Arattai വാട്‌സാപ്പിന് പകരക്കാരനായി ഇന്ത്യയുടെ അരട്ടൈ ; ഇതൊന്ന് പരീക്ഷിച്ചുനോക്കെന്ന് കേന്ദ്രം

Last Updated:

സ്വദേശി മെസേജിംഗ് ആപ്ലിക്കേഷനായ 'അരാട്ടൈ' ഒന്ന് പരീക്ഷിച്ച് നോക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്

അരാട്ടൈ
അരാട്ടൈ
തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ക്കും ഉത്പന്നങ്ങള്‍ക്കും പിന്തുണ നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. മൈക്രോസോഫ്റ്റിനും ഗൂഗിളിനും പകരം ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമായ സോഹോ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ ഇപ്പോള്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് കേന്ദ്രം. സ്വദേശി മെസേജിംഗ് ആപ്ലിക്കേഷനായ 'അരാട്ടൈ' ഒന്ന് പരീക്ഷിച്ച് നോക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സോഹോയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ ആഹ്വാനം ചെയ്തത് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ്. ഇപ്പോഴിതാ സോഹോ കോര്‍പ്പറേഷന്‍ തന്നെ തദ്ദേശീയമായി വികസിപ്പിച്ച മെസേജിംഗ് ആപ്പായ അരാട്ടൈ ഒന്ന് പരീക്ഷിച്ചുനോക്കാനാണ് പ്രധാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സാപ്പിന് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ നിര്‍മ്മിത മെസേജിംഗ് പ്ലാറ്റ്‌ഫോമാണിത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അരാട്ടൈ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള പോസ്റ്റ് പ്രധാന്‍ പങ്കുവെച്ചത്. അരാട്ടൈ സൗജന്യവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും സുരക്ഷിതവുമായ മെസേജിംഗ് ആപ്ലിക്കേഷനാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധം നിലനിര്‍ത്താന്‍ പ്രാദേശികമായി നിര്‍മ്മിച്ച ഡിജിറ്റല്‍ ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി ഡ്രൈവിന്റെ ഭാഗമാണിതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
advertisement
2021- ജനുവരിയിലാണ് കമ്പനി അരാട്ടൈ ആപ്പ് അവതരിപ്പിച്ചത്. അമേരിക്കന്‍ മെസേജിംഗ് ആപ്പായ വാട്‌സാപ്പ് തങ്ങളുടെ സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തിയതിനു പിന്നാലെയായിരുന്നു ഇത്. തമിഴ് വാക്കായ അരാട്ടൈയുടെ അര്‍ത്ഥം 'കാഷ്വല്‍ ചാറ്റ്' എന്നാണ്. ദൈനംദിന ആശയവിനിമയം ലളിതവും ആസ്വാദ്യകരവുമാക്കുക. ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അയയ്ക്കാനും, വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാനും, സ്റ്റോറികള്‍ സൃഷ്ടിക്കാനും, ചാനലുകള്‍ കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ബിസിനസുകള്‍ക്ക് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.
advertisement
ഉപയോക്തൃ സ്വകാര്യത ഉറപ്പാക്കികൊണ്ടാണ് അരാട്ടൈ വികസിപ്പിച്ചിട്ടുള്ളത്. ഇത് നിലവില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള സാങ്കേതിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ ബദലുകള്‍ സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണ് അരാട്ടൈ ആപ്പ് എന്ന് സോഹോ അറിയിച്ചു. പ്രാദേശിക ഇന്നൊവേഷനുകളെ പിന്തുണച്ചുകൊണ്ട് ആളുകളെ ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുവെന്നും കമ്പനി അറിയിച്ചു.
1996-ല്‍ കമ്പനി സിഇഒ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്നാണ് സോഹോ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ആരംഭിച്ചത്. 55-ലധികം ബിസിനസ് സേവനങ്ങള്‍ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. 150-ലധികം രാജ്യങ്ങളിലായി 130 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സേവിക്കുന്ന സോഹോയുടെ ക്ലൈന്റുകളാണ് ആഗോള ഭീമന്മാരായ ആമസോണ്‍, നെറ്റ്ഫ്ളിക്‌സ്, ഡെലോയിറ്റ്, പ്യൂമ, ടൊയോട്ട, സോണി, ലോറല്‍ എന്നിവ.
advertisement
തദ്ദേശീയമായി വികസിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ കടുത്ത മത്സരം നടത്തുന്ന സോഹോയുടെ ഉത്പന്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. മൈക്രോസോഫ്റ്റിനും ഗൂഗിളിനും പകരം സോഹോ  പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് ഇതിന്റെ തെളിവാണ്.
വാട്‌സാപ്പിന് പകരക്കാരനാകാന്‍ അരാട്ടൈയ്ക്ക് കഴിയുമോ ?
തദ്ദേശീയമായി വികസിപ്പിച്ച ആപ്പെന്ന നിലയില്‍ വലിയ ജനപ്രീതി കിട്ടിയെങ്കിലും മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിനെ പൂര്‍ണ്ണമായും വെല്ലുവിളിക്കാന്‍ ഇതുവരെ അരാട്ടൈയ്ക്ക് സാധിച്ചിട്ടില്ല. എന്‍ഡ് -ടു -എന്‍ഡ് എന്‍ക്രിപ്ഷന്റെ അഭാവമാണ് ആപ്പിന്റെ ഒരു പ്രധാന പരിമിതി.
advertisement
അയച്ചയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. സേവന ദാതാവിന് പോലും ഉള്ളടക്കം ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ഇത് സെന്‍സിറ്റീവ് വ്യക്തിഗത, ബിസിനസ് ആശയവിനിമയങ്ങളെ ഹാക്കര്‍മാര്‍, നിരീക്ഷണം, അനധികൃത ആക്‌സസ് എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. അരാട്ടൈ എന്‍ക്രിപ്റ്റ് ചെയ്ത കോളുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സന്ദേശങ്ങളുടെ കാര്യത്തില്‍ ഈ സുരക്ഷയില്ല. ഇത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാതെ വാട്‌സാപ്പ് നല്‍കുന്ന സ്വകാര്യതയിലെ സുരക്ഷ ഉറപ്പാക്കാന്‍ അരാട്ടൈയ്ക്ക് സാധിക്കില്ല. എന്നാല്‍ ഈ വിടവ് നികത്താന്‍ മാതൃസ്ഥാപനമായ സോഹോയ്ക്ക് സാധിച്ചാല്‍ പൂര്‍ണ്ണമായ രീതിയില്‍ വാട്‌സാപ്പിനുള്ള ഇന്ത്യന്‍ ബദലായി അരാട്ടൈ മാറിയേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Arattai വാട്‌സാപ്പിന് പകരക്കാരനായി ഇന്ത്യയുടെ അരട്ടൈ ; ഇതൊന്ന് പരീക്ഷിച്ചുനോക്കെന്ന് കേന്ദ്രം
Next Article
advertisement
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
  • ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു.

  • ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹത.

  • ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി‌ എസ് പ്രശാന്ത്, കള്ളനാക്കിയതിന് ആരാണ് സമാധാനം പറയുന്നത് എന്ന് ചോദിച്ചു.

View All
advertisement