നികുതി വർധന: പെട്രോൾ- ഡീസൽ വില കൂടിയില്ല; എന്നാൽ ആശ്വസിക്കാറായോ?

Last Updated:

പാകിസ്താനടക്കം ഇന്ധന വില കുറച്ചപ്പോഴാണ് കേട്ടു കേൾവിയില്ലാത്ത ഈ നടപടി. കേന്ദ്രസർക്കാർ പ്രത്യേകിച്ച് ന്യായീകരണമൊന്നും നൽകിയില്ലെങ്കിലും നാട്ടിലെ നേതാക്കൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡ് തന്നെയാണ് അവർ പറയുന്ന പ്രധാന കാരണം.

രാജ്യാന്തരതലത്തിൽ ക്രൂഡിന്റെ വില കുറഞ്ഞ സർവകാല റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കൂട്ടിയത്. ഒരു കാരണവും പറയാതെ. എക്സൈസ് തീരുവയും സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയുമാണ് കൂട്ടിയത്. പാകിസ്താനടക്കം ഇന്ധന വില കുറച്ചപ്പോഴാണ് കേട്ടു കേൾവിയില്ലാത്ത ഈ നടപടി. കേന്ദ്രസർക്കാർ പ്രത്യേകിച്ച് ന്യായീകരണമൊന്നും നൽകിയില്ലെങ്കിലും നാട്ടിലെ നേതാക്കൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡ് തന്നെയാണ് അവർ പറയുന്ന പ്രധാന കാരണം. കോവിഡിനെ നേരിടാൻ ഇതല്ലാതെ മറ്റ് പോംവഴിയില്ല. പിന്നെ സാധാരണക്കാരനെ ബാധിക്കുന്നതല്ല ഈ വർധന. നിലവിൽ നൽകുന്നതിൽ നിന്ന് ഒരു രൂപ പോലും പെട്രോളും ഡീസലും വാങ്ങുമ്പോൾ അധികം നൽകേണ്ടതില്ല. എണ്ണകമ്പനികളും സർക്കാരും തമ്മിൽ നടത്തിയ നീക്ക്പോക്കിൽ എന്തിനാണ് ഇങ്ങനെ രാഷ്ട്രീയം കാണുന്നത്. ഇങ്ങനെ നാടൻ നേതാക്കളുടെ ചോദ്യങ്ങൾക്ക് ഒരു കുറവുമില്ല.
എങ്ങനെ ന്യായീകരിക്കും
ന്യായീകരിക്കാൻ നിയോഗിക്കപ്പെട്ടവർ എന്ത് ചോദിച്ചാലും എന്ത് ന്യായം നിരത്തിയാലും നീതീകരിക്കാൻ കഴിയാത്ത നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് സർക്കാർ വൃത്തങ്ങൾ മൗനം വ്രതം തുടരുന്നതും. സാധാരണക്കാരന് ഒരു രൂപ പോലും അധികം നൽകേണ്ടി വരുന്നില്ലല്ലോ എന്ന ന്യായീകരണം ഇന്നത്തെ സാഹചര്യത്തിൽ ചോദിക്കാൻ തോന്നുന്നത് തന്നെ സങ്കടകരമാണ്. കോവിഡ് കാരണം സർവ്വ വരുമാനവും അടഞ്ഞ് നിൽക്കുന്ന വ്യവസായമേഖലയ്ക്ക് ഇന്ധന വിലയിൽ വരുന്ന കുറവ്, അത് ചില്ലറ പൈസയുടേതാണെങ്കിലും പോലും വലിയ ആശ്വാസമാണ്. ഡീസൽ വില കുറഞ്ഞാൽ ബസ്, ട്രക്ക് ഉടമകൾക്ക് അത് അനുഗ്രഹമാകും. യാത്ര ചരക്ക് കടത്ത് കൂലി വർധിപ്പിക്കാതെ മറ്റ് പോംവഴിയില്ലാതെ നിൽക്കുന്ന ഇവർക്കും യാത്രക്കാർക്കും അത്രയെങ്കിലും ആശ്വാസമാകും. വിപണി വിലയിലും അത് പ്രതിഫലിക്കും. സാധാരണക്കാന് തന്നെയാണ് ഫലത്തിൽ ഇത് ആശ്വാസമാകുമായിരുന്നത്. പക്ഷെ ന്യായീകരണ തൊഴിലാളികൾക്ക് ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യാതെ നിർവ്വാഹമില്ലല്ലോ..
advertisement
രണ്ടു മാസത്തനിടെ നികുതി വർധന രണ്ട് തവണ
കോവിഡ് കാരണം രാജ്യാന്തര വിപണയിൽ ക്രൂഡിന്റെ വിലയിടിഞ്ഞപ്പോൾ മാർച്ചിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ മൂന്ന് രൂപയുടെ വർധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ കടുംവെട്ട്. വിപണിയിലെ വിലയനുസരിച്ച് ഇന്ധന വിലയിൽ മാറ്റം വരുത്തുന്ന നയം കൊണ്ടുവന്നത് യുപിഎ സർക്കാരാണ്. ഈ നടപടിക്ക് മൻമോഹൻ സിങ് സർക്കാരിനെതിരെ കാളവണ്ടി പ്രതിഷേധം നയിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇപ്പോൾ ക്രൂഡിന്റെ വില ബാരലിന് 28.5 ഡോളറാണ്. 57 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഈ വിലകുറവിന്റെ ആനുകൂല്യം സാധാരണക്കാരന് കൈമാറുകയാണെങ്കിൽ കുറഞ്ഞത് ലിറ്ററിന് അറുപത് രൂപയ്ക്ക് പെട്രോളും 55 രൂപയ്ക്ക് ഡീസലും വിൽക്കാനാകുമായിരുന്നു. അതുണ്ടായില്ല. പകരം ലാഭം മുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. നോട്ട് നിരോധിച്ചപ്പോൾ ലഭിക്കുന്ന കള്ളപണം കൊണ്ട് ലിറ്ററിന് നാൽപത് രൂപയ്ക്ക് പെട്രോളും ഡീസലും വിൽക്കുമെന്ന് അവകാശപ്പെട്ടവരാണ് ന്യായമായ അനുകൂല്യം പോലും ലഭ്യമാക്കാതെ കോടികൾ കൊയ്യുന്നത്.
advertisement
advertisement
നികുതി വർധിപ്പിക്കാൻ പ്രത്യേക നിയമനിർമ്മാണവും നടത്തി
രാജ്യാന്തര വിപണിയിലെ വില കുറവ് നേട്ടമാക്കാൻ മാർച്ചിലാണ് ഫിനാൻസ് ആക്ടിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയത്. സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിക്കാനായിരുന്നു ഈ ഭേദഗതി. പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം വർധിപ്പിക്കാനാണ് ഭേദഗതി അനുമതി നൽകിയത്. ഈ ഭേദഗതിയോടെ സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ പെട്രോളിന് 18രൂപ വരെയും ഡീസലിന് 12 രൂപ വരെയും വർധിപ്പിക്കാനാകും. അതായത് എക്സൈസ്, അഡീഷണൽ എക്സൈസ് തീരുവ സർക്കാർ വീണ്ടും വർധിപ്പിക്കുമെന്ന് സാരം. ലിറ്ററിന് ഒരു രൂപ എക്സൈസ് തീരുവ വർധിപ്പിക്കുമ്പോൾ ഒരു വർഷം പതിനാലായിരം കോടിക്കടുത്താണ് സർക്കാരിന് ലഭിക്കുന്നത്. ഇപ്പോഴത്തെ ഈ വർധനയിലൂടെ ഈ സാമ്പത്തിക വർഷം 2.85 ലക്ഷം കോടിയാണ് ലഭിക്കുക. ഇതിന് പുറമെ പെട്രോളിനും ഡീസലിനും പ്രത്യേകം റോഡ് സെസ്സുമുണ്ട്. തട്ടി ചോദിക്കാൻ പോലും ആരുമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിൽ ഈ ലഭാം എന്തിന് സാധാരണക്കാരന് കൈമാറണം.
