യുപിഐ വിജയഗാഥ: സിങ്കപ്പൂരിനും ഫ്രാൻസിനും പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും ഇനി യുപിഐ സേവനം
- Published by:Vishnupriya S
- news18-malayalam
Last Updated:
2022 ഫെബ്രുവരിയിൽ സിങ്കപ്പൂരിൽ യുപിഐ നിലവിൽ വന്നിരുന്നു
സിങ്കപ്പൂരിനും ഫ്രാൻസിനും പുറമെ ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം നിലവിൽ വന്നു. തിങ്കളാഴ്ച വിർച്വലായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ബാങ്കുകൾ തമ്മിലുള്ള പണമിടപാടുകൾ സുഗമമാക്കുന്ന ആപ്ലിക്കേഷനായ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (UPI) നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (RBI). നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (NPCI) ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
മൊബൈൽ ഫോൺ വഴി 24 മണിക്കൂറും (24*7) രണ്ട് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണമിടപാട് നടത്താൻ യുപിഐ വഴി സാധിക്കും. യുപിഐ സംവിധാനവും പേനൗ (PayNow) സംവിധാനവും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരിയിൽ സിങ്കപ്പൂരിൽ യുപിഐ നിലവിൽ വന്നിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്. ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിങ്കപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങും പങ്കെടുത്തിരുന്നു.
യുഎഇ, സിങ്കപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഫോൺപേ ( PhonePe) തങ്ങളുടെ ക്യൂആർ (QR) കോഡ് പെയ്മെന്റ് ഉൾപ്പെടെയുള്ള സൗകര്യം മുൻപ് അവതരിപ്പിച്ചിരുന്നു. ഒരു മൊബൈൽ ഫോൺ വഴി ഇൻസ്റ്റന്റ് പെയ്മെന്റ് (Instant Payment ) സൗകര്യം നൽകുന്നു എന്നതാണ് യുപിഐയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രാൻസിലും യുപിഐ സംവിധാനം നിലവിൽ വന്നിരുന്നു. ഫ്രാൻസിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 380 മില്യണിലധികം ഉപയോക്താക്കളുള്ള യുപിഐ വഴി ഈ വർഷം ജനുവരിയിൽ മാത്രം 12.2 ബില്യണോളം ഇടപാടുകൾ നടന്നുവെന്നാണ് കണക്കുകൾ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 13, 2024 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
യുപിഐ വിജയഗാഥ: സിങ്കപ്പൂരിനും ഫ്രാൻസിനും പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും ഇനി യുപിഐ സേവനം