• HOME
 • »
 • NEWS
 • »
 • sports
 • »
 • Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം

Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം

എല്ലാംകൊണ്ടും ക്രിക്കറ്റ് മൈതാനാത്തിന് വേറിട്ട കാഴ്ചകൾ സമ്മാനിച്ചയാളാണ് ആൻഡ്രൂ സൈമണ്ട്സ്. തന്റെ ബാഗി ഗ്രീൻ തൊപ്പിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കിടക്കുന്ന പ്രത്യേകതരം ഹെയർസ്റ്റൈലിലുള്ള മുടിയും വെളുത്ത സിങ്ക് ക്രീം പുരട്ടിയ ചുണ്ടുകളും സൈമണ്ട്സിനെ ശ്രദ്ധേയനാക്കി.

Andrew-Symonds

Andrew-Symonds

 • Share this:
  കരുത്തുറ്റ ബാറ്റർ, നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തി ബ്രേക്ക് സമ്മാനിക്കുന്ന ബോളർ, പറന്നു പിടിക്കുന്ന ക്യാച്ചുകളും നൊടിയിടയിലുള്ള ഡയറക്ട് ഹിറ്റ് റണ്ണൌട്ടുകളും- ഇതൊക്കെയാണ് ആൻഡ്രൂ സൈമണ്ട്സിനെക്കുറിച്ച് (Andrew Symonds) മനസിലേക്ക് കടന്നുവരുന്ന ചില നല്ല നിമിഷങ്ങൾ. ശനിയാഴ്ച രാത്രിയിലുണ്ടായ കാറപകടത്തിൽ സൈമണ്ട്സ് എന്ന 46കാരൻ അന്തരിച്ചതോടെ ക്രിക്കറ്റിനെ മനസറിഞ്ഞ് സ്നേഹിച്ച രണ്ടായിരത്തിന്‍റെ ആദ്യ പതിറ്റാണ്ടിലെ ആരാധകർക്ക് അത് കണ്ണീരോർമ്മയായി മാറും.

  എല്ലാംകൊണ്ടും ക്രിക്കറ്റ് മൈതാനാത്തിന് വേറിട്ട കാഴ്ചകൾ സമ്മാനിച്ചയാളാണ് ആൻഡ്രൂ സൈമണ്ട്സ്. തന്റെ ബാഗി ഗ്രീൻ തൊപ്പിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കിടക്കുന്ന പ്രത്യേകതരം ഹെയർസ്റ്റൈലിലുള്ള മുടിയും വെളുത്ത സിങ്ക് ക്രീം പുരട്ടിയ ചുണ്ടുകളും സൈമണ്ട്സിനെ ശ്രദ്ധേയനാക്കി. സ്പിന്നറായും മീഡിയം പേസറായും പന്തെറിഞ്ഞിരുന്നയാളാണ് സൈമണ്ട്സ് എന്ന 6 അടി 2 ഇഞ്ച് (1.87 മീറ്റർ) ഉയരമുള്ള ഈ ഓൾറൗണ്ടർ. ഓസീസ് ക്രിക്കറ്റിന്‍റെ പ്രതാപകാലത്ത് നിശ്ചിത ഓവർ മത്സരങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായിരുന്നു സൈമണ്ട്സ്.

  ഏറെ താരപദവിയുള്ളപ്പോഴും സൈമണ്ട്സ് ഗ്രൗണ്ടിൽ ഒരു നിസ്സാരക്കാരനായും അത്ലറ്റിക് വേഗത്തിൽ ഫീൽഡ് ചെയ്യുന്നവനുമായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പന്ത് കൈപ്പിടിയിലാക്കുകയും ഡയറക്ട് ഹിറ്റ് ത്രോകളിലൂടെ എതിർ ബാറ്റ്സ്മാനെ റണ്ണൌട്ടാക്കുന്നതിലും മിടുക്കനായിരുന്നു ഓസീസ് ടീമിനകത്ത് റോയ് എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന സൈമണ്ട്സ്. ഓസ്‌ട്രേലിയയുടെ 2003, 2007 ഏകദിന ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായിരുന്നു അദ്ദേഹം. ഏകദിന കരിയറിൽ 39.75 ശരാശരിയിൽ 133 വിക്കറ്റുകളും 5,088 റൺസും സൈമണ്ട്സ് നേടി നേടി.

  ടെസ്റ്റിൽ, കൂടുതലും ആറാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം, 40.61 എന്ന താരതമ്യേന മികച്ച ശരാശരിയിൽ 1,462 റൺസ് നേടി, രണ്ട് സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് സൈമണ്ട്സിന്‍റെ ടെസ്റ്റ് കരിയർ. ടെസ്റ്റിൽ 24 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2008-ലെ സിഡ്‌നി ന്യൂ ഇയർ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സ് - എന്നാൽ ആ മത്സരത്തിൽ പിന്നീട് പൊട്ടിപ്പുറപ്പെട്ട “മങ്കിഗേറ്റ്” വിവാഹം ക്രിക്കറ്റിന് തന്നെ നാണക്കേടായി മാറി.

  മൂന്നാം ദിനത്തിൽ സ്പിന്നർ ഹർഭജൻ സിംഗ് തന്നെ "കുരങ്ങൻ" എന്ന് വിളിച്ചതായി സൈമണ്ട്സ് ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ചെങ്കിലും ഹർഭജനെ മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നാലെ ഇന്ത്യ പര്യടനം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വിലക്ക് റദ്ദാക്കി. ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധം ഏറ്റവും മോശൺ അവസ്ഥയിലെത്തിയ സമയമായിരുന്നു ഇത്.

  Also Read- Andrew Symonds | ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ് അന്തരിച്ചു; മരണം വീടിനടുത്തുണ്ടായ കാറപകടത്തിൽ

  സൈമണ്ട്സ് 1975 ജൂൺ 9 ന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ജനിച്ചു, മാതാപിതാക്കളായ കെനും ബാർബറയും 15 മാസം പ്രായമുള്ളപ്പോൾ അവനെ ദത്തെടുക്കുകയായിരുന്നു. താമസിയാതെ അവർ ഓസ്‌ട്രേലിയയിലേക്ക് മാറി, വടക്കൻ ക്വീൻസ്‌ലാന്റിലെ ഗ്രാമീണ പട്ടണമായ ചാർട്ടേഴ്‌സ് ടവറിൽ സ്ഥിരതാമസമാക്കി. 1990 കളുടെ തുടക്കത്തിൽ സ്കൂൾ കുട്ടിയായിരുന്ന സൈണ്ട്സ് കായികരംഗത്ത് ശ്രദ്ധേയനായി. തുടക്കത്തിൽ ബാസ്ക്കറ്റ് ബോൾ താരമാകാനായിരുന്നു ഇഷ്ടപ്പെട്ടത്. എന്നാൽ പിന്നീട് ക്രിക്കറ്റിലേക്ക് മാറുകയായിരുന്നു.1995-ൽ, ഇംഗ്ലണ്ട് എയിൽ കളിക്കാനുള്ള തന്റെ ജന്മനാട്ടിൽ നിന്നുള്ള വിളി അദ്ദേഹം നിരസിച്ചു, മൂന്ന് വർഷത്തിന് ശേഷം പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്കായി ഏകദിന അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.

  2003 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് സൈമണ്ട്സിന്‍റെ കരിയറിൽ ബ്രേക്കായത്. റിക്കി പോണ്ടിംഗിന്റെ നിർദ്ദേശപ്രകാരം ഒരു അപ്രതീക്ഷിത സെലക്ഷൻ ആയിരുന്നു ലോകകപ്പിലേത്. എന്നാൽ സൈമണ്ട്സ് തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയിലൂടെ ക്യാപ്റ്റന്റെ വിശ്വാസത്തിന് ഉചിതമായ പ്രതിഫലം നൽകി.

  എക്കാലത്തെയും മികച്ച ബോളർമാരായ വസിം അക്രം, ഷോയിബ് അക്തർ, വഖാർ യൂനിസ്, ഷാഹിദ് അഫ്രീദി എന്നിവരെ അന്ന് സൈമണ്ട്സ് അടിച്ചുപറത്തി. ജോഹന്നാസ്ബർഗിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സിൽ അദ്ദേഹം നേടിയത് 143 റൺസ്. ഈ പ്രകടനത്തോടെ ടീമിൽ സൈമണ്ട്സിന്റെ സ്ഥാനം ഉറപ്പിച്ചു.

  ലോകം അറിയുന്ന ക്രിക്കറ്ററായി മാറിയപ്പോഴും ലളിതമായി ജീവിതത്തെ നോക്കിക്കണ്ടയാളാണ് സൈമണ്ട്സ്. വയലിൻ വായിക്കാനും അവധി ദിവസങ്ങളിൽ കുടുംബത്തിനൊപ്പം ഒരു ബിയർ കഴിച്ചുകൊണ്ട് ചൂണ്ടയിടാൻ പോകുന്നതുമൊക്കെയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്, എന്നിരുന്നാലും മദ്യപാനം അദ്ദേഹത്തിന്‍റെ കരിയർ നശിപ്പിച്ചുവെന്ന കാര്യം വിസ്മരിക്കാനാകില്ല. 2005-ൽ, ഇംഗ്ലണ്ടിൽ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനായി അദ്ദേഹം എത്തിയത് തലേന്ന് രാത്രി മദ്യപിച്ചാണ്. 2009 ജൂണിൽ, "മദ്യപാനവുമായി ബന്ധപ്പെട്ട ഒരു സംഭവം" കാരണം ഇംഗ്ലണ്ടിൽ നടന്ന ട്വന്റി20 ലോകകപ്പിൽ നിന്ന് സൈമണ്ട്‌സിനെ നാട്ടിലേക്ക് അയച്ചു, കൂടാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കരാറിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

  ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കാൻ ചാർജേഴ്‌സിനും മുംബൈ ഇന്ത്യൻസിനുമൊപ്പം കളിച്ചതിന് ശേഷം, സൈമണ്ട്സ് 2011-ൽ വിരമിച്ചു. ഇതിന് ശേഷം കമന്ററി ബോക്സിൽ പരിചിതമായ ശബ്ദമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്ലൗസെസ്റ്റർഷെയർ, കെന്റ്, സറേ എന്നിവയ്ക്കായി ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലും അദ്ദേഹം കളിച്ചു. ലോറയാണ് സൈമണ്ട്സിന്‍റെ ഭാര്യ. ഇവർക്ക് രണ്ട് കൊച്ചുകുട്ടികളുണ്ട്, ക്ലോ, ബില്ലി എന്നിവർ.
  Published by:Anuraj GR
  First published: