ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. ഇത്തവണത്തെ ഐപിഎല്ലില്‍ വളരെയധികം കിരീടപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ഒരു ടീമാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബി ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെയുണ്ട് ആര്‍സിബി. എന്നാല്‍ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു മുമ്പ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് സുന്ദറിന്റെ പിന്മാറ്റം. പകരക്കാരനായി നിലവില്‍ ടീമിനൊപ്പം നെറ്റ് ബൗളര്‍മാരില്‍ ഒരാളായ ആകാശ് ദീപ് വരുമെന്നാണ് വിവരം. ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സുന്ദറിന്റെ കൈവിരലിനു പൊട്ടലേറ്റത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി കൗണ്ടി ഇലവനെതിരേ ഇന്ത്യ സന്നാഹ മല്‍സരം കളിച്ചിരുന്നു. ഈ കളിക്കിടെയായിരുന്നു താരത്തിന്റെ കൈവിരലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ടെസ്റ്റ് പരമ്ബരയില്‍ കളിക്കാനാവാതെ വാഷിങ്ടണ്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഒക്ടോബറില്‍ യുഎഇയില്‍ തന്നെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും വാഷിങ്ടണ്‍ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരിക്കുകയാണ്.
അതേസമയം ബാംഗ്ലൂര്‍ ടീം രണ്ടാം പാദ മത്സരങ്ങള്‍ക്കായി ടീമിലെത്തിച്ച ലെഗ് സ്പിന്നര്‍ വനിന്ദു ഹസരങ്കയ്ക്കും, ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയ്ക്കും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവാദം നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ താരമായ ഹസരങ്കയെ ഓസ്ട്രേലിയന്‍ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാനിയന്‍ സാംസിന് പകരമാണ് ചമീര വരുന്നത്. അടുത്തിടെ ഇന്ത്യന്‍ ടീം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആര്‍സിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം ഐപിഎല്ലില്‍ നിന്നും രണ്ട് ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചിരുന്നതായി ഹസരങ്ക വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മികവില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക ടി20 പരമ്പര കൈക്കലാക്കിയിരുന്നു
സെപ്റ്റംബര്‍ 15 മുതല്‍ ഐ പി എല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ സമയമാവുമ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ലങ്കന്‍ പര്യടനം അവസാനിക്കും. ഒക്ടോബര്‍ 10ന് ഇരുവരും ലങ്കന്‍ ടീമിനൊപ്പം തിരികെ ചേരണം എന്ന വ്യവസ്ഥയും ഉണ്ട്. ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്‍പായുള്ള സന്നാഹ മത്സരത്തില്‍ കളിക്കാനായാണ് ഇത്.
സെപ്റ്റംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് രണ്ടാം പാദത്തിലെ അവരുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബര്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.