Universal Pension Scheme| രാജ്യത്തെ എല്ലാവര്‍ക്കും പെന്‍ഷന്‍; സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുടെ നേട്ടങ്ങള്‍

Last Updated:

ഇപ്പോള്‍ അവതരിപ്പിച്ച സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി മറ്റു പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ? നിലവില്‍ ലഭ്യമായ പെന്‍ഷന്‍ പദ്ധതികള്‍ ഏതൊക്കെ?

News18
News18
ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം പ്രധാന വരുമാനമാര്‍ഗം അടയുന്നു. അതിനാല്‍ സുരക്ഷിതമായ ഒരു വിരമിക്കല്‍ എല്ലാവരുടെയും ലക്ഷ്യമാണ്. എന്നാല്‍, സര്‍ക്കാര്‍, സ്വകാര്യമേഖല തൊഴിലാളികള്‍ക്ക് മാത്രമായി പെന്‍ഷന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികള്‍ക്ക് സ്വമേധയാ ഒരു നിശ്ചിത തുക നീക്കി വയ്ക്കാനും വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അനുമതി നല്‍കുന്ന ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായി രാജ്യത്ത് ഇതിനോടകം തന്നെ വ്യത്യസ്തമായ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ട്. ഇപ്പോള്‍ അവതരിപ്പിച്ച സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി മറ്റു പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ? നിലവില്‍ ലഭ്യമായ പെന്‍ഷന്‍ പദ്ധതികള്‍ ഏതൊക്കെ? ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് പകരമാകുമോ സാര്‍വത്രിക പെന്‍ഷന്‍ എന്നിവയെല്ലാം പരിശോധിക്കുകയാണ് ഇവിടെ.
advertisement
എന്താണ് സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി?
അസംഘടിത മേഖലയിലുള്‍പ്പെടെയുള്ളവരെയും ചേര്‍ത്ത് രാജ്യത്തെ എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരു പെന്‍ഷന്‍ പദ്ധതിയാണ് സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, വിവിധ ഡെലിവറി തൊഴിലാളികള്‍ എന്നിവര്‍ അടങ്ങുന്ന അസംഘടിത മേഖലയില്‍ നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള വലിയ സമ്പാദ്യ പദ്ധതികള്‍ ഒന്നും തന്നെയില്ല. ശമ്പളമുള്ള തൊഴിലാളികള്‍ക്കൊപ്പം സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ഈ പദ്ധതി ലഭ്യമാകും.
രാജ്യത്തിന്റെ പെന്‍ഷനും സമ്പാദ്യ ഘടനയും ലഘൂകരിക്കുക എന്നതാണ് സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുടെ പിന്നിലെ ആശയമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം നിലവിലെ ചില പദ്ധതികളും ഉള്‍പ്പെടുത്തുകയും ചെയ്യും. എല്ലാ പൗരന്മാര്‍ക്കും സുരക്ഷിതമായ സ്വമേധയാ ഉള്ള ഒരു സമ്പാദ്യ പദ്ധതിയായി ഇത് പ്രവര്‍ത്തിക്കും.
advertisement
പരമ്പരാഗതമായ ഒരു തൊഴില്‍ വ്യവസ്ഥ സൃഷ്ടിക്കുന്നതിനപ്പുറം സാമൂഹിക സുരക്ഷ വികസിപ്പിക്കാനും സമൂഹത്തിലെ വിശാലമായ ഒരു വിഭാഗത്തിന് ഘടനാപരമായ പെന്‍ഷന്‍ സംവിധാനം വാഗ്ദാനം ചെയ്യാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഒരു തൊഴിലുമായി ബന്ധപ്പെടുത്താതെ തന്നെ എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ ചേരാനുള്ള അവസരമുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും കാലക്രമേണ അവരുടെ പെന്‍ഷനിലേക്ക് സംഭാവന ചെയ്യാനും വര്‍ധിപ്പിക്കാനും ഇത് അനുമതി നല്‍കുന്നു.
