ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൻെറ (Indian Football Team) ഈയടുത്ത കാലത്തെ നേട്ടങ്ങൾക്ക് പിറകിൽ ജ്യോതിഷത്തിന് (Astrology) വല്ല പങ്കുമുണ്ടോ? എഎഫ്സി ഏഷ്യൻ കപ്പ് (AFC Asian Cup) ക്വാളിഫയറിൽ സുനിൽ ഛേത്രിയും സംഘവും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭാഗ്യം ടീമിന് ലഭിക്കാൻ എല്ലാ ശ്രമങ്ങളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ ടീമിന് പ്രചോദനം നൽകുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനായി 16 ലക്ഷം രൂപയാണ് മുടക്കിയത്.
എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയ 24ൽ ഒരു ടീമാണ് ഇന്ത്യ. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ടീം യോഗ്യത നേടിയത്. കംബോഡിയക്കെതിരെ 2-0ൻെറ വിജയവുമായി ആയിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് അഫ്ഗാനിസ്ഥാനെ 2-1നും ഹോങ്കോങ്ങിനെ 4-0നും തോൽപ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയെടുത്തത്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്.
“ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വേണ്ടി ഒരു മോട്ടിവേറ്ററെ നിയമിച്ചിട്ടുണ്ട്. ഒരു ജ്യോതിഷ സ്ഥാപനമാണ് ടീമിന് പ്രചോദനം നൽകാനായി കരാർ ഒപ്പിട്ടിരിക്കുന്നത്,” ടീമുമായി ബന്ധപ്പെട്ട ഒരാൾ പിടിഐയോട് പറഞ്ഞു. “വ്യക്തമായി പറഞ്ഞാൽ ടീമിനെ പ്രചോദിപ്പിക്കുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചിരിക്കുകയാണ്. 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജ്യോതിഷ സ്ഥാപനം ടീം അംഗങ്ങൾക്ക് മൂന്ന് സെഷനാണ് നൽകിയത്. എന്നാൽ ഇത്തരം ക്ലാസ്സുകളെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് കൊൽക്കത്തക്കാരനായ ഒരു ഇന്ത്യൻ താരം പറഞ്ഞു. താൻ വൈകിയാണ് ടീമിനൊപ്പം ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഐഎഫ്എഫ് ജനറൽ സെക്രട്ടറി സുനന്ദോ ധർ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയ്യാറായില്ല. മുൻ ഇന്ത്യൻ ഗോൾകീപ്പർ തനുമയ് ബോസ് എഐഎഫ്എഫിൻെറ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
“യൂത്ത് ലീഗുകളും ടൂർണമെൻറുകളും കൃത്യമായി നടത്താൻ പോലും തയ്യാറാവാത്ത ഫുട്ബോൾ ഫെഡറേഷൻ ഇത്തരം കാര്യങ്ങളുടെ പുറകേ പോവുന്നത് ഇന്ത്യൻ ഫുട്ബോളിൻെറ നല്ല പേര് കളയാൻ മാത്രമേ ഉപകരിക്കുകയുള്ളൂ,” ബോസ് പിടിഐയോട് പറഞ്ഞു. വിശദമായി അന്വേഷണം നടത്തി ആരെല്ലാമാണ് ഇതിൻെറ ഉത്തരവാദികളെന്ന് കണ്ടെത്തണം. നിരവധി അഴിമതികൾ ഇത് പോലെ പുറത്ത് വന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫുട്ബോൾ ഫെഡറേഷൻെറ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേൽ പുറത്തായതോടെ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള മൂന്നംഗ സമിതിയാണ് ഇപ്പോൾ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ഇത്തരത്തിലുള്ള വിശ്വാസങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ പിടികൂടുന്നത് ഇതാദ്യമായിട്ടല്ല. ഡൽഹി ആസ്ഥാനമായുള്ള ഒരു ക്ലബ്ബ് ഒരു പ്രധാന ലീഗ് മത്സരം ജയിക്കാൻ മീററ്റ് സ്വദേശിയായ ബാബയുടെ സഹായം തേടിയത് വാർത്തയായിരുന്നു. മത്സരം ജയിച്ചപ്പോൾ ടീം ക്രെഡിറ്റ് ബാബയ്ക്ക് നൽകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.