• HOME
  • »
  • NEWS
  • »
  • sports
  • »
  • കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

ഇന്നത്തെ കളിയിൽ വിജയ സാധ്യത ആർക്ക്? കാര്യവട്ടത്ത് കളി കാര്യമാകുമോയെന്ന് അറിയാം

  • Share this:
പത്താം ക്ലാസിലെ പിള്ളേർ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് മുമ്പ് മോഡൽ പരീക്ഷ എഴുതുന്നതുപോലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരിക്കുന്നത്. അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോക ടി20 പോരാട്ടത്തിന് മുമ്പുള്ള അവസാനവട്ട ഒരുക്കമാണ് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പര. കാര്യവട്ടത്ത് കളി കാര്യമാകുമോയെന്ന് ഏവരും ഉറ്റുനോക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ...

1. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നു മത്സരങ്ങളാണുള്ളത്. അതിലെ ആദ്യ മത്സരമാണ് ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്. വൈകിട്ട് ഏഴു മണിമുതലാണ് മത്സരം. ഇന്ത്യയെ രോഹിത് ശർമ്മയും ദക്ഷിണാഫ്രിക്കയെ ടെംബ ബവുമയുമാണ് നയിക്കുന്നത്.

2. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ വിജയമാണ് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. ബാറ്റിങ് നിരയുടെ കരുത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ എന്നിവരൊക്കെ മികച്ച ഫോമിലാണ്. എന്നാൽ കെ എൽ രാഹുലും റിഷഭ് പന്തും മികവിലേക്ക് ഉയരാത്തതാണ് പ്രശ്നം.

3. ലോകകപ്പിന് മുമ്പ് ബോളിങ് നിര താളം വീണ്ടെടുക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ഇന്ത്യൻ ക്യാംപിന് അറിയാം. ഓസ്ട്രേലിയയ്ക്കെതിരെ പേസ് ബോളർമാർ നിരാശപ്പെടുത്തിയിരുന്നു. വലിയ സ്കോർ നേടിയിട്ടും പ്രതിരോധിക്കാനാകാത്തവിധം ബോളിങ് നിര പരാജയപ്പെട്ടു. പരിക്ക് മാറിയെത്തിയ സ്ട്രൈക്ക് ബോളർ ജസ്പ്രിത് ബുംറയ്ക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.

4. മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്നതാണ് ദക്ഷിണാഫ്രിക്കൻ ടീം. ഐപിഎല്ലിൽ ഉൾപ്പടെ ഇന്ത്യൻ മണ്ണിൽ തിളങ്ങാറുള്ള ക്വിന്‍റൺ ഡികോക്കും ഡേവിഡ് മില്ലറും അപകടകാരികൾ തന്നെ. എന്നാൽ ഏറെ ഭയക്കേണ്ടത് അവരുടെ പുത്തൻ താരോദയം 22കാരൻ ട്രിസ്റ്റൻ സ്റ്റബ്സിനെയാണ്.

5. ദക്ഷിണാഫ്രിക്കയുടെ ബോളർമാരിൽ കാഗിസോ റബാഡ തന്നെയാണ് അപകടകാരി. ആൻറിച്ച് നോർജെയും ടബ്രയിസ് ഷംസിയും മികവ് കാട്ടുന്നവരാണ്. ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജ് കാര്യവട്ടത്തെ പിച്ചിൽ തിളങ്ങാനാകുമെന്നാണ് സന്ദർശകരുടെ പ്രതീക്ഷ.

6. ഹാർദിക്കിന് വിശ്രമം ലഭിക്കുകയും ദീപക് ഹൂഡയ്ക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. ദിനേഷ് കാർത്തിക്കിന് പകരം ഋഷഭ് പന്തിനെ തിരികെ കൊണ്ടുവന്ന് അഞ്ച് ബൗളർമാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യത തള്ളാനാകില്ല. ഓപ്പണറായി രോഹിതും രാഹുലും തന്നെ തുടരും. തുടർന്ന് കോഹ്ലിയും സൂര്യകുമാർ യാദവും എത്തും. ഓസ്ട്രേലിയയ്ക്കെതിരെ തിളങ്ങാതിരുന്ന ബോളിങ് നിരയ്ക്കാകും ഇന്ത്യ പ്രാമുഖ്യം നൽകുക. മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരുമായാകും ഇന്ത്യ ഇറങ്ങുക.

7. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇതുവരെ രണ്ട് ടി20 മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതിലൊന്ന് മഴമൂലം എട്ട് ഓവറാക്കി ചുരുക്കി. അതിനാൽ ഇവിടുത്തെ പിച്ചിന്‍റെ സ്വഭാവം ഇപ്പോഴും അജ്ഞാതമാണ്. ബുധനാഴ്ച രാത്രി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Also Read- IND vs SA | കാര്യവട്ടത്ത് കനത്ത സുരക്ഷക്രമീകരണങ്ങള്‍; കുട, കറുത്ത കൊടി എന്നിവയ്ക്കെല്ലാം വിലക്ക്

8. 2019 ൽ, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പൂർത്തിയാക്കാനായ ടി20 മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത് ആ അവസരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് വിജയിച്ചു. ശിവം ദുബെയുടെ 30 പന്തിൽ 54 റൺസെടുത്ത മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 170 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെൻഡൽ സിമ്മൺസിന്റെ അർധസെഞ്ചുറിയാണ് വീൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 17 സിക്‌സറുകൾ പിറന്നു. ഇരു ടീമുകൾക്കും ഒമ്പത് വിക്കറ്റുകൾ നഷ്ടമായി, അതിൽ അഞ്ചെണ്ണം സ്വന്തമാക്കിയത് സ്പിന്നർമാരാണ്.

9. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടു മത്സരങ്ങളിൽ ഒരു തവണ ആദ്യം ബാറ്റുചെയ്ത ടീമും മറ്റൊരുതവണ രണ്ടാമത് ബാറ്റുചെയ്ത ടീമും വിജയിച്ചു. ഇവിടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് കരീബിയൻതാരം ലെൻഡിൽ സിമ്മൺസാണ്(67). 2017ൽ ന്യൂസിലാൻഡിനെതിരെ ഒമ്പത് റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഇവിടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയത്. കാര്യവട്ടത്തെ ഏറ്റവും ഉയർന്ന ടീം സ്കോർ 2019 ഇന്ത്യയ്ക്കെതിരെ വിൻഡീസ് നേടിയ രണ്ടിന് 173 റൺസാണ്. ഇവിടെ ആദ്യം ബാറ്റുചെയ്തവർ നേടിയ ശരാശരി സ്കോർ 170 റൺസാണ്.

10. കാര്യവട്ടത്ത് ഇന്ത്യൻ താരങ്ങളെ കാത്ത് മൂന്ന് നേട്ടങ്ങൾ. ടി20യിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹലിന് എത്താം. നിലവിൽ ഭുവനേശ്വർകുമാറിനും ചാഹലിനും 85 വിക്കറ്റ് വീതമാണുള്ളത്. ഒരു കലണ്ടർ വർഷം ഇന്ത്യയ്ക്കായി ടി20യിൽ ഏറ്റവുമധികം റൺസെന്ന നാഴികക്കല്ല് മറികടക്കാൻ സൂര്യകുമാർ യാദവിന് ഏഴ് റൺസു കൂടി നേടിയാൽ മതി. ശിഖർ ധാവനെയാണ് ഇക്കാര്യത്തിൽ യാദവിന് മറികടക്കാനാകുക. ശിഖർ ധവാൻ 2018 സീസണിൽ 689 റൺസെടുത്തിരുന്നു. സൂര്യകുമാർ യാദവ് ഈ കലണ്ടർ വർഷം 20 മത്സരങ്ങളിൽനിന്ന് 683 റൺസ് നേടിയിട്ടുണ്ട്. നൂറാം ടി20 മത്സരം കളിക്കാനിറങ്ങുന്ന കോഹ്ലിയെ കാത്തും ഒരു റെക്കോർഡുണ്ട്. 100 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയ ബാറ്റർമാരിൽ ഏറ്റവുമധികം റൺസ് നേടിയ താരമായി കോഹ്ലി ഇന്ന് മാറും. നിലവിൽ മാർട്ടിൻ ഗുപ്ടിൽ നേടിയ 2967 റൺസാണ് ഈ പട്ടികയിൽ മുന്നിൽ എന്നാൽ കോഹ്ലി ഇപ്പോൾത്തന്നെ 99 മത്സരങ്ങളിൽനിന്ന് 3660 റൺസ് അടിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് ഗ്രീൻഫീൽഡിൽ കളിക്കാൻ ഇറങ്ങുന്നതോടെ ഈ റെക്കോർഡ് കോഹ്ലിയുടെ പേരിലായി മാറും.
Published by:Anuraj GR
First published: