George Floyd | ജോർജ് ഫ്ലോയിഡ്; മനസിൽ നിന്ന് മാറേണ്ട വംശവെറി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജോയ് ഇട്ടൻ
ജോർജ് ഫ്ലോയിഡ് എന്ന മനുഷ്യനെ മറ്റൊരു മനുഷ്യൻ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിൻ്റെ ജനരോക്ഷം അമേരിക്കയിലുടനീളം കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. കറുത്ത വർഗക്കാരനെ വെളുത്ത വർഗക്കാരൻ കൊലപ്പെടുത്തിയെന്ന് പറയുന്നതിനേക്കാൾ മനസിൽ വംശീയതയും വർണ്ണ വിവേചനവും കുത്തി നിറച്ച ഒരു മനുഷ്യൻ മറ്റൊരു സഹജീവിയെ ജീവൻ പോകുന്നതു വരെ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചു എന്ന് പറയണം.
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് അത്ര അത്ഭുതമുള്ള കാലമൊന്നുമല്ല. മനുഷ്യൻ ഭൂമിയിലുണ്ടായതു മുതൽ ഇന്നുവരെ ഇത്തരം വംശവെറിക്കും കൊലപാതകത്തിനും യാതൊരു വിത്യാസവും വന്നിട്ടില്ല.ദേശങ്ങൾ മാറുന്നു എന്നു മാത്രം. നാളുകൾക്ക് മുൻപ് മരിച്ച ആദിവാസി മധുവും ഈ വംശീയ വെറിയുടെ ഇരയാണന്ന് ഞാൻ വിശ്വസിക്കുന്നു. വിശപ്പടക്കാൻ മോഷ്ടിച്ച മധുവിനെ ഇതുപോലെയായിരന്നു ചിലർ തരിപ്പണമാക്കിയത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ അക്ഷരാഭ്യാസമുള്ള നമ്മുടെ ജന്മനാട്ടിൽ നടക്കുമ്പോൾ നമ്മുടെ പോറ്റമ്മയുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് നാം തിരിച്ചറിയണം.
advertisement
TRENDING:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും [NEWS]പ്രതിഷേധം കത്തുന്നു; ഇന്ത്യൻ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം [NEWS]
പത്തു വർഷത്തിനിടയ്ക്ക് ആഫ്രിക്കൻ അമേരിക്കൻ വംശജർ പൊലീസിൻ്റെ പിടിയിലോ അറസ്റ്റിനിടയിലോ കൊല്ലപ്പെട്ട ചരിത്രമുണ്ട് അമേരിക്കയിൽ. ഏതാണ്ട് നൂറുകണക്കിന് കൊലപാതകങ്ങൾ നടന്നിരിക്കുന്നു .ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട മിനിയാ പോളിസ് സ്‌റ്റേഷൻ പരിധിയിൽ അറസ്റ്റിനിടയിൽ അൻപതിലധികം ആളുകൾ അബോധാവസ്ഥയിൽ ആയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
advertisement
വംശവെറിയുടെ പേരിൽ നടന്ന പല കൊലപാതകങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം മുൻപും അമേരിക്കൻ തെരുവിൽ നടന്നിട്ടുണ്ടങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായതും കൂടുതൽ ജന പങ്കാളിത്തത്തോടെയുമുള്ള പ്രതിഷേധ സ്വരങ്ങൾ അമേരിക്കയിലുടനീളം അലയടിക്കുന്നു. ഒരു പക്ഷെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു പോലും ശക്തമായ എതിർ സ്വരങ്ങൾ ഈ വംശീയ വിദ്വേഷങ്ങൾക്കെതിരെ നടന്നു വരുന്നു. പക്ഷെ ഇത്തരം വംശീയാധിക്രമം എന്നവസാനിക്കും എന്നതിന് മാത്രം ഉത്തരമില്ല.
മിസൗറി യിൽ 2014ൽ മൈക്കൽ ബ്രൗൺ എന്ന ചെറുപ്പക്കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാവും. അമേരിക്കയിൽ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടക്കുന്ന സമയത്താണ് ലോസ് ഏഞ്ചൽസിൽ എക്സൽ ഫോർഡ് എന്ന ചെറുപ്പക്കാരനെ വെളുത്ത പൊലീസ് വെടിവെച്ചു കൊന്നത്. പ്രതിഷേധങ്ങൾ കാലത്തിൻ്റെ പോക്ക നനുസരിച്ചും സംഭവങ്ങളുടെ തീവ്രതയുടെ അടിസ്ഥാനത്തിലും ശക്തമാവുകയും ഇല്ലാതാവുകയും ചെയ്യുമെങ്കിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകം കറുത്തവൻ്റെ മാത്രമല്ല വെളുത്തവൻ്റെ മനസിലും കോറിയിട്ടത് ആഴത്തിലുള്ള മുറിവാണ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ സമരത്തിന് മൂർച്ചയുണ്ട്. കാരണം ഈ സമരങ്ങളിൽ അണിനിരന്നത് അമേരിക്കൻ യുവ സമൂഹമായിരുന്നു. ഒരു പക്ഷെ അമേരിക്കയിലെ രണ്ട് രാഷ്ട്രീയ പാർട്ടികളിലും വിശ്വാസമില്ലാത്ത ഒരു സമൂഹം നീതിക്കുവേണ്ടി നടത്തുന്ന ഒരു പോരാട്ടമായി ലോകം ഈ സമരത്തെ വാഴ്ത്തുന്നു എന്ന് നമ്മുടെ ചുറ്റുപാടുകളിൽ നിന്നും മനസിലാക്കാം.
advertisement
മനുഷ്യൻ്റെ മനസിൽ ഒരിക്കലും അസ്തമിക്കാത്ത വംശീയത എന്ന സമവാക്യത്തെ ഇല്ലാതാക്കാൻ പാർശ്വവൽക്കരിക്കപ്പെടുന്നവൻ്റെ പ്രതീകമായി ജോർജ്ജ് ഫ്ലോയിഡ് മാറി എന്ന് കരുതണം. ഇവിടെ വെളുത്ത മനസുള്ളവർക്ക് നേരെ കറുത്തവൻ നടത്തുന്ന സമരമല്ല മറിച്ച് വെളുത്ത മനസിലെ കറുത്ത പാടുകൾ ഇല്ലായ്മ ചെയ്യുന്നതിനും കൂടിയാണ്.
വംശീയ വിദ്വേഷങ്ങൾ കറുത്ത വർഗക്കാരോട് മാത്രമാണോ എന്ന് ചോദിച്ചാൽ അല്ലെന്നു പറയേണ്ടി വരും. ഈ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് മാറ്റത്തിൻ്റെ സൂചനയാണോ? . എങ്കിൽ പ്രതിഷേധ പ്രവർത്തനങ്ങൾക്കൊപ്പം അറിഞ്ഞോ അറിയാതെയോ കുടിയേറിയ വംശീയ നിറങ്ങളെ ഇല്ലാതാക്കണം. എങ്കിൽ മാത്രമെ നാളത്തെ ജോർജ് ഫ്ലോയിഡു മാർക്ക് നീതി ലഭിക്കൂ.
advertisement
(ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിൻറെ ന്യുയോർക്ക് ചാപ്റ്റർ പ്രസിഡന്റാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം.)
Location :
First Published :
June 10, 2020 12:05 PM IST