പദ്ധതിക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആണ് മേല്‍നോട്ടം വഹിക്കുന്നത്. ചട്ടക്കൂട് തയ്യാറാക്കി കഴിഞ്ഞാല്‍, പദ്ധതി സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ പങ്കാളികളുമായി ചര്‍ച്ചകള്‍ നടക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
നിര്‍ദിഷ്ട സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയും ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള നിലവിലുള്ള പദ്ധതികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ സംഭാവന പൂര്‍ണമായും സ്വമേധയാ നല്‍കണമെന്നതാണ്. സര്‍ക്കാരില്‍നിന്ന് യാതൊരുവിധത്തിലുമുള്ള സഹായവും ഉണ്ടാകില്ല.
പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ (പിഎം-എസ് വൈഎം), വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) തുടങ്ങിയ നിലവിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ നിര്‍ദിഷ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഈ പദ്ധതികള്‍ പ്രതിമാസം 3000 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. ഓരോ മാസവും 55 മുതല്‍ 200 രൂപ വരെ സര്‍ക്കാരാണ് ഈ തുക സംഭാവന ചെയ്യുന്നത്.
advertisement
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ) നിയന്ത്രിക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയും ഈ പുതിയ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. കൂടാതെ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനുകള്‍ നല്‍കുന്നതിന് കെട്ടിട, മറ്റ് നിര്‍മാണ തൊഴിലാളികള്‍ (ബിഒസിഡബ്ല്യു) നിയമപ്രകാരം ശേഖരിക്കുന്ന സെസ് ഉപയോഗിക്കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ഇക്കോണിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ ഈ ഏകീകൃത പദ്ധതിയില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ പോത്സാഹിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് സര്‍ക്കാര്‍ ഫണ്ടുകളുടെ ന്യായമായ വിഹിതം ഉറപ്പാക്കാനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് തടയാനും സഹായിക്കും.
advertisement
ഇത്തരമൊരു പദ്ധതിയുടെ ആവശ്യകത എന്താണ്?
2036 ആകുമ്പോഴേക്കും ഇന്ത്യയിലെ വയോധികരുടെ എണ്ണം, അതായത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 22.7 കോടി കവിയുമെന്നും ഇത് മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുമെന്നും പ്രതീക്ഷിക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 34.7 കോടിയായി ഉയരുമെന്നും രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം ആകുമെന്നും പ്രതീക്ഷിക്കുന്നു.
യുഎസ്, കാനഡ, റഷ്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വികസിത രാജ്യങ്ങള്‍ക്ക് പെന്‍ഷനുകള്‍, ആരോഗ്യ സംരക്ഷണം, തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന സുസ്ഥിരമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അവരുടെ വയോധികര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതികളുമുണ്ട്.
advertisement
ഇന്ത്യയിലെ നിലവിലെ സാമൂഹിക സുരക്ഷാ ചട്ടക്കൂട് പ്രാഥമികമായി പ്രൊവിഡന്റ് ഫണ്ട് സംവിധാനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. കൂടാതെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതികളെയും ആരോഗ്യ ഇന്‍ഷുറന്‍സിനെയുമാണ് ആശ്രയിക്കുന്നത്.
നിര്‍ദിഷ്ട സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി ഉള്‍ക്കൊള്ളുന്ന ആളുകളെ വിശാലമാക്കാനും രാജ്യത്തെ തൊഴില്‍ ശക്തിക്കായി കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ പെന്‍ഷന്‍ സംവിധാനം സ്ഥാപിക്കാനും ശ്രമിക്കുന്നു.
യുപിഎസ് vs എന്‍പിഎസ്: എന്താണ് വ്യത്യാസം? എന്‍പിഎസിനെ മാറ്റി സ്ഥാപിക്കുമോ?
18 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമായ ഒരു സ്വമേധയാ വിരമിക്കല്‍ സേവിംഗ്‌സ് പദ്ധതിയാണ് എന്‍പിഎസ് അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതി. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വ്യക്തികള്‍ക്ക് ഒരു നിശ്ചിത തുകയും പെന്‍ഷനും ലഭിക്കാന്‍ ഇത് അനുവദിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കും ഈ പദ്ധതിയില്‍ ചേരാനും അതിന്റെ അനൂകൂല്യങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കാനും കഴിയും.
പുതിയ പദ്ധതി എന്‍പിഎസിനെ മാറ്റി സ്ഥാപിക്കുകയോ ലയിപ്പിക്കുകയോ ചെയ്യില്ല. ഇത് ഒരു വൊളണ്ടറി പെന്‍ഷന്‍ പദ്ധതിയായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ എന്‍പിഎസിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി(യുപിഎസ്) അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി എന്‍പിഎസിന് കീഴില്‍ ഒരു അധിക ഓപ്ഷനായിരിക്കും ഇത്.
തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച എന്‍പിഎസ് പിന്നീട് സ്വകാര്യ മേഖലയിലെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കുകയായിരുന്നു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) എന്നിവയ്ക്ക് സമാനമായി എന്‍പിഎസ് എക്‌സംപ്റ്റ്-എക്‌സംപ്റ്റ്-എക്‌സംപ്റ്റ്(ഇഇഇ) മാതൃകയാണ് പിന്തുടരുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും നികുതി രഹിതമാകുകയും പെന്‍ഷന്‍ പിന്‍വലിക്കല്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
ഇന്ത്യയിലെ മറ്റ് പ്രധാനപ്പെട്ട പെന്‍ഷന്‍ പദ്ധതികള്‍ ഏതൊക്കെ?
വിരമിക്കലിനുശേഷം വ്യക്തികള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഒന്നിലധികം പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളൊക്കെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ചില പദ്ധതികള്‍ പരിചയപ്പെടാം
1. അടല്‍ പെന്‍ഷന്‍ യോജന(എപിവൈ)
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ പദ്ധതി. എപിവൈ പ്രകാരം 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷം അവര്‍ നല്‍കിയ സംഭാവന അനുസരിച്ച് പ്രതിമാസം 1000, 2000, 3000, 4000 അല്ലെങ്കില്‍ 5000 രൂപ വരെ പെന്‍ഷനായി ലഭിക്കും.
2. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം(ഇപിഎസ്-95)
സംഘടിത മേഖലയിലെ ജീവനക്കാരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പദ്ധതി. ഇപിഎഫ്ഒയാണ് ഇത് നിയന്ത്രിക്കുന്നത്. വിരമിക്കലിനും ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. തൊഴിലുടമകള്‍ ഒരു ജീവനക്കാരന്റെ ശമ്പളത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഇതാണ് പിന്നീട് പെന്‍ഷനായി വിതരണം ചെയ്യുന്നത്.
3. പ്രധാനമന്ത്രി കിസാന്‍ മന്ദന്‍ യോജന(പിഎം-കെഎംവൈ)
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ പദ്ധതി. 55 രൂപ മുതല്‍ 200 രൂപ വരെ ഇതിലേക്ക് പതിവായി സംഭാവനകള്‍ ആവശ്യമാണ്. 60 വയസ്സു കഴിയുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
4. സ്വാവലംബന്‍ യോജന(ഇപ്പോള്‍ എന്‍പിഎസ്-ലൈറ്റ് എന്നറിയപ്പെടുന്നു)
കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്കുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ പെന്‍ഷന്‍ പദ്ധതിയാണിത്. എന്‍പിഎസിന്റെ ഒരു ചെറിയ പതിപ്പായ ഈ പദ്ധതി ചെറുകിട നിക്ഷേപകര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Universal Pension Scheme| രാജ്യത്തെ എല്ലാവര്‍ക്കും പെന്‍ഷന്‍; സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുടെ നേട്ടങ്ങള്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement