിലേക്കു മാറിയതോടെ നിക്ഷേപകരും കൂടി. ഇൻസെന്റ് അടുത്ത ഘട്ടത്തിലേക്കു കടക്കാനൊരുങ്ങുന്നതിനിടെയാണ് വലിയൊരു ട്വിസ്റ്റ് ഉണ്ടാകുന്നത്.
ഹെൻ‌റിക്ക് അയച്ച ഇമെയിലിന് ശേഷം
അമേരിക്കയിലെത്തിയശേഷം അർജുന് കിട്ടിയ വിലമതിക്കാനാവാത്ത സൗഹൃദമായിരുന്നു ഹെൻ‌റിയെന്ന സൂം ഇൻഫോ കമ്പനി സിഇഒ. നിരന്തരം ഐടി, ഡാറ്റാ മേഖലയിലെ മാറ്റങ്ങൾ ഇരുവരും ആശയവിനിമയം നടത്തിപ്പോന്നു. ലോകത്തെ എൻജിനീയർമാരുടെ സംഘടനയായ ഐഇഇഇയുടെ ഭാഗമായുള്ള പരിചയമായിരുന്നു ഇരുവരുടേതും. പിന്നെ അവിടെനിന്നും വളർന്ന് സൗഹൃദത്തോളമെത്തി.
അടുത്തകാലത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചു കുറച്ചുനാൾ മുമ്പ് അർജുൻ അയച്ച ഒരു ഇമെയിലാണ് വഴിത്തിരിവായത്. ഇരുവരും തമ്മിലുള്ള സംസാരം പെട്ടെന്നാണ് വഴിമാറിയത്. അർജുനൊന്നിച്ച് പ്രവർത്തിക്കണമെന്ന ഹെൻ‌റിയുടെ വാക്ക്. ഇൻസെന്റിന്റെ ഏറ്റെടുക്കലിനെക്കുറിച്ചായി ചർച്ച പിന്നീട്. സ്വന്തമായി വികസിപ്പിച്ച കമ്പനിക്ക് അർജുൻ ഒരു വില കണ്ടിരുന്നു. ആർക്കും കേട്ടാൽ ഭീമമെന്നു തോന്നുന്ന വില. ചർച്ച പുരോഗമിച്ചപ്പോൾ അർജുൻ ഈ തുക തുറന്നു പറഞ്ഞു.
പിന്നെയുണ്ടായതെല്ലാം സ്വപ്നത്തിലെന്ന പോലെ. ഒരു കൂടിക്കാഴ്ച. അർജുന്റെ ഉപാധികൾ കേട്ട് കമ്പനിയിലെ ഉന്നതരുമായി സംസാരിക്കാൻ പോയ ഹെൻ‌‌റി തിരികെ വന്ന് കൈ കൊടുത്തു സമ്മതിച്ചു. അർജുൻ കൽപിച്ച വിലയിൽനിന്ന് ഒരു ഡോളർ പോലും കുറയാത്ത തുക. അറുനൂറു ദശലക്ഷം ഡോളർ വരുമാനമുള്ള സൂം ഇൻഫോ അർജുന്റെ രണ്ടാം കമ്പനിയായ ഇന്സെന്റിനെ ഏറ്റെടുത്തു. നിക്ഷേപിച്ച തുകയെത്രയെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
ഇരുപത്തിരണ്ടാം വയസിൽ അദ്ഭുതം കാട്ടിയ അർജുൻ പത്തുവർഷം കഴിഞ്ഞ് മുപ്പത്തിരണ്ടാം വയസിൽ വിസ്മയമാണ് കാട്ടിയത്. ഇരു കമ്പനികളും ഒന്നായതോടെ സൂം ഇൻഫോയുടെ സീനിയർ വൈസ് പ്രസിഡന്റ് പദവിയിലാണ് അർജുൻ ഇപ്പോൾ. പക്ഷേ, ഒന്നുറപ്പിച്ചു പറയുന്നുണ്ട് അർജുൻ. ഇതെന്റെ അവസാന കമ്പനിയില്ല. ആ വാക്കുകളിൽ തന്നെ വ്യക്തമാണ്, സ്റ്റാർട്ട് അപ്പുകളെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന യുവ മനസ്.
കമ്പനികളോ ഏറ്റെടുക്കലോ നിക്ഷേപങ്ങളോ അല്ല, അർജുന്റെ മനസിൽ എപ്പോഴും സ്റ്റാർട്ട് അപ്പുകൾ തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അത്രയധികം സംരംഭക മനസുകളാണ് അർജുനെ തേടിയെത്തുന്നത്. ഉപദേശങ്ങളും മാർഗനിർദേശങ്ങളും കൊടുത്ത് അവർക്കൊപ്പം അർജുനുമുണ്ട്. ആഴ്ചയിൽ ഒരു മണിക്കൂർ ഒരു പുതിയ സ്റ്റാർട്ട് അപ്പിനായി മാറ്റിവയ്ക്കും. അവർക്കുള്ള വഴികാട്ടിയായി ആ സമയം മാറും.
ഇക്കാലം മാറും, ഡാറ്റയും നിർമിത ബുദ്ധിയും വാഴും
കോവിഡ് കൊണ്ടുവന്ന അനിശ്ചിതത്വങ്ങളുടെ ഈ കാലം വലിയൊരു മാറ്റത്തിന്റെ വാതിലാണെന്നാണ് അർജുൻ പറയുന്നത്. മുപ്പതു വർഷം കൊണ്ട് ലോകം മാറേണ്ട മാറ്റമാണ് ഒന്നോ ഒന്നരയോ വർഷം കൊണ്ടു മാറിയത്. ഡാറ്റ ഏറ്റവും വിലപിടിപ്പുള്ള നിധിയായി മാറി. ഡാറ്റയാണ് ഇപ്പോൾ എന്തിനും ആധാരം. ഓൺലൈൻ വ്യാപാരവും ഓൺലൈൻ ഇടപാടുകളും കൂടിയപ്പോൾ ഡാറ്റയിലാണ് ജീവന്റെ വായു എന്ന നില വന്നു. ഇനിയും മാറും.
നിർമിത ബുദ്ധി നമ്മുടെ നിത്യജീവിതത്തെ നയിക്കുന്ന നാളുകളാണ്. നിർമിത ബുദ്ധി പുതിയ പടവുകൾ കയറുമ്പോൾ ഏറ്റവും ആവശ്യം ഡാറ്റയാണ്. ഡാറ്റയിൽ ചുവടൂന്നിയാണ് മനുഷ്യനോട് മത്സരിക്കുന്ന നിർമിത ബുദ്ധിയുടെ വളർച്ച. റിഗുകളിൽ പോയി വരുന്ന കപ്പലുകൾ കടലിൽ എത്ര മുങ്ങുന്നുണ്ട് എന്നു നോക്കി ഓരോ രാജ്യത്തിന്റെയും എണ്ണ ഉപയോഗം കണ്ടെത്തുന്നതും, ടെസ്‌ല കാറുകളിൽ പുതിയ ഫീച്ചറുകൾ വരുന്നതുമൊക്കെ ഈ ഡാറ്റയെ അടിസ്ഥാനമാക്കി മാത്രമായിരിക്കും. അതായത് വരുന്ന കാലം ഡാറ്റയും നിർമിത ബുദ്ധിയും വാഴുമെന്ന് തന്നെയാണ് അർജുൻ പറയുന്നത്. അപ്പോഴും, മനുഷ്യനെ നിർമിത ബുദ്ധി കീഴടക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയും.
ഡാറ്റ ലോകം കീഴടക്കുമ്പോൾ മലയാളിക്ക് അഭിമാനമാണ് അർജുൻ. മുപ്പത്തിരണ്ടു വയസിനുള്ളിൽ ഡാറ്റയുടെ ലോകം കീഴടക്കിയ ചെറുപ്പക്കാരൻ. ഉള്ളിൽ ചിതറുന്നത് പുതിയ ആശയങ്ങളുടെയും സംരംഭങ്ങളുടെയും തീപ്പൊരി. തിരുവല്ല സ്വദേശി രാജശേഖരൻ പിള്ളയുടെയും അംബികാദേവിയുടെയും മകനാണ് അർജുൻ. ഭാര്യ ഡോ. അഖില.
മലയാളം വാർത്തകൾ/ വാർത്ത/Tech/
പതിനായിരങ്ങൾ ഉപേക്ഷിച്ച് 5000 രൂപ ശമ്പളക്കാരനായി; തൊട്ടതെല്ലാം വിസ്മയമാക്കി; സ്വപ്നതുല്യമായ സ്റ്റാർട്ട് അപ്പ്
Next Article
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement