ഇന്റർഫേസ് /വാർത്ത /Sports / 'രഹാനെയ്ക്ക് ടീമില്‍ നൈറ്റ് വാച്ച്മാന്റെ റോളോ?', താരത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ആരാധകര്‍

'രഹാനെയ്ക്ക് ടീമില്‍ നൈറ്റ് വാച്ച്മാന്റെ റോളോ?', താരത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ആരാധകര്‍

News18

News18

മധ്യനിര താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയുമാണ് വിമര്‍ശനം നേരിടുന്നവരില്‍ പ്രമുഖര്‍.

  • Share this:

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 364 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ അസംതൃപ്തിയാണ്. മധ്യനിര താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയുമാണ് വിമര്‍ശനം നേരിടുന്നവരില്‍ പ്രമുഖര്‍.

ഇതില്‍ത്തന്നെ രഹാനെയ്ക്കെതിരേയാണ് ഭൂരിഭാഗം ആരാധകരും. ഒരു ദിവസം രാത്രി നോട്ട്ഔട്ട് ആകാതിരിക്കുക മാത്രമാണോ ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെയുടെ പണിയെന്നാണ് ആരാധകരുടെ ചോദ്യം. നൈറ്റ് വാച്ച്മാന്‍ ആയി നിന്ന ശേഷം തൊട്ടടുത്ത ദിവസം അതിവേഗം ഔട്ട് ആകുകയാണ് രഹാനെ ചെയ്യുന്നതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 23 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്താണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ രഹാനെ പുറത്തായത്.

ഇന്ത്യന്‍ ടീമില്‍ നിന്നും ഉപനായക സ്ഥാനത്തു നിന്നും രഹാനെയെ ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടിയ ശേഷം രഹാനെയ്ക്ക് ഇതുവരെ മികച്ച പ്രകടനം നടത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ രഹാനെയെ ഒഴിവാക്കി ഉപനായക സ്ഥാനം മറ്റേതെങ്കിലും താരത്തിന് നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. ഏകദിന ഉപനായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, യുവതാരം റിഷഭ് പന്ത് എന്നിവരാണ് ആരാധകരുടെ പരിഗണനയില്‍ ഉള്ളവര്‍.

ടെസ്റ്റിലും ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ച രോഹിതിനാണ് പിന്തുണ കൂടുതല്‍. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ പരിമിത ഓവറില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിതാണ്. ടെസ്റ്റിലും ഇതേ മികവോടെ ടീമിനെ നയിക്കാന്‍ രോഹിതിന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പൂജാരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിയിരുന്നു. 23 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമാണ് പൂജാര നേടിയത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ നാല് റണ്‍സ് മാത്രം എടുത്താണ് പൂജാര പുറത്തായത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നത് മാത്രമാണ് നേരിയ ആശ്വാസം. ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതില്‍ എന്ന നിലയിലാണ് പൂജാരയെ ആരാധകര്‍ കണ്ടിരുന്നത്. എന്നാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അടക്കം പൂജാര നിരാശപ്പെടുത്തി.

ലോര്‍ഡ്‌സ് ടെസ്റ്റിലെ ഒന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ അതേ പ്രകടനം തുടരാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 129 റണ്‍സോടെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായപ്പോള്‍ 83 റണ്‍സുമായി രോഹിത് മികച്ച പിന്തുണയേകി.

രണ്ടാം ദിനത്തില്‍ 276-3 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 364 റണ്‍സിന് പുറത്തായി. രണ്ടാം ദിനത്തില്‍ തങ്ങളുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 88 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്ത് വിട്ടത്. ഇന്ത്യന്‍ മധ്യനിരയില്‍ ജഡേജ (40), പന്ത് (37) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്.

First published:

Tags: Ajinkya Rahane (vc), India vs England 2nd Test