ചെങ്കോട്ടയിൽ കാവിച്ചുഴലി വീശിയപ്പോള്‍

Last Updated:
അഗർത്തല: മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച് ബി.ജെ.പി. കാൽനൂറ്റാണ്ടോളം ‘ചെങ്കോട്ട’യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര, ബി.ജെ.പി പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് 41 സീറ്റുകളുമായി വിജയക്കൊടി പാറിച്ചത്. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രഭാവം ത്രിപുരയിലെ ജനം ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂറില്‍ തന്നെ കാവിച്ചുഴലിയായി ചെങ്കോട്ടയുടെ ശക്തികേന്ദ്രങ്ങളിലെക്ക് ആഞ്ഞു വീശുകയായിരുന്നു ബിജെപി. ചരിത്രത്തിലാദ്യമായി സി.പി.എമ്മും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റും പിന്നിട്ടായിരുന്നു ബി.ജെ.പിയുടെ കുതിപ്പ്.
രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ സി.പി.എമ്മിനെ വിറപ്പിച്ചായിരുന്നു ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ ഏതാനും സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ‘സംപൂജ്യ’രായി.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടിയത്. ആകെയുള്ള 60 സീറ്റുകളില്‍ 59 സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ്. ഇടതുപക്ഷത്ത് സിപിഎം–56 സീറ്റിലും സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും മൽസരിച്ചു. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും മല്‍സരിച്ചു. ആരുമായും സഖ്യമില്ലാതെ കോൺഗ്രസ് 59 സീറ്റിൽ മല്‍സരിച്ചെങ്കിലും ഒരു സീറ്റു പോലും നേടിയില്ല. തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ മല്‍സരിച്ചിരുന്നു.
advertisement
കാൽനൂറ്റാണ്ടായി ഇടതുഭരണത്തിലായിരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയായിരുന്നു സി.പി.എം തുറുപ്പുചീട്ടാക്കിയത്. 2013ൽ, മൽസരിച്ച 50 സീറ്റിൽ 49ലും കെട്ടിവെച്ച പണം നഷ്ടമായ ബി.ജെ.പി, തൃണമൂലിന്റെ എം.എൽ.എമാരെ വിലയ്ക്കു വാങ്ങിയായിരുന്നു മുഖ്യപ്രതിപക്ഷമായത്.
മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലായിരുന്നു ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് മനസിലാക്കേണ്ടത്. മാറ്റത്തിന് തയ്യാറാവൂ എന്ന തങ്ങളുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തതായി നിയുക്തമുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ ദേബ് പ്രതികരിച്ചു.
advertisement
2008ലും 2013ലും നടന്ന തെരഞ്ഞെടുപ്പില്‍ 92 ശതമാനത്തോളമായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 74 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയില്‍ നിന്ന് ഇത്രവലിയ വെല്ലുവിളി സി.പി.എമ്മിന് നേരിടേണ്ടി വന്നത്. ബി.ജെ.പി ഇതുവരെ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് പോരിനിറങ്ങിയതും ബി.ജെ.പിക്ക് അനുകൂലമാവുകയായിരുന്നു.
ത്രിപുരയെ ഇനി ബിപ്ലബ് കുമാർ‌ ദേബ് നയിക്കും
advertisement
കാൽനൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ട തകർത്ത ബിജെപി, ത്രിപുര ഭരിക്കാൻ ആരെ നിയോഗിക്കുമെന്ന ചർച്ച സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തീരുമാനിച്ചാൽ വിപ്ലവമണ്ണിനെ ബിപ്ലബ് കുമാർ‌ ദേബ് ഭരിക്കും.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ് നാൽപത്തിയെട്ടുകാരനായ ബിപ്ലബ് കുമാർ‌ ദേബ്. 1998 മുതൽ ത്രിപുര കണ്ട ‘ദരിദ്രനായ മുഖ്യമന്ത്രി’ മണിക് സർക്കാരിനു പകരമെത്തുക ബിപ്ലബ് കുമാർ ആയിരിക്കുമെന്ന് ഏതാണ്ടുറപ്പാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതിനാൽ എത്രയും പെട്ടെന്നു സർക്കാരുണ്ടാക്കാനാണു ബിജെപിയുടെ തീരുമാനം.
advertisement
തലസ്ഥാനമായ അഗർത്തലയിലാണ് ബിപ്ലബ് കുമാർ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന ബിജെപിയെ പടുകൂറ്റൻ വിജയത്തിലേക്കു നയിച്ചതിൽ ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മുഖ്യമന്ത്രി പദത്തിലേക്കു ബിപ്ലബ് കുമാറിന് എതിരില്ലെന്നാണു പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
സർവേകളിൽ ജനപ്രിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണു ബിപ്ലബ്. ബിജെപിയിൽ സജീവമാകും മുൻപു സംഘപരിവാർ പ്രവർത്തകനായിരുന്ന ബിപ്ലവ്,ആർഎസ്‍എസുമായി അടുത്തബന്ധം പുലർത്തുന്നു. ഡൽഹിയിൽ ഏറെക്കാലം പ്രഫഷനൽ ജിം ഇൻസ്ട്രക്ടർ എന്ന നിലയിലും പ്രവർത്തിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ചെങ്കോട്ടയിൽ കാവിച്ചുഴലി വീശിയപ്പോള്‍
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement