രാമക്ഷേത പ്രതിഷ്ഠ: വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേന്ദ്രസർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്‍കരുതെന്ന് കേന്ദ്രസർക്കാർ മാധ്യമങ്ങൾക്ക് മാർഗനിർദ്ദേശം നല്‍കി
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മതസ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്‍കരുതെന്ന് കേന്ദ്രസർക്കാർ മാധ്യമങ്ങൾക്ക് മാർഗനിർദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾ സർക്കാർ കർശനമായി നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദ്ദേശം നല്‍കിയതായും സർക്കാർ അറിയിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് മൂന്ന് തട്ടുള്ള സുരക്ഷ നടപടികളാണ് അയോധ്യയിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും മാത്രം കമാൻഡോകൾ ഉൾപ്പടെ അയ്യായിരം സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ അയോധ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേർക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
advertisement
അതേസമയം അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചയ്ക്ക് 2:30 വരെ അവധിയായിരിക്കുമെന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം അറിയിച്ചു.
2024 ജനുവരി 22ന് അയോധ്യയിലെ രാംലല്ല പ്രാണ പ്രതിഷ്ഠ ഇന്ത്യയിലുടനീളം ആഘോഷിക്കും. ജീവനക്കാരെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനായാണ് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പല സംസ്ഥാന സർക്കാരുകളും തിങ്കളാഴ്ച പൊതു അവധിയോ ഉച്ചവരെ അവധിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
ജനുവരി 22ന് അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്
ഉത്തർപ്രദേശ് സർക്കാർ ജനുവരി 22ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഈ ദിവസത്തെ ‘ദേശീയ ഉത്സവം’ എന്ന് വിളിക്കുന്നുവെന്നും സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ജനുവരി 22ന് അടച്ചിടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഹരിയാന
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി ഹരിയാന സർക്കാർ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹരിയാനയിലെ സ്കൂളുകൾക്കും അവധിയായിരിക്കും.
ഗുജറാത്ത്
ജനുവരി 22ന് ഗുജറാത്തിലെ സർക്കാർ ഓഫീസുകൾ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ‘സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കുമെന്നാണ്‘ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
രാജസ്ഥാൻ
രാജസ്ഥാനിലും ഉച്ചവരെ അവധിയായിരിക്കും. വ്യാഴാഴ്ച രാത്രി ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ത്രിപുര
ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ ത്രിപുരയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ഉച്ചയ്ക്ക് 2:30 വരെ അവധിയായിരിക്കും.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ സർക്കാർ ഓഫീസുകൾക്കും ജനുവരി 22ന് ഉച്ചവരെ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അറിയിച്ചു. ഓഫീസുകൾ ഉച്ചയ്ക്ക് 2:30 വരെ അടച്ചിടും.
advertisement
അസം
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാരും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി സംസ്ഥാനത്ത് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും.
ഒഡീഷ
ജനുവരി 22ന് ഒഡീഷയിലെ സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധിയായിരിക്കുമെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. “അയോധ്യയിലെ രാം ലല്ല പ്രാണ പ്രതിഷ്ഠാ ചടങ്ങ് കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും സർക്കാർ ഓഫീസുകളും റവന്യൂ, മജിസ്‌റ്റീരിയൽ കോടതികളും (എക്‌സിക്യൂട്ടീവ്) 2024 ജനുവരി 22ന് (തിങ്കളാഴ്‌ച) ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്നും” സർക്കാർ അറിയിച്ചു.
advertisement
മഹാരാഷ്ട്ര
മഹാരാഷ്ട്ര സർക്കാർ ജനുവരി 22 പൊതു അവധിയായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം നൽകിയ അധികാരം വിനിയോഗിച്ച് ജനുവരി 22 ന് പൊതു അവധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
Location :
New Delhi,New Delhi,Delhi
First Published :
January 20, 2024 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത പ്രതിഷ്ഠ: വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേന്ദ്രസർക്കാർ


