• HOME
  • »
  • NEWS
  • »
  • opinion
  • »
  • Coronavirus Community Spread | കോവിഡ് സമൂഹ വ്യാപനം: ഒളിച്ചുകളിക്കുന്നോ സർക്കാർ ?

Coronavirus Community Spread | കോവിഡ് സമൂഹ വ്യാപനം: ഒളിച്ചുകളിക്കുന്നോ സർക്കാർ ?

Coronavirus Community Spread | ഇന്ത്യയിൽ എവിടേയും കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ഓഫീസും ഇത് തന്നെ ആവർത്തിക്കുന്നു. സത്യമെന്താണ്? അതറിയണമെങ്കിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശാസ്ത്രീയമായി നടത്തിയ സെറോ സർവെയുടെ ഫലം അറിയണം.

News18 Malayalam

News18 Malayalam

  • Share this:
രാജ്യത്തെ  പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് രോഗം പടർന്ന് പിടിച്ചിരിക്കുന്നു. മുംബൈയും ഡൽഹിയും ചെന്നൈയുമടക്കം പത്ത് നഗരങ്ങളി‍ൽ സ്ഥിതി അതിരൂക്ഷം.  ഈ നഗരങ്ങളിലെ ജനസംഖ്യയുടെ 15 മുതൽ 30 ശതമാനം വരെ പേർക്ക് കോവിഡ് രോഗമുണ്ടെന്നാണ് അനൗദ്ദ്യോഗിക കണക്ക്. ഈ കണക്ക് ശരിയാണെങ്കിൽ ഈ നഗരങ്ങളിൽ മൂന്നിലോരാൾക്ക് കോവിഡ് രോഗമുണ്ട്.

അതിലും പ്രധാനപ്പെട്ടത്  ഇതിൽ ബഹുഭൂരിപക്ഷത്തിനും കോവിഡ്  പിടിപെട്ടത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണ്.  ഉറവിടം കണ്ടെത്താനാകാത്ത വ്യാപനം അതീവ ആശങ്കയുണ്ടാക്കുന്നതാണ്. സമൂഹ വ്യാപനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഡൽഹിയിൽ  സമൂഹവ്യാപനമുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി തന്നെ  പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ഇന്ത്യയിൽ എവിടേയും കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ഓഫീസും ഇത് തന്നെ ആവർത്തിക്കുന്നു.

സത്യമെന്താണ്? അതറിയണമെങ്കിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശാസ്ത്രീയമായി നടത്തിയ സെറോ സർവെയുടെ ഫലം അറിയണം. മെയ് അവസാനം സർവെ പൂർത്തിയായെങ്കിലും ഫലം പുറത്ത് വിട്ടിട്ടില്ല.

സെറോ സർവെ

കോവിഡ് രോഗ വ്യാപനത്തിന്റെ വ്യാപ്തി അറിയാൻ ഐസിഎംആർ നിർദ്ദേശിച്ച  പരിശോധനയാണ് സെറോ സർവെ. എലീസ കിറ്റ് ഉപയോഗിച്ചാണ് പരിശോധന. റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള നിലവിലെ പരിശോധന രോഗബാധ സ്ഥിരീകരിക്കാൻ മാത്രമേ സഹായിക്കൂ. എന്നാൽ എൻസൈമുകളും രക്തത്തിലെ ആന്റി ബോഡികളും കണക്കാക്കി എലീസ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ  മുമ്പ് അണുബാധയുണ്ടായിട്ടുണ്ടോയെന്ന് പോലും  കണ്ടെത്താനാകും.  രക്തത്തിൽ  ഇമ്മ്യൂണോഗ്ളോബുലിൻ (ഐജിജി)  ആന്റിബോഡിയുണ്ടോയെന്നാണ് എലീസ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. രോഗം ഭേദമായാലും ഒരു മാസത്തോളം ഐജിജി ആന്റിബോഡി രക്തത്തിലുണ്ടാകും.

അതിവിപുല സർവെ

സംസ്ഥാന ആരോഗ്യവകുപ്പുകളുടേയും  ദേശീയ രോഗ പ്രതിരോധ സെന്ററിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹായത്തോടെയാണ് ഐസിഎംആർ രാജ്യത്ത് സെറോ സർവെ നടത്തിയത്. ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിലെ എഴുപത് ജില്ലകളിൽ നിന്നായി ഇരുപത്തി നാലായിരം പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. ഇതിന് പുറമെ കോവിഡ് ഹോട്ട്സ്പോട്ടുകളായ മുംബൈ, അഹമ്മദാബാദ്, പുനെ, ഡൽഹി, കൊൽക്കത്ത, ഇൻഡോർ, താനെ, ജയ്പൂർ, ചെന്നൈ, സൂറത്ത് തുടങ്ങിയ പത്തുനഗരങ്ങളിൽ നിന്ന് അയ്യായിരം പേരുടെ രക്ത സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചു.

മെയ് മാസം അവസാനത്തോടെ സർവെയിലെ കണ്ടെത്തൽ ഐസിഎംആർ  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചു. ആരോഗ്യമന്ത്രാലയം അത് പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറി.  പക്ഷെ ഫലം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അത് എന്തുകൊണ്ടാണ്?

TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

കേന്ദ്രസർക്കാർ ഒളിച്ചു കളിക്കുന്നോ?

കഴിഞ്ഞ മാസം പൂർത്തിയായ  സർവേയുടെ ഫലം എന്തുകൊണ്ടാണ്  പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ മറച്ചു വയ്ക്കുന്നത്? രാജ്യം അതിവേഗം കോവിഡ് രോഗത്തിന്റെ പിടിയിൽ അമരുമ്പോഴും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഒളിച്ചുകളിക്കുന്നത്?  വിദഗ്‌ധരുടെ അഭിപ്രായത്തിൽ അതിന് ഒരു മറുപടിയേയുള്ളൂ. സർവെ ഫലം പുറത്തുവന്നാൽ രാജ്യത്ത് സമൂഹ വ്യാപനമുണ്ടെന്ന് സമ്മതിക്കേണ്ടി വരും. കേന്ദ്രസർക്കാർ ഇതുവരെ പറഞ്ഞത് തിരുത്തി പറയേണ്ടി വരും. അടച്ചിടൽ കൊണ്ട്  പ്രതീക്ഷിച്ച ഗുണമുണ്ടായില്ലെന്ന് സമ്മതിക്കേണ്ടി വരും. പാത്രത്തിൽ മുട്ടിയതും  വിളക്ക് കത്തിച്ചതും  വെറുതെയായിരുന്നു എന്ന് പറയേണ്ടി വരും. പകരം  കൊൽക്കത്തയിൽനിന്നും  ജമ്മുകശ്‌മീരിൽ  നിന്നും ശേഖരിച്ച രക്ത സാമ്പിളുകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്ന് പറഞ്ഞ് സർവെ ഫലം വൈകിപ്പിക്കുകയാണ്.

കൊൽക്കത്തയിലും ജമ്മുവിലും സമൂഹവ്യാപനമുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. ആ ഭയം നിലനിൽക്കുന്നത് ഡൽഹി, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, സൂറത്ത് പോലുള്ള നഗരങ്ങളിലാണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ന്യായം  മുഖവിലയ്ക്കെടുക്കാൻ പോലുമാവില്ല.

കാര്യങ്ങൾ കൈവിടുമ്പോഴും രാഷ്ട്രീയത്തിന് കുറവില്ല

മുംബൈയ്ക്കും ചെന്നൈയ്ക്കും പിന്നാലെ രാജ്യതലസ്ഥാനവും അതിവേഗം കോവിഡ് രോഗികളുടെ കേന്ദ്രമാവുകയാണ്.  ഒന്നിച്ച് നേരിടുന്നതിന് പകരം മുംബൈയിലും ഡൽഹിയിലും  കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിലാണ്. ഡൽഹിയിൽ  മുഖ്യമന്ത്രിയും ഗവർണറും കച്ചമുറുക്കി പരസ്യമായി തന്നെ പോരടിക്കുകയാണ്.  അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി എത്തിയത് മുതൽ ഈ ലഫ്റ്റന്റ് ഗവർണർ ഇടഞ്ഞ് തന്നെയാണ്.  ഇടയ്ക്കൊന്ന് അയഞ്ഞെങ്കിലും  പോരാട്ടം കോവിഡ് കാലത്ത് വീണ്ടും മുറുകുകയാണ്.

ഡൽഹിയിലെ  ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്ക്  മാത്രം എന്ന കെജ്രിവാളിന്റെ ഉത്തരവ് ലഫ്റ്റനെന്റ് ഗവർണർ വെട്ടി. എല്ലാവർക്കും ചികിത്സയെന്ന് തിരുത്തി. കണക്ക് നിരത്തി ഇതിന് മറുപടിയുമായി കെജ്രിവാളും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി.

അടുത്തമാസം പകുതിയോടെ ഡൽഹിയിൽ  കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷമാകുമെന്നും ഇവർക്ക് വേണ്ടി എൺപതിനായിരം ആശുപത്രി കിടക്കകൾ വേണ്ടി വരുമെന്നുമാണ് മനീഷ് സിസോദിയയുടെ കണക്ക്. സമൂഹ വ്യാപനത്തിലെത്തിയിരിക്കുകയാണ്  ഡൽഹിയിലെ  കോവിഡ് രോഗമെന്നും സിസോദിയയും ഡൽഹി  സർക്കാരും വാദിക്കുന്നു. ഈ വാദം അംഗീകരിക്കാൻ പക്ഷെ കേന്ദ്ര ആരോഗ്യമന്ത്രാലയവും അധികാരികളും തയ്യാറല്ല. രാഷ്ട്രീയം പറയാനും പകവീട്ടാനുമുള്ള സമയം ഇതല്ല. മേനി പറയാനുള്ള സമയവും ഇതല്ല. മറച്ചു പിടിക്കുകയല്ല പ്രതിസന്ധിയെ നേരിടുകയാണ് വേണ്ടത്.

Published by:Rajesh V
First published: