'പ്രിയപ്പെട്ടവർക്കൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയവരാ; ഒറ്റരാത്രികൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ?'
- Published by:Rajesh V
- news18-malayalam
Last Updated:
വയനാട് ഉരുൾപൊട്ടൽ ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം കറസ്പോണ്ടന്റ് ആയിഷത്തുൾ ഷംന, കണ്ണുനനയിച്ച ആ കാഴ്ചകളെ കുറിച്ച് എഴുതുന്നു
ആയിഷത്തുൽ ഷംന
രണ്ട് ദിവസത്തെ അവധിക്ക് നാട്ടിൽ പോയതായിരുന്നു. നല്ല മഴയത്ത് പുതച്ചുമൂടി കിടന്നുറങ്ങുമ്പോഴാ ഓഫീസിൽ നിന്നും വിളി വന്നത്. വയനാട് ഉരുൾപൊട്ടൽ. ലീവ് ക്യാൻസൽ ചെയ്ത് ഡ്യൂട്ടിക്ക് കയറണം. ചാടിയെഴുന്നേറ്റ് റെഡിയായി. നിലമ്പൂരിലേക്കാണ് പോകേണ്ടത്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചാലിയാർ പുഴ വഴി നിലമ്പൂരിൽ എത്തുന്നുണ്ടത്രേ. ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി പിന്നെ ഭയവും. അങ്ങനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി. കുറെ മനുഷ്യർ അങ്ങനെ പേ വാർഡിന് മുന്നിൽ കൂടി നിൽക്കുന്നു. മാധ്യമപ്രവർത്തകരും നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പോലീസുമൊക്കെയുണ്ട്. പിന്നെ വയനാട്ടിൽ നിന്ന് എത്തിയ കുറച്ചു യുവാക്കളും.
advertisement
ഒറ്റയ്ക്ക് ഒരു റിപ്പോർട്ടിംഗിനിറങ്ങുന്നത് ആദ്യമായാണ്. പ്രത്യേകിച്ച് ഒരു ദുരന്തം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കുറച്ചു നേരം വെറുതെ അങ്ങനെ നിന്നു.
എല്ലാവരും വഴിയിൽ നിന്നും മാറി നിൽക്കണേ... ബോഡി കൊണ്ടു വരുന്നുണ്ട്. പിന്നിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് ഒരു ആംബുലൻസ് അവിടെ വന്നു നിന്നു. കുറച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അതിൽ നിന്നും ഇറങ്ങി. യൂത്ത് കോൺഗ്രസുകാരും എസ്.കെ.എസ്.എസ്.എഫ് ക്കാരും വെൽഫെയർ പാർട്ടിക്കാരും നാട്ടുകാരും അങ്ങനെ ആരൊക്കെയോ ഓടിവന്നു. സ്ട്രക്ചറുകൾ എടുത്തു, മൃതദേഹങ്ങൾ ഇറക്കി , പേവാർഡിലേക്കോടി... ഇൻക്വസ്റ്റ് നടപടികൾക്ക് പോലീസുകാരും അവരെ സഹായിക്കാൻ ബാക്കിയുള്ളവരും പിന്നാലെ പാഞ്ഞു. പിന്നെ പോസ്റ്റ്മോർട്ടത്തിനായി അടുത്ത ബിൽഡിങ്ങിലേക്ക് കൊണ്ടുപോയി, അതുകഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ നമ്പർ ഇട്ട് ഫ്രീസറിലേക്ക്. ഇതിനിടയിൽ വയനാട്ടിൽ നിന്നും വന്നവരൊക്കെ പെട്ടന്ന് ഫോൺ എടുത്ത് പിന്നാലെ ഓടുന്നുണ്ട്. അവരുടെ ഒക്കെ ഫോണിൽ ദുരന്തത്തിൽ കാണാതായവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു. വന്നടിയുന്ന മൃതദേഹങ്ങളിൽ പ്രിയപ്പെട്ടവരെ തിരഞ്ഞ് ഓടുന്നതാണ്... ആകെ ബഹളം...
advertisement
അടുത്ത ആംബുലൻസിൽ വന്നിറങ്ങിയത് മറ്റേതോ പാർട്ടിക്കാരോ സംഘടനക്കാരോ ഒക്കെയാണ്. വീണ്ടും ഇതേ പ്രോസസ്സുകൾ.
ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു കാഴ്ച നേരിട്ട് കാണുന്നത്. അതുകൊണ്ട് തന്നെ ആകെയൊന്ന് ഞെട്ടി.
കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. അന്ന് ഹോസ്പിറ്റലിൽ എത്തിയ മനുഷ്യരൊക്കെ എന്തൊക്കെയോ പറഞ്ഞ് വിലപിച്ചു. ഇതെന്തവസ്ഥയെന്നും പറഞ്ഞ് വാപൊത്തുന്നതും, തലക്ക് കൈവച്ച് ദൈവത്തെ പഴിക്കുന്നതും ഞാൻ കണ്ടു. ചുറ്റിലും നിന്ന് ഏതൊക്കെയോ ചാനലിലെ റിപ്പോർട്ടർമാർ ലൈവ് കൊടുക്കുന്നുണ്ടായിരുന്നു. പെരുമഴയത്ത് കുടയില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ അവസ്ഥയായിരുന്നു എനിക്ക്.
advertisement

advertisement
പിന്നെയുള്ള ദിവസങ്ങളിലും അവിടെത്തന്നെ ആയിരുന്നു ഡ്യൂട്ടി. മൃതദേഹങ്ങൾ അങ്ങനെ കൊണ്ട് നിറയ്ക്കുന്നു. നെഞ്ചിൽ എന്തോ വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. ക്യാമറ ഓൺ ചെയ്യാൻ പോയിട്ട്, നേരിട്ട് നോക്കി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. പക്ഷെ വാർത്ത കൊടുക്കണ്ടേ... മാധ്യമപ്രവർത്തനം ഇങ്ങനൊക്കെത്തന്നെയാ... സ്വയം ആശ്വസിച്ചു.
"ലൈവിന് റെഡി ആണ്". അല്പം മാറി നിന്ന് ഡെസ്കിലേക്ക് വിളിച്ചറിയിച്ചു. അന്നതു വരെ 57 മൃതദേഹങ്ങളായിരുന്നു ചാലിയറിൽ കണ്ടെടുത്തത്. പിന്നീട് നിമിഷ നേരങ്ങൾ കൊണ്ട് ആ കണക്കുകൾ മാറി മറിഞ്ഞു. 65, 72, 88, 100, 120 അങ്ങനെ അങ്ങനെ.
advertisement
കുറച്ച് കഴിഞ്ഞ് സഹദിന്റെ കാൾ വന്നു. ഫോൺ എടുത്ത് ഹലോ പറയുന്നതിന് മുൻപ് തന്നെ അവൻ സംസാരിച്ച് തുടങ്ങി. "ഡീ.. നീ നിലമ്പൂർ ഇല്ലേ... ന്റെ ചെങ്ങായിന്റെ ബന്ധുക്കാരൊക്കെ പോയീന്നാ കേട്ട്... പറ്റാണേൽ ഇയ്യ് അവിടെ വരുന്ന ബോഡി ഒന്ന് ഐഡന്റിഫൈ ചെയ്യ്... ഞാൻ ഫോട്ടോ അയച്ച് തരാം..."
"ആഹ് ഡാ... നീ അയക്ക്, ഞാൻ നോക്കാം".
ഫോൺ കട്ട് ആക്കി നെറ്റ് ഓൺ ചെയ്തതും തുരുത്തുര നോട്ടിഫിക്കേഷൻ. സഹദിന്റെ മെസ്സേജ് എടുത്തു ഓപ്പൺ ചെയ്തു. രണ്ട് ഫോട്ടോ. കണ്ടാൽ 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ. പിന്നൊന്ന് പ്രായമായയൊരാളും ആളുടെ ഭാര്യയും ഒന്നിച്ചുള്ളൊരു ഫോട്ടോ.
advertisement
പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ പേവാർഡിലാണ് ഉള്ളത്. അങ്ങോട്ട് മാധ്യമപ്രവർത്തകരോന്നും പോകുന്നില്ല. കുറച്ച് സംശയത്തോടെ അടുത്തു നിന്ന ഒരാളുടെ തോളിൽ തട്ടി ഞാൻ ചോദിച്ചു.. ചേട്ടാ അകത്തേക്കു കയറാൻ പറ്റുമോ.. കഴുത്തിൽ തൂക്കിയിട്ട ഐഡി കാർഡിലേക്കൊന്ന് നോക്കി മീഡിയയാണോന്ന് ചോദിച്ചു. അതേന്ന് ഞാൻ തലയാട്ടി.