advertisement
എന്തിനായിരുന്നു തിടുക്കം
ഒന്നാം തിയതിയും പതിന‍ഞ്ചാം തിയതിയും വിപണിക്ക് അനുസരിച്ച് വില പുതുക്കി നിശ്ചയിക്കാനാണ് എണ്ണകമ്പനികൾക്ക് അനുവാദം നൽകിയിരുന്നത്. ഇടയ്ക്ക് അവരത് മറികടക്കുന്നുണ്ടെങ്കിലും. സർക്കാരിന് തീരുവയിൽ മാറ്റം വരുത്താൻ ഇതൊന്നും ബാധകമല്ല. കഴിഞ്ഞ തവണ എക്സൈസ് തീരുവ വർധിപ്പിച്ചത് മാർച്ച് 14നായിരുന്നു. ഇത്തവണ സർക്കാർ അങ്ങനെയൊരു തിയതിക്കും കാത്തുനിന്നില്ല. ബിജെപി ഭരിക്കുന്ന ഹരിയാനയും സഖ്യകക്ഷി ഭരിക്കുന്ന തമിഴ്നാടും ആംആദ്‌മി ഭരിക്കുന്ന ഡൽഹിയുമാണ് അതിന് കാരണം. ഇവർ പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന വാറ്റ് നികുതി വർധിപ്പിച്ചു. തമിഴ്നാട് പെട്രോളിന് മൂന്ന് രൂപ ഇരുപത്തിയഞ്ച് പൈസയും, ഹരിയാന ഒരു രൂപയും ഡൽഹി ഡീസലിന് ഏഴു രൂപ പത്ത് പൈസയും പെട്രോളിന് ഒരു രൂപ എഴുപത് പൈസയുമാണ് വർധിപ്പിച്ചത്. എണ്ണകമ്പനികൾ നൽകുന്ന വിലയുടെ പുറത്താണ് ഈ വർധനയെന്നതിനാൽ ഉപഭോക്താവിന് ഈ വിലവർധന ബാധകമാകും. ഇങ്ങനെ മറ്റു സംസ്ഥാനങ്ങൾ കൂടി പെട്രോളിനും ഡീസലിനുമുള്ള വാറ്റ് വർധിപ്പിച്ചാൽ പിന്നെ കേന്ദ്രസർക്കാരിന് എക്സൈസ് അഡീഷണൽ നികുതികൾ വർധിപ്പിക്കുക എളുപ്പമാവില്ല. മാത്രവുമല്ല വില കുറയ്ക്കാൻ വേണ്ടി ഈ നികുതികൾ കുറയ്ക്കാൻ നിബന്ധിതരുമാകുമായിരുന്നു. അത് മറികടക്കാനായിരുന്നു ഈ തിടുക്കം.
advertisement
ഏക പോംവഴി ജിഎസ്‌ടി
പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കാൻ ഏക മാർഗം ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടു വരിക എന്നതാണ്. കുറഞ്ഞപക്ഷം അനിയന്ത്രിതമായുള്ള വില വർധനയെങ്കിലും പിടിച്ചു നിറുത്താം. പക്ഷെ സംസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസുകളിലൊന്ന് പെട്രോളിനും ഡീസിലും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് നികുതിയാണ്. ഈ വരുമാനം വേണ്ടെന്ന് വയ്ക്കേണ്ടി വരും. കേന്ദ്രസർക്കാരിന്റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരു കണ്ണെങ്കിലും ദാനം നൽകേണ്ടി വരും.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
നികുതി വർധന: പെട്രോൾ- ഡീസൽ വില കൂടിയില്ല; എന്നാൽ ആശ്വസിക്കാറായോ?
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement