സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ഭാഗമായി പരമാവധി 75,000 കോടിയായി സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഈ പദ്ധതിയിലെ നിക്ഷേപം പരമാവധി 30 ലക്ഷം വരെ ആകാമെന്ന് 2023-24 ലെ കേന്ദ്ര ബജറ്റിൽ സർക്കാർ അറിയിച്ചിരുന്നു. മുൻ വർഷം 15 ലക്ഷം ആയിരുന്നു ഈ സ്കീമിലെ പരമാവധി നിക്ഷേപ പരിധി.
എന്താണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) ?
ഇത് ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ്. ഈ സ്കീമിന് കീഴിൽ ഒരാൾക്ക് കുറഞ്ഞത് 1,000 നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. പരമാവധി നിക്ഷേപം 30 ലക്ഷം രൂപ വരെ ആകാം. വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമെ, പങ്കാളിയുമായി സംയുക്തമായി അക്കൗണ്ടുകൾ തുറക്കാനുള്ള ഓപ്ഷനും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ ഉണ്ട്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് ആർക്കൊക്കെ തുറക്കാം?
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. 55 വയസോ അതിൽ കൂടുതലോ 60 വയസിന് താഴെയോ പ്രായമുള്ളവർ സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. 50 വയസിനു മുകളിലുള്ള പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം ലഭിക്കും.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക്
2023 മാർച്ച് 31-ന് അവസാനിക്കുന്ന പാദത്തിൽ മുതിർന്ന പൗരൻമാരുടെ സേവിംഗ് സ്‌കീമിന്റെ പലിശ നിരക്ക് 8 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ പാദത്തിലും പലിശ നിരക്ക് ധനമന്ത്രാലയം അവലോകനം ചെയ്യുന്നു. പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നൽകുന്നത്. അക്കൗണ്ട് തുറന്ന് , അഞ്ചു വർഷത്തിന് ശേഷം ഇത് ക്ലോസ് ചെയ്യാം. നിക്ഷേപകന് അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ഉണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി പ്രിമച്വർ ക്ലോസിങ്ങും അനുവദനീയമാണ്. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തില 80-C അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് എവിടെയാണ് തുറക്കേണ്ടത്?
ഇന്ത്യയിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപംങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ നിയമത്തില 80-C അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.