ഒരു വേനല്‍ക്കാലത്ത് അതിര്‍ത്തി ഗ്രാമത്തിലെ നോമ്പുതുറയുടെ അനുഭവം
Last Updated:
ഭക്ഷണ വൈവിധ്യം വിളിച്ചോതുന്നതാണ് മലയാളിയുടെ റമദാന്‍ നാളുകളെങ്കില്‍ മണല്‍പ്പരപ്പില്‍ അത് മറ്റൊന്നാണ്. രാജസ്ഥാനിലെ അതിര്‍ത്തിഗ്രാമമായ മയ്സലാറില്‍ ഒരു വേനല്‍ പകലറുതിയിലെ നോമ്പുതുറയുടെ അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ എ. റശീദുദ്ദീന്‍
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്. അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന ദൃശ്യമാധ്യമ സ്ഥാപനം രാജസ്ഥാനിലെ മരുഭൂമിയില്‍ നിന്നും നോമ്പുമാസത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കാന്‍ ആവശ്യപ്പെട്ടു. പള്ളിമിനാരങ്ങള്‍ കാണാനില്ലാത്ത, ബാങ്കൊലി കേള്‍ക്കാനില്ലാത്ത ഥാര്‍ മരൂഭൂമിയിലേക്ക് റമദാന്‍ മാസക്കാലത്ത് ഒരു യാത്ര! ഈ അന്തസ്സാരശൂന്യത നിലനിര്‍ത്തി ചുട്ടുപൊള്ളുന്ന ഒരു ജൂലൈ ദിവസത്തില്‍ ഞാനും കാമറാമാന്‍ രജിത്തും റമദാന്റെ ചൈതന്യവും തേടി ഡല്‍ഹിയില്‍ നിന്നും ജയ്സാല്‍മീറിലെത്തി. പക്ഷേ മനസിലാക്കിയതിനേക്കാളുമധികം മുസ്ലിംകള്‍ രാജസ്ഥാന്റെ അതിര്‍ത്തി ജില്ലകളിലുണ്ടായിരുന്നു. വ്രതം മനുഷ്യന് നല്‍കുന്ന ആത്മ നിയന്ത്രണത്തിന്റെ പാഠങ്ങളും അവിടെയായിരുന്നു കൂടുതല്‍. കാതില്‍ കടുക്കനിട്ട്, ഭംഗിയുള്ള പഗിടി കെട്ടിയ ഇവര്‍ മുസ്ലിംകളാണോ എന്നു പോലും സംശയം തോന്നും. ഇന്ത്യയേക്കാളേറെ പാകിസ്ഥാന്റെ ഭാഗമായി കഴിഞ്ഞ സിന്ധ് എന്ന പ്രവിശ്യയുടെ സവിശേഷതയായിരുന്നു ഈ സങ്കര രീതികള്‍.
advertisement
ഫോസിലുകളെ പോലെയായിരുന്നു അവര്‍. കാലത്തിന്റെ ഒരു പരിഷ്‌കരണ സംരംഭങ്ങളിലൂടെയും കടന്നു പോകാത്തവര്‍. സൂഫിവര്യന്‍മാരുടെ പരമ്പരകളോടൊപ്പം എവിടെയോ അവരുടെ പൂര്‍വ്വപിതാക്കന്‍മാരുടെ പേരുകള്‍ ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്നത് ആചാരവും വിശ്വാസ രീതികളും വിളിച്ചു പറയുന്നു. മുലപ്പാലിനൊപ്പം അമ്മമാര്‍ പകര്‍ന്നു നല്‍കിയ ഒരു അവബോധം മാത്രമായിരുന്നു അവരുടെ മതം.
ഇന്ത്യാ-പാക് വിഭജന കാലത്തെ രാഷ്ട്രീയ യുക്തി കൊണ്ടാലോചിക്കുമ്പോള്‍ വലിയൊരു അല്‍ഭുതമാണ് ജയ്സാല്‍മേറിലെയും ബാട്മേറിലെയും മുസ്ലിംകള്‍. പുതിയ രാജ്യം, മിനിറ്റുകള്‍ കൊണ്ട് നടന്നെത്താവുന്ന ദൂരമായിട്ടും ഒരര്‍ഥത്തിലും പലായനം അവരെ മോഹിപ്പിച്ചില്ല. പാകിസ്ഥാനുമായി ഇന്ത്യക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര അതിര്‍ത്തിയുള്ള മേഖലയാണിത്. പഞ്ചാബിന്റെയും മറ്റും അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ രാജസ്ഥാനിലെ മുസ്ലിംകള്‍ എങ്ങോട്ടും പോയിട്ടേയില്ലെന്ന് തോന്നും. ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊന്നിലേക്ക് ഇരു രാജ്യങ്ങളുടെയും ഒറ്റയടിപ്പാതകളിലൂടെ ഇവര്‍ കയറിയിറങ്ങാറുണ്ടായിരുന്നുവത്രേ. മണല്‍പ്പരപ്പിനെ പിളര്‍ത്തി അകലങ്ങളിലേക്കു പാഞ്ഞു പോകുന്ന കമ്പിവേലികളും കറങ്ങിത്തിരിഞ്ഞ് ഇരു രാജ്യങ്ങളിലേക്കും വെളിച്ചം വിതറുന്ന സെര്‍ച്ച് ടവറുകളുമൊക്കെ സ്ഥാപിക്കപ്പെടുന്നതിനും മുമ്പുള്ള ആ കാലത്ത്. എനിക്കു തന്നെ അത് കാണാമായിരുന്നു, ബി.എസ്.എഫ് സൈനികര്‍ നിതാന്ത ജാഗ്രതയോടെ കാവലിരിക്കുന്ന അതിര്‍ത്തിയിലെ ഏറുമാടങ്ങളെ. പാകിസ്ഥാനിലേക്കു പോകുന്നവരേക്കാളേറെ അവിടെ നിന്നും വരുന്നവരെയായിരുന്നു ആ കാവല്‍മാടങ്ങള്‍ ഭയപ്പെട്ടിരുന്നതെന്നു തോന്നി.
advertisement
അതിര്‍ത്തി ഗ്രാമങ്ങളിലെ രണ്ടു ഡസനോളമുള്ള മുസ്ലിം ഗോത്രങ്ങളില്‍ പാട്ടുപാടല്‍ കുലത്തൊഴിലായ കൂട്ടരാണ് മാംഗണിയാറുകള്‍. കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ രജപുത്രരുടെ പാട്ടുകാര്‍. പ്രഭാതത്തില്‍ രജപുത്രന്റെ ദേവതകള്‍ തുയിലുണരണമെങ്കില്‍ മാംഗണിയാറുകള്‍ തന്നെ കീര്‍ത്തനം ആലപിക്കണം. നമ്മുടെ ശങ്കരാഭരണം രാഗത്തിനു തുല്യമായി ഹിന്ദുസ്ഥാനിയിലുള്ള ബിലാവല്‍ ആണ് സിന്ധിന്റെ പ്രഭാത രാഗം. ജയ്സാല്‍മീറിലെ ക്ഷേത്ര ഗായകനായ അബ്ദുല്‍ ഗഫൂര്‍ ഖാന്‍ മാംഗണിയാര്‍ റോഡരികിലിരുന്നാണ് എനിക്കത് പാടിത്തന്നത്. അദ്ദേഹം വ്രതം ആചരിക്കാറുണ്ടായിരുന്നു. പക്ഷെ നമസ്‌കരിച്ചിരുന്നില്ല.
മാംഗണിയാറുകളെ സംബന്ധിച്ചേടത്തോളം രജപുത്രനാണ് അവന്റെ പ്രഭു. രജപുത്രന്റെ വിവാഹത്തിനും ആഘോഷങ്ങള്‍ക്കും പൊലിമയുണ്ടാവണമെങ്കില്‍ മാംഗണിയാര്‍ മുഖ്യന്‍ പാട്ടുപാടാനെത്തണം. ക്ഷേത്രാചാരങ്ങളിലും അങ്ങനെ തന്നെ. നോമ്പുണ്ടെന്നോ ഇല്ലെന്നോ ഒന്നും അക്കാര്യത്തില്‍ ആരും ഉപേക്ഷ വെക്കാറില്ല. എപ്പോള്‍ വിളിച്ചാലും പോകും. അവരുടെ വിശ്വാസം ചില ആചാരങ്ങള്‍ മാത്രമായിരുന്നു. പള്ളിയും ബാങ്കുമൊന്നും അതിന്റെ നടപടി ക്രമങ്ങളും സമയനിഷ്ഠയും നിശ്ചയിച്ചിരുന്നില്ല.
