കേരള പാര്‍ടിയായി മാറിയ സിപിഎമ്മിന്‍റെ ഭാവി?
Last Updated:
ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊതുചര്‍ച്ചയ്ക്ക് മറുപടിയായി സീതാറാം യെച്ചൂരി പറഞ്ഞ ഒരു വാചകം ഏറെ ചര്‍ച്ചയായിരുന്നു. സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് കേരള അല്ലെന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രത്യശാസ്ത്ര പ്രശ്നം മനസില്‍വെച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രയോഗം. എന്നാല്‍ ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അറംപറ്റിയത് യെച്ചൂരിയുടെ ഈ പരാമര്‍ശമായിരുന്നു. കുറച്ചുനാള്‍ മുമ്പ് ബംഗാളിലും ത്രിപുരയിലും കേരളത്തിലുമെന്ന് പറഞ്ഞിരുന്ന പാര്‍ടി പിന്നീട് കേരളത്തിലും ത്രിപുരയിലുമെന്ന പ്രയോഗത്തിലേക്ക് ചുരുങ്ങി. എന്നാല്‍ ഇനിമുതല്‍ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ടിയായി സിപിഎം മാറിയിരിക്കുന്നു.
മുപ്പത് വര്‍ഷത്തിലേറെ ഭരിച്ച പശ്ചിമബംഗാള്‍ നഷ്ടമായി ഏഴു വര്‍ഷത്തോളമാകുമ്പോഴാണ് 25 വര്‍ഷക്കാലം ഭരിച്ച ത്രിപുരയും സിപിഎമ്മിനെ കൈവിടുന്നത്. ഭരണമില്ലാതെ തന്നെ ഒരുകാലത്ത് ആന്ധ്രാ, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന സിപിഎം കാലക്രമേണ ക്ഷയിച്ച് ബംഗാളിലും ത്രിപുരയിലും കേരളത്തിലുമായി ഒതുങ്ങുകയായിരുന്നു. ഓരോ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും സിപിഎമ്മിന്‍റെ സീറ്റുകള്‍ കുറഞ്ഞുവരുന്നതാണ് പതിവ്. കേരളവും ത്രിപുരയും മാത്രമായിരുന്നു ഇതിന് അപവാദമായി ഉണ്ടായിരുന്നത്. മാണിക് സര്‍ക്കാരിന്‍റെ ജനകീയതയില്‍ ശക്തമായ അടിത്തറയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ത്രിപുര കൂടി കൈവിടുന്നതോടെ സിപിഎം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിയിരിക്കുന്നത്.
advertisement
ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎമ്മിലെ ഈ പ്രതിസന്ധി തന്നെയാകും വലിയ ചര്‍ച്ചയായി മാറുക. ബംഗാളിലെയും കേരളത്തിലെയും പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നും അത് വേണ്ടെന്നുമുള്ള ചര്‍ച്ചകളായിരുന്നു സിപിഎമ്മില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം അത്ര പ്രാധാന്യമില്ലാത്ത ത്രിപുരയിലെ കനത്ത പരാജയം വരുംകാലങ്ങളില്‍ സിപിഎമ്മിനെ ആഴത്തില്‍ വേട്ടയാടുക തന്നെ ചെയ്യും.
Location :
First Published :
March 03, 2018 4:48 PM IST