ഗൂഗിൾ മാപ്പ് പണി തന്നിട്ടുണ്ടോ? പെട്ടെന്നുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍ ഗൂഗിള്‍ മാപ്പിന് തിരിച്ചറിയാനാകാത്തത് എന്തുകൊണ്ട്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗൂഗിള്‍ മാപ്പിനെ കണ്ണുമടച്ച് വിശ്വസിക്കാമോ?
കനത്തമഴയുള്ള സമയത്ത് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് അധികകാലമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ യാത്ര ചെയ്ത പലരും ഇത്തരത്തില്‍ കുടുങ്ങിപ്പോയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കര്‍ഷക സമരത്തെത്തുടര്‍ന്ന് റോഡുകള്‍ വലിയ ബാരിക്കേഡുകളും കോണ്‍ക്രീറ്റ് സ്ലാബുകളും വെച്ച് പോലീസ് തടഞ്ഞതാണ് ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ചവര്‍ പെരുവഴിയിലാകാന്‍ കാരണം.
ഗൂഗിള്‍ മാപ്പിനെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന ഓര്‍മപ്പെടുത്തലാണ് ഇത് നല്‍കുന്നത്. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്തുണ്ടായ അനുഭവം ഓഫീസ് ജോലിക്കായി പോയവരെയും തെല്ലൊന്നുമല്ല കുഴക്കിയത്. ഇത് പക്ഷേ, നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള യാത്രക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. പെട്ടെന്നുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഗൂഗിള്‍ മാപ്പ് പരാജയപ്പെടുന്നതാണ് ഇതിന് കാരണമായി വിദഗ്ധര്‍ പറയുന്നത്.
ലോകമെമ്പാടുമായി ഓരോ ദിവസവും ഏകദേശം 20 ബില്ല്യണ്‍ കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കാന്‍ ആളുകളെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ മാപ്പ്. ഇന്ത്യയിലെ സങ്കീര്‍ണവും തിരക്കേറിയതുമായ റോഡുകളിലൂടെ സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പ് വലിയൊരു സഹായം തന്നെയാണ്. അതേസമയം, പെട്ടെന്നുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍, റോഡ് അടയ്ക്കുന്ന സംഭവങ്ങള്‍, നാവിഗേഷനിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് യാത്രക്കാരെ അറിയിക്കാനുള്ള ഗൂഗിള്‍ മാപ്പിന്റെ കഴിവ് മിക്കപ്പോഴും കുറവായിരിക്കും.
advertisement
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഗൂഗിള്‍ മാപ്പ് ട്രാഫിക് വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നുവെന്നതും നടപ്പിലാക്കുന്നുവെന്നതും ഇതിനെ ആശ്രയിച്ചിരിക്കുന്നു. ജിപിഎസ്, ലൊക്കേഷന്‍ സേവനങ്ങള്‍ എന്നിവയെ കൂടുതലായി ആശ്രയിച്ചാണ് ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ വിവരങ്ങളാണ് ട്രാഫിക് തിരക്ക് നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും ട്രാഫിക് മാനേജ്‌മെന്റ് സെന്ററുകള്‍ പോലുള്ള ബാഹ്യ ഉറവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന തത്സമയ ട്രാഫിക് വിവരങ്ങളുമായി സംയോജിപ്പിച്ചാണ് ഗൂഗിള്‍ മാപ്പിന്റെ പ്രവര്‍ത്തനം.
ഇതിന് പുറമെ ഏതെങ്കിലും മാറ്റങ്ങള്‍ ഉണ്ടെന്ന് സംബന്ധിച്ച് പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരങ്ങളും കൂട്ടിച്ചേര്‍ക്കും. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്(എഐ) അടിസ്ഥാനമാക്കിയുള്ള അല്‍ഗൊരിതങ്ങളും മെഷീന്‍ ലേണിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് വലിയ അളവിലുള്ള തത്സമയ ട്രാഫിക് വിവരങ്ങളും റിവ്യൂകളും ഉപയോക്താക്കളുടെ പ്രതികരണങ്ങളും ശേഖരിക്കുന്നത്. ഒരു പ്രത്യേകസമയത്തുള്ള വാഹനങ്ങളുടെ വേഗതയും മറ്റും ശേഖരിക്കുന്നതും ഈ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ്.
advertisement
വലിയ തോതിലുള്ള വിവരങ്ങള്‍ കൈവശമുണ്ടെങ്കിലും പെട്ടെന്നുള്ള ട്രാഫിക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ അല്‍ഗൊരിതത്തിന് കഴിയില്ല. അതേസമയം, ട്രാഫിക് നിയന്ത്രിക്കുന്ന അധികൃതരുടെയും ഉപഭോക്താക്കളുടെയും പക്കല്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിക്കാതെ വരുമ്പോഴും ഗൂഗിള്‍ മാപ്പ് തെറ്റായ വിവരങ്ങള്‍ നല്‍കും. ഇന്ത്യയില്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വലിയ പരിധി നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അപ്രതീക്ഷിതമായുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കളെ അറിയിക്കുന്നതിനും ഗൂഗിള്‍ മാപ്പ് പരാജയപ്പെടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 16, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഗൂഗിൾ മാപ്പ് പണി തന്നിട്ടുണ്ടോ? പെട്ടെന്നുണ്ടാകുന്ന ട്രാഫിക് തടസ്സങ്ങള്‍ ഗൂഗിള്‍ മാപ്പിന് തിരിച്ചറിയാനാകാത്തത് എന്തുകൊണ്ട്?