"മോളെ അങ്ങോട്ട് മീഡിയയെ കടത്തിവിടില്ല".
"ചേട്ടാ ഒരു ബോഡി ഐഡന്റിഫൈ ചെയ്യാനാണ്".
അയാൾ ഗ്ലൗസ് ഇട്ട കൈകൾ കൊണ്ട് അയാളുടെ മൊബൈൽ ഫോൺ അൺലോക്ക് ചെയ്ത് എനിക്ക് നേരെ നീട്ടി. ഇവിടെ ഉള്ള എല്ലാ ബോഡിയുടെയും ഫോട്ടോയുണ്ട്. മോളാദ്യം ഇതിലൊന്ന് നോക്ക്. അയാൾ പതിയെ ഓരോ ഫോട്ടോകളായി സ്ക്രോൾ ചെയ്തു. കിലോമീറ്ററുകളോളം കുത്തിയൊലിച്ച് വന്നവർ, വലിയ പാറക്കല്ലുകളിൽ ഇടിച്ച് മുഖത്തിന്റെ പാതിപോയവ.. വെള്ളത്തിലും ചളിയിലും കിടന്ന് ജീർണ്ണിച്ചവ...
പടച്ചോനെ... എന്തൊരവസ്ഥയാണിത്... ഫോട്ടോകൾ മുഴുവൻ കണ്ടു തീർത്തെന്ന് വരുത്തി ഞാൻ അയാളോട് പറഞ്ഞു. ചേട്ടാ.
"എനിക്ക് ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. എന്റെ കൈയ്യിലുള്ള ഫോട്ടോകൾ ഞാൻ അയച്ചു തരാം.. തിരിച്ചറിയുകയാണെങ്കിൽ എന്നെ അറീക്കുമോ?". 'ആ' എന്നയാൾ മറുപടി പറഞ്ഞതും അയാളുടെ നമ്പർ വാങ്ങി ഫോട്ടോകൾ അയച്ചുകൊടുത്തു. അപ്പോഴേക്കും സഹദിന്റെ അടുത്ത കോൾ.
എടീ, എന്തായി...?
"ഇല്ലെടാ.. ഇതിലില്ലെന്ന് തോന്നുന്നു. ഒന്നും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിട്ടുണ്ട്. ഞാൻ ഇവിടെ ഒരാളെ ഏല്പിച്ചിട്ടുണ്ട്." ശരിയെന്നും പറഞ്ഞ് അവൻ ഫോൺ വെച്ചതും രോഹിത്തേട്ടന്റെ മെസ്സേജ് വന്നു. ഒരു പെൺകുട്ടിയുടെ ഫോട്ടോ. നേരത്തെ കണ്ട ഫോട്ടോകളിൽ അങ്ങനെയൊരു മുഖം ഇല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിൽ ഒരു മൃതദേഹം പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. എനിക്കതിന് കഴിയില്ല എന്നതാണ് സത്യം.
പിന്നീട് വന്നത് ഷഹലയുടെ കാൾ ആണ്.. "ഷംനാ..." ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു, ഇടറുന്നുണ്ടായിരുന്നു. "എടീ എന്റെ ഫ്രണ്ടിന്റെ കുട്ടീനെ കാണാനില്ല. നീ ഒന്ന് നോക്കീട്ട് വിളിക്കുമോ?"
ഫോട്ടോ അയക്കരുതെന്നും, എനിക്ക് അത് കണ്ടു തിരിച്ചറിയാൻ കഴിയില്ലെന്നും പറയണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. അവളും ഫോട്ടോ അയച്ചു.
നാലോ അഞ്ചോ വയസ് പ്രായമുള്ള ആൺകുട്ടി. എന്റെ ഉള്ളിലൂടെ ഒരു തീ ഉരുണ്ടു കയറി. വായിലുള്ള മുഴുവൻ പുഴുപ്പല്ലുകളും കാട്ടി ചിരിക്കുന്ന ഒരു പൊന്നുമോൻ. കണ്ടാലൊന്ന് ഇറുക്കി പിടിച്ചു ഉമ്മവെക്കാൻ തോന്നുന്ന മുഖം. 'പടച്ചോനെ, ഈ കുഞ്ഞിന് ഒന്നും വരുത്തല്ലേ. സുരക്ഷിതമായി വയനാട്ടിൽ നിന്ന് കിട്ടിയിട്ടുണ്ടാവണേ'. എത്ര ആവൃത്തി ഇങ്ങനെ പ്രാർത്ഥിച്ചെന്ന് അറിയില്ല. നേരത്തെ ഫോട്ടോ കാണിച്ചു തന്ന ചേട്ടന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു.

"ഇല്ല, ഇവിടെ കുട്ടികളുടെ മൃതദേഹം വന്നിട്ടില്ല". ആശ്വാസം.
മാറി നിന്ന് ലൈവ് കൊടുത്തിരുന്ന എന്റെ അടുത്തേക്ക് അരമണിക്കൂർ തികയും മുമ്പ് ആ ചേട്ടൻ വന്നു. ലൈവ് തീരും വരെ എന്നെ നോക്കി നിന്നു. "മോളെ ഇപ്പൊ വന്ന ബോഡികളിൽ ഒരു കുട്ടിയുടെ ഉണ്ടെന്ന് തോന്നുന്നു. ഞാൻ ഫോട്ടോ എടുത്തിട്ടില്ല. മോൾ നേരെ അങ്ങോട്ട് പോയി നോക്കിക്കോ". പോസ്റ്റ്മോർട്ടം നടക്കുന്ന ബിൽഡിങ്ങിന് നേരെ കൈചൂണ്ടി അയാൾ പറഞ്ഞു. ഭയം... അല്ല, ഒരു തരം ശ്വാസം മുട്ടൽ എനിക്ക് അനുഭവപ്പെട്ടു.
"ദാ ആ സാറിന്റെ കൂടെ പൊയ്ക്കോ" "സാറേ.. ഐഡന്റിഫൈ ചെയ്യാൻ..." അടുത്ത നിന്ന പോലീസുകാരനെ നോക്കി അയാൾ വിളിച്ചു പറഞ്ഞു.
ഞാൻ ആ പോലീസുകാരന്റെ കൂടെ പോയി. "മാസ്ക് വച്ചിട്ടില്ലേ?". നടത്തത്തിനിടയിൽ അയാൾ എന്നെ നോക്കി ചോദിച്ചു. ഉം എന്ന് ഞാൻ മൂളി. ആ ബിൽഡിങ്ങിലേക്ക് കയറിയതും വല്ലാത്തൊരു ഗന്ധം എന്റെ മൂക്കിലൂടെ തുളച്ചു കയറി. മുറി നിറയെ മരണത്തിന്റെ മണം. ചുറ്റിലും ഓരോ സ്‌ട്രെച്ചറുകളിലായി മൃതദേഹങ്ങൾ. അല്ല, അങ്ങനെ പോലും പറയാൻ കഴിയാതെ ശരീര ഭാഗങ്ങൾ മാത്രമായവ.
പോസ്റ്മാർട്ടത്തിന് നേതൃത്വം കൊടുക്കുന്ന ഡോക്ടർ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. തൊട്ടുപിന്നിൽ ഏതൊക്കെയോ പത്രത്തിലെ ഫോട്ടോഗ്രാഫർമാറുണ്ട്.
ജീർണിച്ചും ചെളിപുരണ്ടും ചതഞ്ഞരഞ്ഞും... തലയും ഉടലും വേർപെട്ടും, കൈകാലുകൾ വേർപ്പെട്ടും ആന്തരികാവയവങ്ങൾ പുറത്ത് വന്നും... എത്രയോ ഭീകരമായിരുന്നു ആ കാഴ്ച.
ആ നിമിഷം അവിടെ മരിച്ചു വീണെങ്കിൽ എന്നെനിക്ക് തോന്നി. മാധ്യമപ്രവർത്തക ആവേണ്ടിയിരുന്നില്ലെന്ന് തോന്നി. നെഞ്ചിൽ എന്തോ വല്ലാത്തൊരു ഭാരം കയറ്റിവച്ചത് പോലെ.
മീഡിയ ഇവിടെ നിൽക്കേണ്ട, ഫോട്ടോ എടുക്കേണ്ട എന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അത് കേട്ടപ്പോൾ എനിക്ക് അവരോട് നന്ദി പറയണമെന്ന് തോന്നി. ഞാൻ പെട്ടന്ന് അവിടെ നിന്ന് പുറത്തിറങ്ങി.
അവരൊക്കെയും മനുഷ്യരാണ്. ഇന്നലെ വരെ സന്തോഷത്തോടെ സമാധാനത്തോടെ കഴിഞ്ഞവരാണ്. പ്രിയപ്പെട്ടവർക്ക് ഒപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയവരാണ്. ഒറ്റരാത്രികൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ?
വീണ്ടും വീണ്ടും ആംബുലൻസുകൾ വന്നു നിന്നു. മൃതദേഹങ്ങൾ ഇറക്കി കൊണ്ടിരുന്നു. നമ്പറുകൾ കൂടി. എല്ലാ ചാനലുകാരും പത്രക്കാരും ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കുന്നുണ്ട്. എനിക്കെന്തോ ക്യാമറ ഓൺ ചെയ്യാൻ തന്നെ തോന്നിയില്ല പക്ഷെ ദുരന്തത്തിന്റെ വ്യാപ്തി അത് ജനങ്ങളിലേക്ക് എത്തിച്ചേ മതിയാവു. ഒരുപക്ഷെ അവിടെ കൂടിയ എല്ലാം മാധ്യമപ്രവർത്തകരുടേയും അവസ്ഥ ഇത് തന്നെ ആവണം.
അന്നേ ദിവസത്തെ പൂർണ വിവരങ്ങൾ ചേർത്ത് ലൈവ് കൊടുക്കണം. ശബ്ദം ഇടറല്ലേ... കരഞ്ഞു പോവല്ലേ... പറഞ്ഞു മുഴുവനാക്കാൻ കഴിയണേ... ഇതുമാത്രമായിരുന്നു അന്നേരത്തെ പ്രാർത്ഥന.

അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു. യാത്രയിൽ ഉടനീളം ഞാനോർത്തത് ആ മരിച്ചു കിടക്കുന്ന മനുഷ്യരുടെ ബന്ധുക്കളെ കുറിച്ചാണ്. ഭാര്യ നഷ്ടപ്പെട്ട ഭർത്താവ് അല്ലെങ്കിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യ. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ, സഹോദരങ്ങളെ നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ, അധ്യാപകരെ നഷ്ടപ്പെട്ടവർ അങ്ങനെ അങ്ങനെ ഞാൻ ഓർത്തത് മുഴുവൻ ബാക്കിയായ മനുഷ്യരെ കുറിച്ചാണ്. ഒരു ആയുഷ്കാലം കൊണ്ട് അവർ ഉണ്ടാക്കിയത് മുഴുവൻ ഒലിച്ചു പോയില്ലേ. ഇനിയെങ്ങനെ അതവർ കെട്ടിപ്പടുക്കും. കുറേക്കാലം കഴിഞ്ഞ് അങ്ങനെയൊക്കെ കെട്ടിപ്പടുത്താൽ തന്നെ ആ വീട്ടിലേക്ക് കൈപിടിച്ചു കയറാൻ അവരുടെ ഉറ്റ വരില്ലല്ലോ. എനിക്ക് എന്തോ പിന്നെയും പിന്നെയും സങ്കടം വന്നു. അന്ന് വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ എന്തൊക്കെയോ ആലോചിച്ചു. വയനാട്ടിലെ മനുഷ്യരെ കുറിച്ച്, അവർ രാത്രി കണ്ട സ്വപ്നങ്ങളെ കുറിച്ച്, പറഞ്ഞു തീരാത്ത അവരുടെ വിശേഷങ്ങളെ കുറിച്ച്...
ക്യാമ്പുകളിൽ ഇരുന്നു ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടാകുമെന്ന് അവർ കരുതുന്നുണ്ടാവില്ലേ. അതല്ലെങ്കിൽ ഉറ്റവർ അങ്ങനെ ഒലിച്ചുപോകുമ്പോൾ രക്ഷിക്കാൻ കഴിയാതെ നിന്നുപോയ നിസ്സഹായ അവസ്ഥയോർത്ത് സ്വയം നീറുന്നുണ്ടാവില്ലേ. തിരികെ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ഉറ്റവർ ഇല്ലാത്ത ആ ദിനങ്ങളെ ഓർത്തവർ ഭയപ്പെടുന്നുണ്ടാവില്ലേ? അതാലോചിക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ നിറയുന്നു.
പിന്നെ ഓർത്തത് ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കുറിച്ചാണ്. ഇവിടെ ഈ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് എനിക്ക് ഇത്രയധികം നെഞ്ചിൽ ഭാരം ഉണ്ടായെങ്കിൽ, ആ ദുരന്തമുഖത്ത് നിന്നവർ എത്രയധികം വേദനിച്ചിട്ടുണ്ടാവും. റിപ്പോർട്ടിങ്ങിനിടെ എത്ര തവണ കണ്ണു നിറഞ്ഞിട്ടുണ്ടാകും. ശബ്ദം ഇടറാതെ പറഞ്ഞു ഒപ്പിക്കാൻ അവർ പാടുപെട്ടിട്ടുണ്ടാവില്ലേ...
പിന്നീട് ചാലിയാറിലായിരുന്നു. പുഴയുടെ വിവിധ കടവുകളിൽ... പോത്തുകല്ല്, മുണ്ടേരി, മുക്കം അങ്ങനെ അങ്ങനെ... പുഴക്കരയിൽ നിന്ന് കിട്ടിയ മൃതദേഹങ്ങളുടെ കണക്കുകൾ വെച്ച് അപ്ഡേറ്റ് ചെയ്ത് വാർത്ത കൊടുക്കുമ്പോൾ കുറേ മനുഷ്യർ അങ്ങനെ പുഴയിൽ മുങ്ങി തപ്പുന്നത് ഞാൻ കണ്ടു. കടപുഴകി വീണ് വന്നടിഞ്ഞ മരങ്ങളിലും അവശിഷ്ടങ്ങൾക്കിടയിലും പാറക്കെട്ടുകളിലും എല്ലാം അവർ തിരയുന്നുണ്ട്. കണ്ടെടുക്കുന്ന മൃതദേഹങ്ങൾ എന്റെ മുന്നിലൂടെയാണ് കൊണ്ടുപോയത്. മൃതദേഹം എന്ന് പറയാൻ കഴിയില്ല. കൈകാലുകൾ മാത്രമുള്ളത്, ഉടല് മാത്രം തല മാത്രം അങ്ങനെയങ്ങനെ. വലിയ ടാർപ്പായയിൽ കെട്ടി കുറേപേർ ചേർന്ന് പിടിച്ചുകൊണ്ടുപോകുന്നു. ആംബുലൻസിൽ കയറ്റി നേരെ ജില്ലാ ആശുപത്രിയിലേക്ക്.
മനുഷ്യൻ ഇത്രയൊക്കെ ഒള്ളു.
ഒറ്റനിമിഷം കൊണ്ട് നഷ്ടപ്പെടാൻ ഒരുപാടുള്ള സമ്പന്നനായ യാചകനാണ് മനുഷ്യൻ.
അവിടെ തിരച്ചിൽ നടത്തിയ നാട്ടുകാരോടും പോലീസിനോടും ഫയർഫോഴ്സിനോടും നേവിയോടും ആർമിയോടും എൻഡിആർഎഫിനോടും സന്നദ്ധ സംഘടനകളോടും ഒപ്പം ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ഉൾപ്പെടെ അവിടെയുണ്ടായിരുന്ന ഓരോ മനുഷ്യരോടും എനിക്ക് വല്ലാത്ത ബഹുമാനം തോന്നി. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത, ആരെന്നോ എന്തെന്നും അറിയാത്ത മനുഷ്യർക്ക് വേണ്ടി നമ്മളങ്ങനെ ഒന്നായി.
ആദ്യമായി ഒരു പുഴക്കരയിൽ എത്തിയിട്ട് ഒന്ന് മുഖം പോലും കഴുകാതെ ഞാൻ അങ്ങനെ നിന്നു. എനിക്ക് അതിന് കഴിയുന്നില്ല. ചാലിയാറിന് മരണത്തിന്റെ മണവും നിറവും രുചിയും ആണ്. ആ പുഴക്കരയിൽ കൂടിയവരൊക്കെയും അന്ന് അത് തന്നെ പറഞ്ഞു. അന്നവിടെ നിന്നും അവസാനത്തെ ലൈവും കൊടുത്തു കഴിഞ്ഞ് ഞാൻ തിരിച്ചു.
ഒരിക്കൽ കൂടി കുത്തിയോലിക്കുന്ന ചാലിയാറിനെ തിരിഞ്ഞു നോക്കി..ചാലിയാർ എന്നെ നോക്കി ദയനീയമായി കരയുന്നുണ്ടായിരുന്നു... ദയനീയമായി.
Location :
Wayanad,Kerala
First Published :
August 17, 2024 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'പ്രിയപ്പെട്ടവർക്കൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയവരാ; ഒറ്റരാത്രികൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ?'