ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കമായി. വ്യക്തിഗത നികുതി കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. പുതിയ സ്കീമില്‍ ഏഴു ലക്ഷം വരെ ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയെന്ന സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യമന്ത്രി നടത്തിയത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്ന രണ്ട് പ്രധാന വകുപ്പുകളാണ് ആദായ നികുതി നിയമത്തിലെ 80സി, 80 ഡി എന്നീ വകുപ്പുകൾ. നികുതിദായകര്‍ക്ക് നികുതി ഇളവ് ഉറപ്പാക്കുന്ന രണ്ട് സെക്ഷനുകളാണ് ഇവ. ഇവയെപ്പറ്റി കൂടുതലറിയാം.
എന്താണ് ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80 സി?
ആദായ നികുതി നിയമത്തില്‍ നികുതി ഇളവ് ഉറപ്പാക്കുന്ന ഒരു പ്രധാന വകുപ്പാണ് 80 സി. നികുതി ലാഭിക്കുന്ന തരത്തിലുള്ള നിക്ഷേപം നടത്തിയോ അല്ലെങ്കില്‍ സമാനമായ ചെലവുകള്‍ നടത്തിയോ നികുതി വിധേയമായ വരുമാനം കുറയ്ക്കാന്‍ ഇത് നികുതിദായകരെ പ്രാപ്തരാക്കുന്നു. ഓരോ വര്‍ഷവും 1.5 ലക്ഷം രൂപയുടെ നികുതിയിളവുകൾ നികുതിദായകരുടെ മൊത്തം വരുമാനത്തില്‍ നിന്ന് കുറയ്ക്കാൻ ഈ വകുപ്പ് അനുവദിക്കുന്നു. വ്യക്തികൾക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലികള്‍ക്കുമാണ് ഈ നിയമത്തിന്റെ ഫലം ഏറ്റവുമധികം ലഭിക്കുക.
Also Read – Budget 2023| ഈ ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ; വില കുറയുന്നവ ഏതൊക്കെ?
കമ്പനികള്‍, പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, എല്‍എല്‍പികള്‍ എന്നിവര്‍ക്ക് ഈ നിയമത്തിന്റെ ഗുണഫലം ലഭിക്കില്ല. 80സിസിസി, 80സിസിഡി(1), 80സിസിഡി(1b), എന്നീ ഉപവകുപ്പുകളും ഈ സെക്ഷന് കീഴിലാണ് വരിക.
നികുതി ഇളവ് ലഭിക്കുന്ന പ്രധാന നിക്ഷേപങ്ങള്‍
1. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ (സ്വന്തം പേരിലുള്ളത്, പങ്കാളിയ്ക്കുള്ളത്, കുട്ടികള്‍ക്ക് വേണ്ടിയുള്ളത്)
2. പ്രൊവിഡന്റ് ഫണ്ട്.
3. രണ്ട് കുട്ടികള്‍ക്ക് വരെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന ട്യൂഷന്‍ ഫീസ്
3. താമസസ്ഥലം വാങ്ങുന്നതിനോ, നിർമ്മാണ പ്രവർത്തനങ്ങൾക്കോ വേണ്ടിയുള്ള തുക.
5. അഞ്ച് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം.
ഇത് കൂടാതെ മറ്റ് ചില ഇളവുകളും ഈ സെക്ഷന്‍ പരിധിയില്‍ വരുന്നുണ്ട്. മ്യുച്വല്‍ ഫണ്ട്, മുതിര്‍ന്നവര്‍ക്കുള്ള നിക്ഷേപ പദ്ധതി, നബാര്‍ഡ് ബോണ്ടുകളുടെ വാങ്ങല്‍ എന്നിവയും ഈ വകുപ്പിന്റെ പരിധിയിലുള്ളതാണ്.
ആദായ നികുതി വകുപ്പിന് കീഴിലുള്ള 80 ഡി സെക്ഷന്‍
വ്യക്തികള്‍ക്ക് വേണ്ടിയോ കുടുംബത്തിന് വേണ്ടിയോ ഉള്ള ആരോഗ്യ സംബന്ധമായതോ, ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങളില്‍ പണം ചെലവാക്കുന്നതില്‍ ഇളവുകള്‍ നല്‍കുന്ന വകുപ്പാണ് 80ഡി.
ഈ വകുപ്പ് പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ നൽകുന്ന പ്രീമിയം പേയ്മെന്റുകള്‍ ഉൾപ്പെടെ കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. സ്വന്തം പേരിലോ, പങ്കാളിയുടെയോ കുട്ടികളുടെയോ പേരിലുള്ള പോളിസികളില്‍ ക്ലെയിം ബാധകമാണ്. ഈ വകുപ്പ് പ്രകാരം പരമാവധി 25000 രൂപ വരെ ക്ലെയിം ചെയ്യാന്‍ കഴിയും.
മാതാപിതാക്കളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റുകളിലും ഇളവുകള്‍ ആവശ്യപ്പെടാന്‍ ഈ നിയമത്തിലൂടെ സാധിക്കും. 60 വയസ്സിന് താഴെയാണ് മാതാപിതാക്കളുടെ പ്രായം എങ്കില്‍ പരമാവധി 25000 രൂപ വരെയും, 60 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ 50000 രൂപ വരെയും ക്ലെയിം ചെയ്യാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.