• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ബിജെപി ഇനി കേരളത്തിലേക്ക്; പക്ഷേ പ്രതിബന്ധങ്ങളേറെ


Updated: April 2, 2018, 8:41 PM IST
ബിജെപി ഇനി കേരളത്തിലേക്ക്; പക്ഷേ പ്രതിബന്ധങ്ങളേറെ

Updated: April 2, 2018, 8:41 PM IST
വര്‍ഷങ്ങള്‍ നീണ്ട ഇടതുഭരണം അവസാനിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ഇടതും വലതും മാറി ഭരിക്കുന്ന കേരളം പിടിച്ചെടുത്തുകൂടാ? ബിജെപി നേതൃത്വത്തിനും കേരളഘടകത്തിനും മുന്നില്‍ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യമായി മാറുകയാണിത്. ത്രിപുരയില്‍ ഇടതുഭരണം അവസാനിപ്പിച്ച ബിജെപി ഇനി ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. എന്നാല്‍ കേരളം പിടിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാകില്ല. മതന്യൂനനപക്ഷങ്ങളുടെ ശക്തമായ സാനിധ്യവും, നിര്‍ണായക സ്വാധീനമുള്ള നാലോളം രാഷ്ട്രീയ കക്ഷികളും, ശക്തമായ മുന്നണിസംവിധാനങ്ങളുമാണ് കേരളത്തിന് ബിജെപിക്ക് മുന്നിലുള്ള പ്രതിബന്ധങ്ങള്‍. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 16 ശതമാനം വോട്ടുവിഹിതം മറ്റുകക്ഷികളുടെ പിന്തുണയോടെ 10 ശതമാനത്തിലേറെയായി വര്‍ദ്ധിപ്പിക്കാമെങ്കില്‍ കേരളഭരണം കൈപ്പിടിയിലൊതുക്കാനാകും. ഏതായാലും ആസമും മണിപ്പൂരും ത്രിപുരയും നാഗാലാന്‍ഡും ഉള്‍പ്പടെ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച ബിജെപി നേതൃത്വത്തിന്‍റെ കണ്ണുകള്‍ ഇനി കേരളത്തിലേക്കാണ്. കേരളത്തില്‍ ബിജെപിക്ക് എത്രത്തോളം സാധ്യതകളുണ്ട്? സാധ്യതകളേക്കാള്‍ ഇവിടെ ബിജെപി അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണ്?

ബിജെപി കേരളത്തില്‍

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി വേരുറപ്പിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയവും നിയമസഭാ-ലോകസഭാ തെരഞ്ഞടുപ്പുകളില്‍ വര്‍ദ്ധിച്ചുവരുന്ന വോട്ടുവിഹിതവും ഇതിന് തെളിവാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ സ്വാധീനം ഉറപ്പാക്കാന്‍ ബിജെപിക്ക് ഇതൊന്നും മതിയാകില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില പരീക്ഷണങ്ങള്‍ക്ക് ബിജെപി തയ്യാറായത്. വെള്ളാപ്പള്ളി നടേശന്‍റെ ബിഡിജെഎസ് മുതല്‍ സി കെ ജാനുവിനെ വരെ ഒപ്പം കൂട്ടി എന്‍ഡിഎ മുന്നണി വിപുലീകരിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സിനിമാതാരങ്ങളെ മല്‍സരരംഗത്തിറക്കിയത് ബിജെപിയുടെ മറ്റൊരു തന്ത്രമായിരുന്നു. സുരേഷ് ഗോപിയെ രാജ്യസഭാ എംപിയാക്കിയതും, അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതുമൊക്കെ കേരളം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു. എന്നാല്‍ അതൊക്കെ അവര്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്ന് മാത്രം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സ്വന്തമാക്കിയതില്‍ ബിജെപിയുടെ നേട്ടം ഒതുങ്ങി.
Loading...
പ്രതിബന്ധങ്ങള്‍

എല്ലായിടത്തും വന്‍ വിജയങ്ങള്‍ നേടുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് അടിതെറ്റുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ന്യൂനപക്ഷ വോട്ടുബാങ്കാണ് അതില്‍ ഏറ്റവും പ്രധാനം. മലബാറില്‍ മുസ്ലീം വിഭാഗവും മധ്യകേരളം മുതല്‍ മധ്യതിരുവിതാംകൂര്‍ വരെയും മലബാറിലെ കുടിയേറ്റ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന ക്രിസ്ത്യന്‍ ബെല്‍റ്റ് എന്നിവ ബിജെപിക്ക് മുന്നില്‍ വലിയ പ്രതിബന്ധമാണ്. ഇതുകൂടാതെ മതന്യൂനപക്ഷങ്ങളുടെ വ്യക്തമായ പിന്തുണയുള്ള മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം എന്നീ രാഷ്ട്രീയ കക്ഷികള്‍ക്ക് കേരളത്തിലുള്ള സ്വാധീനവും ചില മേഖലകളിലേക്കുള്ള ബിജെപിയുടെ കടന്നുവരവ് ചെറുക്കുന്നുണ്ട്. സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് കേരള രാഷ്ട്രീയത്തിലുള്ള നിര്‍ണായക അടിത്തറയും ബിജെപിയുടെ ആധിപത്യത്തെ പ്രതിരോധിക്കുന്നുണ്ട്. ഈ രണ്ടു കക്ഷികളുടെ നേതൃത്വത്തിലുള്ള മുന്നണിസംവിധാനവും ഇവിടെ ശക്തമാണ്. മൂന്നാം മുന്നണിയ്ക്കായി ബിജെപി കിണഞ്ഞു പരിശ്രമിക്കുമ്പോഴും, അത് വേണ്ടത്ര വിജയം കാണാത്തതിന് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍തന്നെയാണ് കാരണം.

ബിജെപിയുടെ സാധ്യതകള്‍

കേന്ദ്രഭരണത്തിന്‍റെ തണലിലാണ് ബിജെപി മിക്ക സംസ്ഥാനങ്ങളിലും അധികാരം സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതും അത് നടപ്പിലാക്കുന്നതും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരെ മുന്‍നിര്‍ത്തിയാണ് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓരോ നിയമസഭാമണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട്, പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് ബിജെപി സ്വാധീനം ഉറപ്പിക്കുന്നത്. ഇതേ തന്ത്രം കേരളത്തിലും വരുംകാല തെരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രാവര്‍ത്തികമാക്കും. കേരളത്തില്‍ പൊതു വിഷയങ്ങളില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടും സംസ്ഥാനസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുമായി പാര്‍ടി കൂടുതല്‍ ഇടംകണ്ടെത്താന്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ നിര്‍ണായക ജാതിമത ശക്തികളെ ഒപ്പംനിര്‍ത്താന്‍ കേന്ദ്രഭരണത്തിലെ അധികാരസ്ഥാനങ്ങള്‍ വാഗ്ദ്ധാനം ചെയ്തും ആധിപത്യം നേടാന്‍ ശ്രമമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 16 ശതമാനം വോട്ടുവിഹിതം, പ്രാദേശിക പാര്‍ടികളെ ഒപ്പംനിര്‍ത്തി 25 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താനായാല്‍ കേരള ഭരണത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ബിജെപി കേന്ദ്രങ്ങള്‍.
First published: March 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...