• HOME
  • »
  • NEWS
  • »
  • money
  • »
  • സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം: ഫോൺ റെഡ്മി നോട്ട് 5 പ്രോ ആണോ? ഷവോമിയുടെ പ്രതികരണം

സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം: ഫോൺ റെഡ്മി നോട്ട് 5 പ്രോ ആണോ? ഷവോമിയുടെ പ്രതികരണം

സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സമയത്ത് കുട്ടി ഫോണിൽ വീഡിയോ കാണുകയായിരുന്നു

  • Share this:

    എട്ടുവയസ്സുകാരി വീഡിയോ കണ്ടുകൊണ്ടിരിക്കെ സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ആളുകൾ. തൃശൂർ സ്വദേശിനിയായ ആദിത്യശ്രീയാണ് മരിച്ചത്. ഏപ്രിൽ 25ന് രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അശോക് കുമാറിന്റെയും സൗമ്യയുടെയും മകളായ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ആദിത്യശ്രീ. സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സമയത്ത് കുട്ടി ഫോണിൽ വീഡിയോ കാണുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    സ്മാർട്ട്‌ഫോണിനെക്കുറിച്ചോ അതിന്റെ ബ്രാൻഡിനെക്കുറിച്ചോ പോലീസ് ഔദ്യോഗികമായി വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റെഡ്മി നോട്ട് 5 പ്രോയാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. റെഡ്മി നോട്ട് 5 പ്രോ 2018 ഫെബ്രുവരിയിൽ ബജറ്റ്-സൗഹൃദ ഫോൺ എന്ന നിലയ്ക്കാണ് അവതരിപ്പിച്ചത്. 4,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

    ഇതൊരു റെഡ്മി ഫോൺ ആണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെന്നും എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല എന്നും അതേകുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഷവോമി ഇന്ത്യ വക്താവ് ന്യുസ് 18നോട് പറഞ്ഞത്. ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പഴയ റെഡ്മി നോട്ട് 5 പ്രോയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. എങ്കിലും കമ്പനി കുടുംബത്തെ പിന്തുണയ്ക്കുമെന്ന് ഷവോമി ഇന്ത്യ പ്രതിനിധി അറിയിച്ചു.

    Also Read- എട്ടുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ പെട്ടിത്തെറിക്ക് കാരണം ‘കെമിക്കൽ ബ്ലാസ്റ്റ്’ പ്രതിഭാസം

    “ഷവോമി ഇന്ത്യ ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന കമ്പനിയാണ്. ഞങ്ങൾ ഇത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രയാസകരമായ ഈ സമയത്ത് ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുകയും സാധ്യമായ വിധത്തിൽ അവരെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. ഇത് ഒരു റെഡ്മി ഫോൺ ആണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല, ഇത് നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം നിർണ്ണയിക്കാൻ ഞങ്ങൾ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയും ആവശ്യമായ ഏത് വിധത്തിലും അവരുമായി സഹകരിക്കുകയും ചെയ്യും,” ഷവോമി ഇന്ത്യ വക്താവ് അറിയിച്ചു.

    Published by:Anuraj GR
    First published: