ഗാബയില്‍ നടക്കുന്ന ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തുടക്കത്തിലെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 147 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. 39 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.
ജോഷ് ഹെയ്സ്ല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, പേസ് ത്രയത്തിന്റെ മിന്നലാക്രമണം ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി സമ്മാനിച്ചു. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ബേണ്‍സിന്റെ കുറ്റിതെറിപ്പിച്ച് കൊണ്ട് സ്റ്റാര്‍ക്ക് ആദ്യ പ്രഹരം നല്‍കുകയായിരുന്നു. പിന്നാലെ നാലാം ഓവറില്‍ ഡേവിഡ് മലാനെ വിക്കറ്റ് കീപ്പറിന്റെ കൈകളില്‍ എത്തിച്ച് ഹെയ്സ്ല്‍വുഡും വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.
നാലമനായി ക്രീസില്‍ എത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. നേരിട്ട ഒമ്പതാം പന്തില്‍ പൂജ്യം റണ്‍സില്‍ പുറത്തായി. ഹെസ്ല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റോക്സ് 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനായിരുന്നു വിക്കറ്റ്.
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് കമ്മിന്‍സും സംഘവും സന്ദര്‍ശകരെ ചുരുട്ടിക്കെട്ടുകയായിരുന്നു. ഒല്ലി പോപ് 35 റണ്‍സ് നേടി. ക്രിസ് വോക്സ് 21 റണ്‍സും ഹസീബ് ഹമീദ് 25 റണ്‍സും നേടി.
ഓസ്ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മാലന്, ജോ റൂട്ട്(ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ഓലി പോപ്, ജോസ് ബട്ട്ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.