advertisement
അപ്പുറത്ത് പാകിസ്ഥാന്‍ സിന്ധിലെ പ്രവിശ്യകളില്‍ ഹിന്ദുക്കളും ഇതുപോലെ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഇതേമട്ടിലൊരു പത്താനോ ബലൂച്ചോ ആയ മുസ്ലിം പ്രഭുവും ഉണ്ടായിരുന്നു. വിഭജനകാലത്ത് മഹാഭൂരിപഷം ഹിന്ദുക്കളും ഇന്ത്യയിലേക്ക് പലായനം ചെയ്തെങ്കിലും താര്‍പാര്‍ക്കര്‍ ജില്ലയില്‍ നല്ലൊരു ശതമാനം ഹിന്ദുക്കള്‍ ഇപ്പോഴുമുണ്ട്. മീഠി പോലുള്ള ചില പട്ടണങ്ങളില്‍ ഹിന്ദു ജനസംഖ്യ 80 ശതമാനത്തിലും അധികമാണ്. റമദാനില്‍ മീഠിയിലെ ഹിന്ദുക്കള്‍ പരസ്യമായി അന്നപാനീയങ്ങള്‍ കഴിക്കാറില്ലെന്നും മുഹറത്തിന് ഹിന്ദുയുവാക്കള്‍ താസിയ വഹിക്കാറുണ്ടെന്നും ഹിന്ദുക്കളുടെ ആഘോഷവേളകളില്‍ അവിടെയുള്ള മുസ്ലിംകളാണ് മുഖ്യ സഹായികളെന്നും ഈ ജനതയെ അടുത്തറിയുമ്പോഴേ മനസിലാകൂ. സൂഫി സംസ്‌കാരത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ രീതികള്‍. സിന്ധിലെ മുസ്ലിംകള്‍ പൊതുവെ പശുക്കളെ ഭക്ഷിക്കാറില്ല. രാജസ്ഥാനില്‍ ഏതായാലുമില്ല. മാധ്യമങ്ങള്‍ നമുക്കു പരിചയപ്പെടുത്തുന്ന പരസ്പര സംഘര്‍ഷത്തിന്റെ ഒറ്റപ്പെട്ട കഥകളായിരുന്നില്ല ഈ അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം. എന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും തന്നെയാണ് അവരും ജീവിക്കുന്നത്. ഒരു രജപുത്രനെ തല്ലേണ്ടി വന്നാല്‍ ധൈര്യപൂര്‍വ്വം അതു ചെയ്യാനുള്ള തന്‍േറടവും തിരികെ കൊടുക്കാനുള്ള അവകാശവും ആ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നു.
advertisement
കുഫ്രിയില്‍ മണല്‍പരപ്പുകളിലൂടെ യാത്ര ചെയ്യാനായി ബാബു സിംഗ് എന്ന ഗ്രാമമുഖ്യന്റെ ജീപ്പാണ് എന്റെ സുഹൃത്തുക്കള്‍ വിളിച്ചു വരുത്തിയത്. അദ്ദേഹം എത്തിച്ചേരാന്‍ ഒരല്‍പ്പം വൈകിയുപ്പോള്‍ അതിഥികളെ മുഷിപ്പിച്ചതിന് അമീന്‍ ഖാന്‍ മാംഗണിയാര്‍ ബാബുവിനെ കണക്കറ്റ് ചീത്ത പറഞ്ഞു. കാര്യം നടക്കേണ്ടിയിരുന്നത് അയാളുടെ സൗജന്യത്തിലായിരുന്നതെങ്കില്‍ പോലും. ന്യായാന്യായങ്ങള്‍ മാത്രമാണ് സമൂഹം കണക്കിലെടുത്തത്. ആ അറിവുകള്‍ എന്നെ അമ്പരപ്പിച്ചു.
ഈ രണ്ട് ജില്ലകളിലും വീണു കിട്ടിയ ഇഫ്താറുകള്‍ക്ക് ദാരിദ്ര്യത്തിന്റെ മണമുണ്ടായിരുന്നു. ഗോത്രങ്ങളില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്തോറും ഇസ്ലാം മതം തന്നെ ഒരുപാട് മാറുന്നുണ്ടെന്നും ഈ ഇഫ്താറുകള്‍ പഠപ്പിച്ചു. ഞാനല്ലാതെ ഒരേയൊരാള്‍ മാത്രമായിരുന്നു അന്ന് മയ്സലാറില്‍ നോമ്പെടുത്തിരുന്നത്. അവിടെ നിന്നും 50 കിലോമീറ്ററെങ്കിലും ദൂരെയാണ് മസ്ജിദ്. തന്റെ വീട്ടില്‍ സംഭവിച്ച ഒരു മരണത്തിന്റെ നേര്‍ച്ച പോലെയായിരുന്നു അദ്ദേഹത്തിന്റെ വ്രതം. മരണമുണ്ടായ വീട്ടില്‍ ഗ്രാമത്തിലെ രജപുത്രര്‍ അനുശോചനവുമായി എത്തുമ്പോള്‍ കുടുംബനാഥന്‍ വിശുദ്ധ ഖുര്‍ആന്റെ പ്രഥമ അധ്യായമായ ഫാത്തിഹ ഓതാന്‍ തുടങ്ങും. ഭക്തിയോടെ രജപുത്രര്‍ കൈകള്‍ കൂപ്പി നില്‍ക്കും. എന്നാല്‍ ബാട്മേറിലെ ബിക്കുഡായിയില്‍ മറ്റൊരു ചിത്രമാണ് ഇസ്ലാം മതത്തിന്. ബിക്കുഡായിയിലെ ഒരു വലിയ മണല്‍പ്പുറത്ത് ഇരുനൂറോളം ഗ്രാമീണര്‍ നോമ്പു തുറക്കാന്‍ ഒത്തു കൂടിയ സ്ഥലത്തേക്കാണ് ഞാനും കാമാറാമാനും എത്തിപ്പെടുന്നത്. അവിടെ മദ്രസയും പള്ളിയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവരുടേതും ഒരുതരം പ്രാക്തന ബോധങ്ങളായിരുന്നു.
advertisement
ഹിന്ദുവായ കമറാമാന് നോമ്പു തുറക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിലും സ്ത്രീകളുടെ നേരെ കാമറ തിരിക്കുന്നതിലുമൊക്കെ അവര്‍ക്കെന്തോ വിമ്മിഷ്ടം ഉള്ളതു പോലെയാണ് എനിക്കു തോന്നിയത്. ചടങ്ങിന്റെ മതബോധം എന്നതിലപ്പുറം മറ്റൊരു മതത്തോടുള്ള പ്രശ്നം അതിലുണ്ടായിരുന്നില്ല. അവര്‍ക്കും രജപുത്രന്‍ തന്നെയായിരുന്നു പ്രഭു. മുന്‍കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മണ്ഡലത്തില്‍പ്പെട്ട ബിക്കുഡായിയില്‍ ഏതാണ്ടെല്ലാ മുസ്ലിംകളും ബി.ജെ.പിയുടെ വോട്ടര്‍മാരായിരുന്നു. അബ്ദുല്‍ ഖാന്‍ എന്ന ഗ്രാമുഖ്യന്‍ സിംഗിന്റെ സുഹൃത്തു കൂടിയാണ്. ജസ്വന്ത് തത്വത്തില്‍ അവരുടെ പ്രഭു ആയിരുന്നു.
ഒറ്റ ആടിനെ അറുത്ത്, വെറും ഉപ്പും മുളകും മഞ്ഞളും ചേര്‍ത്ത് കറിവെച്ച് ഇരുനൂറിലെറെ പേര്‍ ഒന്നിച്ച് കഴിച്ച ബിക്കുഡായിയിലെ ഇഫ്താറും മരുഭൂമിയിലെ കള്ളിച്ചെടിയുടെ ഇലകൊണ്ടുള്ള കറിയും ചപ്പാത്തിയും നോമ്പുതുറ വിഭവമായിരുന്ന മയ്സലാറിലെ ഇഫ്താറും വ്രതത്തിന്റെ അടിസ്ഥാന വിശുദ്ധി കൊണ്ട് വേറിട്ടു നിന്നു.
advertisement
സ്വര്‍ഗരാജ്യത്തേക്കുള്ള വഴിയല്ല, അതിന്റെ ഭൂമിയിലെ പ്രഛന്നരൂപമായിരുന്നു ഭക്ഷണപ്പെരുമയുടെ പുണ്യമാസമായ മലയാളിയുടെ റമദാന്‍.
Location :
First Published :
May 23, 2018 5:05 PM IST