IPL 2021| തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താം; പ്രതീക്ഷയോടെ മൂന്ന് ഇന്ത്യന്‍ താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇത്തവണ തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇത്തവണ ഹോം ഗ്രൗണ്ടിന്റെ ആധിപത്യം ഒരു ടീമിനും നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കാനുള്ളതിനാൽ എല്ലാ താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്.
ഇതിൽ പല താരങ്ങളും അവരുടെ ദേശീയ ടീമിലേക്ക് ഒരു വിളിക്കായി കാത്തുനിൽക്കുന്നു. എന്നാല്‍ ഇത്തവണ തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ആര്‍ അശ്വിൻ
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് സ്പിന്നറാണ് ആര്‍ അശ്വിന്‍. ബുദ്ധിപൂര്‍വം പന്തെറിയുന്ന അശ്വിന്‍ നിലവില്‍ ഇന്ത്യയുടെ ഏകദിന ടി-20 ടീമുകൾക്ക് പുറത്താണ്. 2017ലാണ് അവസാനമായി ഇന്ത്യക്കായി അദ്ദേഹം പരിമിത ഓവറില്‍ കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന അശ്വിന്‍ ഇത്തവണ തിളങ്ങിയാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.
advertisement
നിലവിലെ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് തങ്ങളുടെ പരിപൂർണ്ണ മികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ല. ടി-20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ മികച്ചൊരു സ്പിന്നറെ ഇന്ത്യക്ക് ആവശ്യമുണ്ട്.
ഇന്ത്യയുടെ ഈ സ്പിൻ സഖ്യം പരാജയമാവുന്നത് കൊണ്ട് അശ്വിനെ ടീമിലേക്ക് തിരിച്ച് വിളിക്കണമെന്ന് പല മുതിർന്ന താരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്പിന്നർമാരുടെ ഗുണനിലവാരം കുറയുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും എന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരമായ ലക്ഷ്മണും രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ അശ്വിന് തിളങ്ങാനായാൽ ഇന്ത്യന്‍ ടി-20 ടീമിലേക്ക് ഉള്ള ഒരു തിരിച്ച് വരവ് താരത്തിന് സ്വപ്നം കാണാം.
advertisement
മനീഷ് പാണ്ഡേ
എല്ലാ ഐപിഎല്‍ സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മനീഷ് പാണ്ഡേ. ഇന്ത്യക്കായി ടി-20യും ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ മനീഷിന് സാധിച്ചില്ല. മനീഷിന് പകരം നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തിളങ്ങിയതോടെ മനീഷ് പാണ്ഡേയുടെ ദേശീയ ടീമിലെ ഇടം നഷ്ടമായി. ഇത്തവണ തിളങ്ങാനായാല്‍ മനീഷിന് ടി-20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറി അവരുടെ കഴിവ് തെളിയിച്ചു കൊണ്ട് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചതിനാൽ ഗംഭീര പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ മനീഷിന് തിരിച്ചുവരവ് സാധ്യമാകൂ.
advertisement
വിജയ് ശങ്കര്‍
ത്രീ ഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ കളിപ്പിച്ച താരമാണ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ വിജയ് ശങ്കര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കും. കാരണം ഹാര്‍ദിക് പാണ്ഡ്യക്ക് പകരം മറ്റൊരു മീഡിയം പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്കുണ്ട്.
നല്ല പ്രകടനം കാഴ്ചവച്ചാൽ സിലക്ടർമാർക്ക് വിജയ് ശങ്കറിൻ്റെ പേര് പരിഗണിക്കാതെ മറ്റു മാർഗമുണ്ടാവില്ല. ശിവം ദുബെയ്ക്കും സാധ്യതകളുണ്ട്. മധ്യനിരയില്‍ വിജയ് ശങ്കര്‍ ഹൈദരാബാദിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാണെങ്കിലും ഐപിഎല്ലില്‍ തിളങ്ങിയാല്‍ ചിലപ്പോള്‍ പരിഗണിക്കപ്പെട്ടേക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2021 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താം; പ്രതീക്ഷയോടെ മൂന്ന് ഇന്ത്യന്‍ താരങ്ങൾ


