'അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ': ഷോൺ ജോർജ്

Last Updated:

ആ നാവിൽ നിന്ന് ഒരു പിഴവാക്ക് ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല,അത് എല്ലാവർക്കും അറിയാമായിരുന്നു... ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട..

ഷോൺ ജോർജ്
ഈ മനുഷ്യൻ എനിക്ക് ആരായിരുന്നുയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു ഉത്തരം നൽകാനാവില്ല….
തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളേജിൽ പി.ഡി.സിയ്ക്ക് പഠിക്കുന്നു കാലത്താണ് ഞാനും ബിനീഷുമായി അടുത്ത സൗഹൃദം ഉണ്ടാവുന്നത്. അന്നു മുതൽ ആ വീട്ടിലെ ഒരു അംഗമായി മാത്രമേ അദ്ദേഹം എന്നെയും കരുതിയിരുന്നത്. ഒരു മകന്റെ സ്നേഹവും വാത്സല്യവും കരുതലും അന്നും,ഇന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാനും ബിനീഷും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്. സ്വാഭാവികമായി ആ കാലഘട്ടത്തിൽ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്നങ്ങളും,പോലീസ് കേസുകളും,ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത്. അങ്കിൾ വീട്ടിൽ ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ചെല്ലുന്നത് കാരണം ആന്റിയുടെ കയ്യിൽ നിന്ന് ഞങ്ങൾക്ക് കിട്ടാനുള്ള ശകാരത്തിന് അങ്കിൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കിൽ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കളയും. അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്.എത്ര വലിയ പ്രശ്നങ്ങളെയും സംയമനത്തോടുകുടി ഒരു ചെറിയ പുഞ്ചിരിയോടെ നേരിടുന്ന ഒരു വ്യക്തിത്വം. അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ.
advertisement
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി എന്നും എന്നോട് ആ കരുതൽ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കലും എന്നോട് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചിരുന്നില്ല കാരണം അദ്ദേഹത്തോട് രാഷ്ട്രീയം സംസാരിക്കാനുള്ള യോഗ്യതയോ പ്രായമോ പക്വതയോ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല ഞാൻ. എറണാകുളത്ത് ഞാനും ബിനീഷും നിനുവും ഒരുമിച്ച് ഓഫീസ് തുടങ്ങുന്ന കാര്യം പറയുന്നതിനു വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ദീർഘനേരം സംസാരിച്ചപ്പോൾ ഞങ്ങൾ സജീവമായി പ്രൊഫഷണൽ രംഗത്തേക്ക് തിരികെ വരുന്നതിലുള്ള വലിയ സന്തോഷം പങ്കുവെക്കുകയും, അതോടൊപ്പം എന്നോട് രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നോട് പ്രൊഫഷനോടൊപ്പം നിർബന്ധമായും സജീവമായ രാഷ്ട്രീയ പ്രവർത്തനം തുടരണമെന്നും നിനക്ക് അതിന് കഴിയും എന്നും അദ്ദേഹം എന്നോട് സൂചിപ്പിച്ചു. അവിടെയും ഒരു പിതാവിന്റെ കരുതൽ എന്നോട് അദ്ദേഹം കാണിച്ചിരുന്നു..
advertisement
വ്യക്തി ജീവിതത്തിൽ ഇതുപോലെ ചിട്ട പുലർത്തിയിരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അങ്കിൾ കൃത്യമായി 4.30.ന് എഴുന്നേൽക്കും.കൃത്യമായി എന്നും വ്യായാമം ചെയ്യും.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതെ ഇതുപോലെ ചിട്ടയോടെ ജീവിച്ച ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ആ ചിട്ടകൾ പ്രകടമായിരുന്നു. എത്ര പ്രതിസന്ധിയുള്ള വിഷയങ്ങൾ നമ്മൾ ചെന്ന് പറയുമ്പോഴും ചെറുപുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വം. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും ഞാൻ ഇന്നുവരെയും അദ്ദേഹത്തിന്റെ അടുക്കൽ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എല്ലാ കാര്യത്തിനും അദ്ദേഹത്തിന്റെ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്റെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹവും ആ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരുന്നു.
advertisement
ഒരു കുടുംബാംഗം എന്ന നിലയിൽ കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ട വേദനയാണ് ഞങ്ങൾക്കെല്ലാവർക്കും.. ആ വലിയ പ്രഭാവം ഇല്ലാതായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
രണ്ടാം പിണറായി സർക്കാർ തിരിച്ചുവരുമെന്ന് എന്റെ മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം ഭരണത്തിൽ ഇരിക്കുമ്പോൾ സിപിഎം എന്ന സംഘടനയെ ഇതുപോലെ ചലിപ്പിച്ച ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ല. 2016-21 കാലഘട്ടം സംഘടന ഇതുപോലെ വളർന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ സംഘടനാപാടവം പാർട്ടിക്ക് ഏറെ ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ടാകണമല്ലോ കണ്ണൂർ പോലെ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ അദ്ദേഹത്തിന്റെ 35-ആം വയസ്സിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രഭാവം കൊണ്ട് തന്നെയാണ്. ഇന്നുവരെ ആ നാവിൽ നിന്ന് ഒരു പിഴവാക്ക് ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല,അത് എല്ലാവർക്കും അറിയാമായിരുന്നു...
advertisement
ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട....
(അഭിഭാഷകനും ജനപക്ഷം നേതാവും ജനപ്രതിനിധിയുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ': ഷോൺ ജോർജ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement