അയോധ്യയ്ക്കൊപ്പം ജനുവരി 22ന് ഒഡീഷയിലും രാമക്ഷേത്രം തുറന്നു: ഫത്തേഗഡിലെ ക്ഷേത്രം പൂർത്തിയായത് ഏഴ് വർഷം കൊണ്ട്
- Published by:user_57
- news18-malayalam
Last Updated:
ഗ്രാമവാസികളിൽ നിന്നും സംസ്ഥാനത്തെ മറ്റ് ജനങ്ങളിൽ നിന്നും നടത്തിയ ധന സമാഹാരണത്തിലൂടെയാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) നേതൃത്വത്തിൽ അയോധ്യയിൽ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നപ്പോൾ ഒഡീഷയിൽ മറ്റൊരു രാമ ക്ഷേത്രവും ഭക്തർക്കായി തുറന്നു. ഒഡീഷയിലെ നയാഗർ ജില്ലയിലെ ഫത്തേഗഡ് ഗ്രാമത്തിൽ നിർമ്മിച്ച ഈ രാമക്ഷേത്രം അയോധ്യയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,800 അടി ഉയരത്തിലുള്ള കുന്നിൻ മുകളിലാണ് ക്ഷേത്രം. 165 അടിയാണ് ഈ ശ്രീരാമ ക്ഷേത്രത്തിന്റെ ഉയരം.
ഗ്രാമവാസികളിൽ നിന്നും സംസ്ഥാനത്തെ മറ്റ് ജനങ്ങളിൽ നിന്നും നടത്തിയ ധന സമാഹാരണത്തിലൂടെയാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്ര നിർമ്മാണത്തിന് ചെലവഴിച്ച തുകയിൽ പകുതിയും ഫത്തേഗഡ് നിവാസികളുടെ മാത്രം സംഭാവനയാണ്. 2017ൽ നിർമ്മാണം ആരംഭിച്ച ക്ഷേത്രം ഏഴ് വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. 150 ഓളം തൊഴിലാളികളാണ് നിരന്തരം ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സംസ്ഥാനത്തെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി ക്ഷേത്രം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാമവാസികൾ ചേർന്ന് ശ്രീരാം സേവാ പരിഷത്ത് എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ രാമ ക്ഷേത്രം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന ഗിരി ഗോവർദ്ധൻ എന്ന പ്രദേശത്ത് പണ്ട് വരൾച്ചയുടെ കാലത്ത് മഴ ലഭിക്കാനായുള്ള പ്രാർത്ഥനകൾ നടന്നിരുന്നതായി ഗ്രാമവാസികൾ പറയുന്നു.
advertisement
താരാ തരിണി (Tara Tarini), കോണാർക്ക് (Konark) എന്നീ ക്ഷേത്രങ്ങളുടെതിന് സമാനമായ ഈ രാമ ക്ഷേത്രം പരമ്പരാഗതമായ ഒഡിയ വസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചതാണ്. ക്ഷേത്ര ശ്രീകോവിലിന് മാത്രം 65 അടി ഉയരമുണ്ട്. ശ്രീകോവിലിന് ചുറ്റുമായി സൂര്യൻ, ശിവൻ, ഗണപതി, ഹനുമാൻ എന്നീ പ്രതിഷ്ഠകളുമുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
January 23, 2024 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യയ്ക്കൊപ്പം ജനുവരി 22ന് ഒഡീഷയിലും രാമക്ഷേത്രം തുറന്നു: ഫത്തേഗഡിലെ ക്ഷേത്രം പൂർത്തിയായത് ഏഴ് വർഷം കൊണ്ട്